കറക്കിവീഴ്ത്തി ഹര്‍ഷ ഭരദ്വാജ്; പത്ത് ഓവറില്‍ വെറും 10 റണ്‍സിന് മംഗോളിയയെ എറിഞ്ഞിട്ടു; ആദ്യ ഓവറില്‍ തന്നെ വിജയറണ്‍ കുറിച്ച് സിംഗപ്പൂര്‍

മംഗോളിയ പത്ത് റണ്‍സിന് പുറത്ത്; ആദ്യ ഓവറില്‍ വിജയറണ്‍ കുറിച്ച് സിംഗപ്പൂര്‍

Update: 2024-09-05 12:17 GMT

ബംഗി: അന്താരാഷ്ട്ര ട്വന്റി 20 മത്സരത്തിലെ ഏറ്റവും ചെറിയ സ്‌കോറെന്ന നാണക്കേട് ഇനി മംഗോളിയ ക്രിക്കറ്റ് ടീമിന് കൂടി സ്വന്തം. സിംഗപ്പുരിനെതിരേ വ്യാഴാഴ്ച നടന്ന ഐസിസി ട്വന്റി 20 ലോകകപ്പ് ഏഷ്യന്‍ യോഗ്യതാ മത്സരത്തിലാണ് മംഗോളിയ വെറും 10 റണ്‍സിന് ഓള്‍ഔട്ടായത്. 11 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സിംഗപ്പുര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ വെറും അഞ്ചു പന്തില്‍ ലക്ഷ്യത്തിലെത്തി.

2023 ഫെബ്രുവരിയില്‍ സ്‌പെയിനിനെതിരേ 10 റണ്‍സിന് ഓള്‍ഔട്ടായ ഐല്‍ ഓഫ് മെന്‍ ടീമിന്റെ പേരിലായിരുന്ന അന്താരാഷ്ട്ര ടി20-യിലെ ഏറ്റവും ചെറിയ സ്‌കോറെന്ന നാണക്കേട് ഇനി മംഗോളിയയും പങ്കിടും. സ്പെയിനിനെതിരേ വെറും 8.4 ഓവറുകള്‍ മാത്രമായിരുന്നു അന്ന് ഐല്‍ ഓഫ് മെന്‍ ടീമിന്റെ ഇന്നിങ്സ് നീണ്ടത്.

നാല് ഓവറില്‍ വെറും മൂന്ന് റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷ ഭരദ്വാജാണ് മംഗോളിയ ടീമിനെ നാണക്കേടിലേക്ക് തള്ളിവിട്ടത്. അക്ഷയ് പുരി രണ്ടു വിക്കറ്റ് വീഴ്ത്തി. മംഗോളിയ ടീമിലെ അഞ്ചു പേര്‍ സംപൂജ്യരായിരുന്നു.

ആദ്യ ഓവറില്‍ തന്നെ 17കാരനായ ഹര്‍ഷ ഭരദ്വാജിന് രണ്ട് വിക്കറ്റുകള്‍ നേടാന്‍ സാധിച്ചിരുന്നു. മംഗോളിയന്‍ നിരയില്‍ അഞ്ച് താരങ്ങള്‍ റണ്‍സെടുക്കാതെ പുറത്തായി. അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും ചെറിയ നാല് സ്‌കോറുകളില്‍ മൂന്നും മംഗോളിയയുടെ അക്കൗണ്ടിലാണ്. രണ്ട് റണ്‍സ് വീതമെടുത്ത ഗാണ്ടംബെരേല്‍ ഗാന്‍ബോള്‍ഡ്, സോജാഖ്ളാന്‍ എന്നിവരാണ് മംഗോളിയയുടെ ടോപ് സ്‌കോറര്‍മാര്‍. പവര്‍ പ്ലേയില്‍ മാത്രം അഞ്ച് റണ്‍സിന് ഏഴ് വിക്കറ്റ് അവര്‍ക്ക് നഷ്ടമായിരുന്നു.

മറുപടി ബാറ്റിംഗില്‍ ആദ്യ പന്തില്‍ തന്നെ സിംഗപ്പൂരിന് ആദ്യ വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗാണ് (0) മടങ്ങിയത്. വില്യം സിംപ്സണ്‍ (6), റൗള്‍ ശര്‍മ (7) പുറത്താവാതെ നിന്നു. ഗ്രൂപ്പില്‍ നാല് മത്സരങ്ങളും പരാജയപ്പെട്ട മംഗോളിയ അവസാന സ്ഥാനത്താണ്. നാലില്‍ നാലും ജയിച്ച ഹോംഗ് കോംഗാണ് എട്ട് പോയിന്റുമായി ഒന്നാമത്. നാല് മത്സരങ്ങളില്‍ ഇത്രയും പോയിന്റുള്ള കുവൈറ്റ് രണ്ടാം സ്ഥാനത്ത്. റണ്‍റേറ്റ് അടിസ്ഥാനത്തിലാണ് ഹോംഗ് കോങ് ഒന്നാമതെത്തിയത്. മലേഷ്യ മൂന്നാമതും സിംഗപ്പൂര്‍ നാലാം സ്ഥാനത്തുമാണ്.

Tags:    

Similar News