ജേക്കബ് ബെഥലിനെ തടയാനാകാതെ വിയര്‍ത്ത് ഇന്ത്യന്‍ ബൗളര്‍മാര്‍; അടിവാങ്ങി തളര്‍ന്ന് വരുണ്‍ ചക്രവര്‍ത്തിയും അര്‍ഷദ്വീപും; നിര്‍ണായക ഘട്ടത്തില്‍ അവതരിച്ചു ബും ബും.. ബുമ്ര; ഇംഗ്ലീഷ് വിജയം തടുത്തത് ബുമ്ര എറിഞ്ഞ 18ാം ഓവര്‍; 499 റണ്‍സ് പിറന്ന മത്സരത്തില്‍ ഇന്ത്യയെ വിജയ തീരത്തിലേക്ക് എത്തിച്ചത് സ്റ്റാര്‍ പേസറുടെ മികവ്

നിര്‍ണായക ഘട്ടത്തില്‍ അവതരിച്ചു ബും ബും.. ബുമ്ര

Update: 2026-03-05 17:57 GMT

മുംബൈ: വാങ്കഡെയിലെ റണ്‍മല കയറാനെത്തിയ ഇംഗ്ലണ്ടിനെ അവസാന നിമിഷത്തില്‍ ഇന്ത്യ തടഞ്ഞത് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയുടെ മികവില്‍. ജസ്പ്രീത് ബുമ്രയെന്ന മാന്ത്രിക സ്‌പെല്ലാണ് ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത്. ബാറ്റര്‍മാരുടെ പറുദീസയമായ വാങ്കഡെയില്‍ ആകെ പിറന്നത് 499 റണ്‍സാണ്. ഈ പോരാട്ടത്തില് 7 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ജേക്കബ് ബെഥലിന്റെ തകര്‍പ്പന്‍ സെഞ്ചുറിയും വരുണ്‍ ചക്രവര്‍ത്തിയും അര്‍ഷ്ദീപും വഴങ്ങിയ റണ്‍സും ഇന്ത്യയെ ഒരു ഘട്ടത്തില്‍ പ്രതിരോധത്തിലാക്കിയെങ്കിലും, 18-ാം ഓവറില്‍ ബുമ്ര നടത്തിയ അവിശ്വസനീയ സ്‌പെല്ലാണ് മത്സരഗതി മാറ്റിയത്.

ബെഥല്‍ കൊടുങ്കാറ്റ്; വിയര്‍ത്ത് ഇന്ത്യന്‍ ബൗളര്‍മാര്‍

ഇന്ത്യ ഉയര്‍ത്തിയ 254 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനായി ജേക്കബ് ബെഥല്‍ ക്രീസിലുടനീളം സംഹാരതാണ്ഡവമാടി. വരുണ്‍ ചക്രവര്‍ത്തിയെ ഒരേ ഓവറില്‍ മൂന്ന് തവണ സിക്‌സറിന് പറത്തി ബെഥല്‍ ഇന്ത്യന്‍ ബൗളിംഗ് നിരയെ സമ്മര്‍ദ്ദത്തിലാക്കി. വരുണും അര്‍ഷ്ദീപും റണ്ണുകള്‍ വിട്ടുകൊടുക്കാന്‍ മടി കാട്ടാതിരുന്നതോടെ ഇംഗ്ലണ്ട് അനായാസം വിജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിച്ചു. 48 പന്തില്‍ 105 റണ്‍സെടുത്ത ബെഥല്‍ പൊരുതിയതോടെ ഇന്ത്യന്‍ ആരാധകര്‍ ആശങ്കയിലായി.

