പഞ്ചാബ് ടീമില്‍ നടക്കുന്ന കാര്യങ്ങള്‍ അത്ര നല്ലതല്ല, കളിക്കാന്‍ ഇഷ്ടമില്ലാത്ത ടീം ആണ് പഞ്ചാബ്; അവര്‍ എന്നെ ടീമില്‍ എടുത്താല്‍ ഞാന്‍ മികച്ച രീതിയില്‍ കളിക്കില്ല; മാക്‌സ്‌വെല്ലിന് പിന്നാലെ പഞ്ചാബിനെതിരെ ഗുരുതര ആരോപണവുമായി കൃഷ്ണപ്പ ഗൗതം

Update: 2024-11-24 08:00 GMT

ഐപിഎല്‍ 2025 മെഗാ ലേലത്തിന് മണിക്കൂറുകള്‍ ശേഷിക്കെ, തന്റെ മുന്‍ ഫ്രാഞ്ചൈസി പഞ്ചാബ് കിംഗ്സിനെ കുറിച്ച് ചില സ്ഫോടനാത്മക വെളിപ്പെടുത്തലുകള്‍ നടത്തി കൃഷ്ണപ്പ ഗൗതം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. ഓഫ് സ്പിന്നര്‍ ഇതിനകം ഒന്നിലധികം ഐപിഎല്‍ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. എന്തായാലും ഇപ്പോള്‍ പഞ്ചാബിനെതിരെ അദ്ദേഹം രംഗത്ത് വന്നിരിക്കുകയാണ്.

ഇന്ന് ജിദ്ദയില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ 2025 മെഗാ ലേലത്തിന് ഒരു ദിവസം മുമ്പ് ഫ്രാഞ്ചൈസിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചേക്കാവുന്ന ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിന്റെ ഭാഗമായതിന്റെ ഭയാനകമായ അനുഭവം ഒരു പോഡ്കാസ്റ്റില്‍ സംസാരിച്ച കൃഷ്ണപ്പ ഗൗതം പങ്കുവെച്ചു.

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിന് പുറമെ മുംബൈ ഇന്ത്യന്‍സ് (എംഐ), രാജസ്ഥാന്‍ റോയല്‍സ് (ആര്‍ആര്‍), ലഖ്നൗ സൂപ്പര്‍ ജയന്റ്സ് (എല്‍എസ്ജി), ചെന്നൈ സൂപ്പര്‍ കിംഗ്സ് (സിഎസ്‌കെ) എന്നിവയുടെ ഭാഗമായി താരം കളിച്ചിട്ടുണ്ട്. 2017 മുതല്‍ മൂന്ന് വ്യത്യസ്ത ഐപിഎല്‍ ടീമുകളെ പ്രതിനിധീകരിച്ച ഗൗതം 36 മത്സരങ്ങളില്‍ മാത്രമാണ് താരം കളിച്ചത്.

മറ്റെല്ലാ ടീമുകളുമായി തനിക്ക് നല്ല ബന്ധം ഉണ്ടായിരുന്നു എന്നും എന്നാല്‍ പഞ്ചാബ് അങ്ങനെയല്ല എന്നും പറഞ്ഞ താരം പഞ്ചാബ് ടീമില്‍ നടക്കുന്ന കാര്യങ്ങള്‍ അത്ര നല്ലതല്ല എന്നും പറഞ്ഞു. കളിക്കാന്‍ ഇഷ്ടമില്ലാത്ത ടീം ആണ് പഞ്ചാബ് എന്നും അവര്‍ ലേലത്തില്‍ തന്നെ ടീമില്‍ എടുത്താല്‍ നന്നായി കളിക്കില്ല എന്നും പറഞ്ഞ ഗൗതം സംസാരിച്ചത് ഇങ്ങനെ : ''ഞാന്‍ പഞ്ചാബ് കിംഗ്സ് എന്ന് പറയും. ഞാന്‍ വളരെ സത്യസന്ധനാണ്.

എനിക്ക് അവരുമായി നല്ല അനുഭവം ഉണ്ടായിട്ടില്ല. വേറെയും കാര്യങ്ങളുണ്ട്; അത് ക്രിക്കറ്റിന്റെ മാത്രം കാര്യമല്ല. ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയില്‍ ഞാന്‍ പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന രീതിയല്ല ഇത്. ഞാന്‍ ഒരു ടീമിനായി കളിക്കുമ്പോള്‍, ഞാന്‍ എല്ലായ്‌പ്പോഴും ടീമിനായി 100% ത്തില്‍ കൂടുതല്‍ നല്‍കുന്നു; എന്നാല്‍ പഞ്ചാബ് കിംഗ്സിന് എന്നെ തിരഞ്ഞെടുത്താല്‍ (ഐപിഎല്‍ 2025 മെഗാ ലേലത്തില്‍) ഞാന്‍ 100 ശതമാനത്തില്‍ കൂടുതല്‍ അവര്‍ക്ക് നല്‍കില്ല. കൃഷ്ണപ്പ ഗൗതം മാത്രമല്ല നേരത്തെ മാക്സ്വെല്ലും പഞ്ചാബില്‍ താന്‍ അനുഭവിച്ച ബുദ്ധിമുട്ടിനെതിരെ പ്രതികരിച്ചിരുന്നു.

Tags:    

Similar News