രാജസ്ഥാന്‍ ഇനി റോയലാകുമോ? രാജസ്ഥാന്‍ റോയല്‍സ് പരിശീലക സ്ഥാനത്ത് തിരിച്ചെത്തി കുമാര്‍ സംഗക്കാര; ടീമിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് സ്ഥാനത്തും തുടരും

രാജസ്ഥാന്‍ ഇനി റോയലാകുമോ?

Update: 2025-11-17 11:24 GMT

ജയ്പുര്‍: ഐപിഎല്‍ പോരാട്ടങ്ങളുടെ പുതിയ സീസണിലേക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി രാജസ്ഥാന്‍ റോയല്‍സ് കുമാര്‍ സംഗക്കാരയെ മുഖ്യ പരിശീലകനായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്ഥനമൊഴിഞ്ഞ രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരനായാണ് സംഗക്കാര ടീമിന്റെ പരിശീലക സ്ഥാനം വീണ്ടും ഏറ്റെടുക്കുന്നത്. നിലവില്‍ ടീമിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് സ്ഥാനം സംഗയ്ക്കുണ്ട്. ഈ റോള്‍ തുടരും. ഇതിനൊപ്പമാണ് ലങ്കന്‍ ഇതിഹാസം മുഖ്യ പരിശീലകന്റെ റോളില്‍ തിരിച്ചെത്തിയത്.

കഴിഞ്ഞ ഒറ്റ സീസണില്‍ മാത്രമാണ് ദ്രാവിഡ് രാജസ്ഥാന്റെ മുഖ്യ പരിശീലകനായത്. ടീമിന്റെ പ്രകടനം ആശാവഹമായില്ല. പല മത്സരങ്ങളും വിജയിക്കുമെന്ന തോന്നലുളവാക്കിയ ശേഷം അവര്‍ അവിശ്വസനീയമാം വിധം പരാജയപ്പെടുന്ന കാഴ്ചയായിരുന്നു. പരിശീലക സ്ഥാനത്തു തുടരാന്‍ താത്പര്യമില്ലെന്നു ദ്രാവിഡ് വ്യക്തമാക്കിയതോടെയാണ് സംഗക്കാരയിലേക്ക് തന്നെ പദവി തിരിച്ചെത്തിയത്.

നേരത്തെ 2021 മുതല്‍ 2024 വരെ ടീമിന്റെ മുഖ്യ കോച്ചായിരുന്ന ശേഷമാണ് സംഗക്കാര ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് സ്ഥാനത്തേക്ക് മാറിയത്. 2022ല്‍ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ സംഗയുടെ തന്ത്രങ്ങള്‍ വിജയിച്ചിരുന്നു.

ദീര്‍ഘ നാളത്തെ ബന്ധം അവസാനിപ്പിച്ച് മലയാളി താരം സഞ്ജു സാംസണ്‍ ടീമിന്റെ പടിയിറങ്ങിയിരുന്നു. താരത്തെ 18 കോടിയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്സാണ് സ്വന്തമാക്കിയത്. പകരം രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവരെ വിട്ടുനല്‍കിയാണ് ചെന്നൈ സഞ്ജുവിനെ സ്വന്തമാക്കിയത്. പിന്നാലെയാണ് സംഗക്കാരയുടെ ഇരട്ട റോളുകളുടെ പ്രഖ്യാപനം വന്നത്.

Tags:    

Similar News