വഴിത്തിരിവായ ബുമ്രയുടെ 18-ാം ഓവര്‍

മത്സരം ഇംഗ്ലണ്ടിന്റെ കൈപ്പിടിയിലൊതുങ്ങുമെന്ന് തോന്നിച്ച നിര്‍ണ്ണായക ഘട്ടത്തിലാണ് രോഹിത് ശര്‍മ്മ പന്ത് ജസ്പ്രീത് ബുമ്രയെ ഏല്‍പ്പിച്ചത്. 18-ാം ഓവര്‍ എറിയാനെത്തിയ ബുമ്ര വെറും 6 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. സിക്‌സറുകളും ഫോറുകളും പ്രവഹിച്ച മത്സരത്തില്‍ ബുമ്രയുടെ ഈ കൃത്യതയാര്‍ന്ന ഓവര്‍ ഇംഗ്ലണ്ടിന്റെ താളം തെറ്റിച്ചു. ഇതോടെ അവസാന രണ്ട് ഓവറില്‍ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 39 ആയി ഉയര്‍ന്നു. ആകെ നാലോവറില്‍ 33 റണ്‍സ് വഴിങ്ങിയ ബുമ്ര ഒരു വിക്കറ്റെടുത്തു. ബുമ്രയെ മാത്രമാണ് ഇംഗ്ലണ്ട് നേരിടാന്‍ ഭയന്നതും.

ആവേശം അവസാന ഓവര്‍ വരെ

ഇന്ത്യ ഉയര്‍ത്തിയ 254 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെടുത്തു. സെഞ്ചറി നേടിയ ജേക്കബ് ബെതല്‍ 48 പന്തില്‍ 105 റണ്‍സെടുത്തെങ്കിലും ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. വില്‍ ജാക്‌സ് (20 പന്തില്‍ 35), ജോസ് ബട്‌ലര്‍ (17 പന്തില്‍ 25), ജോഫ്ര ആര്‍ച്ചര്‍ (നാലു പന്തില്‍ 19) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഫില്‍ സോള്‍ട്ട് (അഞ്ച്), ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് (ആറു പന്തില്‍ ഏഴ്), ജോസ് ബട്‌ലര്‍ (17 പന്തില്‍ 25) എന്നിവരുടെ വിക്കറ്റുകളാണ് പവര്‍പ്ലേ തീരുംമുന്‍പേ ഇന്ത്യ വീഴ്ത്തിയത്. സ്‌കോര്‍ 13ല്‍ നില്‍ക്കെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ഫില്‍ സോള്‍ട്ടിനെ ഹാര്‍ദിക് പാണ്ഡ്യ ബോള്‍ഡാക്കി. ഹാരി ബ്രൂക്ക് ജസ്പ്രീത് ബുമ്രയുടെ പന്തില്‍ ബൗണ്ടറിക്കു ശ്രമിച്ചപ്പോള്‍ തകര്‍പ്പനൊരു ക്യാച്ചിലൂടെ അക്ഷര്‍ പട്ടേല്‍ പുറത്താക്കി.

വരുണ്‍ ചക്രവര്‍ത്തിയെറിഞ്ഞ ആറാം ഓവറിലെ മൂന്നു പന്തുകള്‍ തുടര്‍ച്ചയായി ജേക്കബ് ബെതല്‍ സിക്‌സര്‍ പറത്തി.പിന്നാലെ സ്‌ട്രൈക്ക് മാറിയെത്തിയ ജോസ് ബട്‌ലറെ ബോള്‍ഡാക്കിയാണ് വരുണ്‍ ചക്രവര്‍ത്തി ഇംഗ്ലണ്ടിനു മറുപടിയൊരുക്കിയത്. പവര്‍പ്ലേയില്‍ 68 റണ്‍സടിച്ച ഇംഗ്ലണ്ട് 8.1 ഓവറില്‍ 100 പിന്നിട്ടു. ടോം ബാന്റനെ അക്ഷര്‍ പട്ടേല്‍ബോള്‍ഡാക്കിയെങ്കിലും പിന്നാലെയെത്തിയ വില്‍ ജാക്‌സ്, ബെതലിനൊപ്പം ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കുകയായിരുന്നു. 77 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. സ്‌കോര്‍ 172 ല്‍ നില്‍ക്കെ സിക്‌സടിക്കാനുള്ള വില്‍ ജാക്‌സിന്റെ ശ്രമം പാളി. ബൗണ്ടറി ലൈനില്‍ വച്ച് പന്തു പിടിച്ചെടുത്ത അക്ഷര്‍പട്ടേല്‍, ബൗണ്ടറിക്കപ്പുറത്തേക്കു വീഴുംമുന്‍പ് പന്ത് ശിവം ദുബെയ്ക്ക് ഇട്ടുകൊടുത്തു. ദുബെ അതു പിടിച്ചെടുത്തതോടെ ഇംഗ്ലണ്ടിന് അഞ്ചാം വിക്കറ്റും നഷ്ടം.

ജസ്പ്രീത് ബുമ്രയെറിഞ്ഞ 18ാം ഓവറില്‍ ഇംഗ്ലണ്ടിന് ആറു റണ്‍സെടുക്കാന്‍ മാത്രമാണു സാധിച്ചത്. ഇതോടെ ഇംഗ്ലണ്ടിന് 12 പന്തില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 39 റണ്‍സ്. ഹാര്‍ദിക് പാണ്ഡ്യയുടെ 19ാം ഓവറിലെ ആദ്യ പന്തില്‍ സിക്‌സടിച്ച് ജേക്കബ് ബെതല്‍ സെഞ്ചറിയിലെത്തി. തൊട്ടുപിന്നാലെ സാംകറനെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കി. അവസാന ഓവറില്‍ 30 റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ട്, ആദ്യ പന്തില്‍തന്നെ ജേക്കബ് ബെതല്‍ റണ്ണൗട്ടായതോടെ തോല്‍വി സമ്മതിച്ച മട്ടായി. ശിവം ദുബെയുടെ അവസാന രണ്ട് പന്തുകളും ജോഫ്ര ആര്‍ച്ചര്‍ സിക്‌സടിച്ചെങ്കിലും അപ്പോഴേക്കും വിജയലക്ഷ്യം ഇംഗ്ലണ്ടിന് എത്തിപ്പിടിക്കാവുന്നതിലും അപ്പുറമെത്തിയിരുന്നു.

500 വിക്കറ്റ് ക്ലബ്ബില്‍ ബുമ്ര

മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിലെ ഗാലറികളെ ആവേശക്കടലാക്കി മാറ്റി ജസ്പ്രീത് ബുമ്ര അഞ്ഞൂറാം വിക്കറ്റ് തികച്ചപ്പോള്‍, ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ ടി20 ലോകകപ്പിന്റെ ഫൈനലില്‍. രാജ്യാന്തര ക്രിക്കറ്റില്‍ 500 വിക്കറ്റുകള്‍ തികയ്ക്കുന്ന എട്ടാമത്തെ ഇന്ത്യന്‍ ബൗളറായ ബുമ്ര, ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ പേസ് ബൗളറെന്ന ബഹുമതിയും സ്വന്തമാക്കി.

ഇംഗ്ലണ്ട് നായകന്‍ ഹാരി ബ്രൂക്കിനെ അക്‌സര്‍ പട്ടേലിന്റെ കൈകളിലെത്തിച്ചാണ് ബുമ്ര 'അഞ്ഞൂറിന്റെ ക്ലബ്ബില്‍' അംഗമായത്. ബുമ്രയുടെ കൃത്യതയാര്‍ന്ന സ്ലോവര്‍ ബോളില്‍ കുടുങ്ങി ബാറ്റുയര്‍ത്തിയ ബ്രൂക്കിന് പിഴച്ചു. കവറില്‍ അക്‌സര്‍ പട്ടേല്‍ എടുത്ത മനോഹരമായ ഡൈവിംഗ് ക്യാച്ച് ബുമ്രയെ റെക്കോര്‍ഡ് പുസ്തകത്തിലേക്ക് നയിച്ചു.

അനില്‍ കുംബ്ലെ (953), രവിചന്ദ്രന്‍ അശ്വിന്‍ (744), ഹര്‍ഭജന്‍ സിങ് (711), കപില്‍ ദേവ് (687), സഹീര്‍ ഖാന്‍ (610), ജവഗല്‍ ശ്രീനാഥ് (551), രവീന്ദ്ര ജഡേജ (545) എന്നിവര്‍ മാത്രമാണ് ബുമ്രയ്ക്ക് മുന്‍പേ ഈ വിക്കറ്റ് വേട്ടയില്‍ മുന്നിലുള്ളത്. ടെസ്റ്റില്‍ 234 വിക്കറ്റുകളും ഏകദിനത്തില്‍ 149 വിക്കറ്റുകളും ടി20യില്‍ 117 വിക്കറ്റുകളും ഉള്‍പ്പെടെയാണ് ബുമ്ര ഈ അപൂര്‍വ്വ നേട്ടത്തിലെത്തിയത്.

Tags:    

Similar News