'മിന്നു മണി മാജിക്'; പിന്നിലേക്കോടി, പന്തില്‍ നിന്ന് ഒരിക്കലും കണ്ണ് തെറ്റിക്കാതെ, മുഴുനീള ഡൈവിലൂടെ പിടികൂടിയത് ക്യാപ്റ്റന്റെ ക്യാച്ച്; മികച്ച അത്‌ലറ്റിക് ക്യാച്ചുമായി മലയാളി താരം; വീഡിയോ വൈറല്‍

Update: 2024-12-16 09:27 GMT

വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ഒന്നാം ട്വന്റി 20യില്‍ 49 റണ്‍സിന്റെ വിജയം നേടിയിരിക്കുകയാണ് ഇന്ത്യന്‍ വനിതകള്‍. മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ മലയാളി താരം മിന്നു മണിക്ക് ഇടമുണ്ടായിരുന്നില്ല. എന്നാല്‍ മത്സര ഫലത്തെ സ്വാധീനിച്ച രണ്ട് നിര്‍ണായക ക്യാച്ചുകളാണ് സബ്സ്റ്റ്യൂട്ടായി കളത്തിലെത്തി മിന്നു മണി കൈപ്പിടിയിലൊതുക്കിയത്. വിന്‍ഡീസ് ക്യാപ്റ്റനും ഓപണറുമായ ഹെയ്ലി മാത്യൂസിനെ പുറത്താക്കിയ ഇന്ത്യന്‍ സ്പിന്നറുടെ സൂപ്പര്‍ ക്യാച്ച് എല്ലാ അളവുകോല്‍ വച്ചും പരിശോധിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍.

മനോഹരമായ റണ്ണിങ് ക്യാച്ച് ആയിരുന്നു അത്. അതോടൊപ്പം ഡൈവിങ് ക്യാച്ചും. എന്നാല്‍, അതൊന്നുമല്ല ക്യാച്ചിന്റെ പ്രധാന സവിശേഷത. ഉയര്‍ന്നു പൊങ്ങിയ പന്തിന് പിന്നാലെ ഓടിയാണ് കൈപ്പിടിയില്‍ ഒതുക്കിയത്. ദിശ മനസിലാക്കി അതിവേഗത്തില്‍ ഓടുമ്പോഴും പന്തില്‍ നിന്ന് ഒരിക്കലും കണ്ണ് തെറ്റിക്കാതെയുള്ള മിന്നുമണിയുടെ മൂവ്മെന്റ് അതിശയകരമായിരുന്നു. ഓട്ടത്തിനൊടുവില്‍ ശ്രമകരമായി മുഴുനീള ഡൈവ് ചെയ്താണ് മിന്നുമണി ക്യാച്ച് പൂര്‍ത്തിയാക്കിയത്. മികച്ച അത്‌ലറ്റിക് ക്യാച്ച് ആയി ഇത് അടയാളപ്പെടുത്തപ്പെട്ടു.

മിന്നു മണി മാജിക് എന്ന അടിക്കുറിപ്പോടെ ക്യാച്ചിന്റെ വീഡിയോ ബിസിസിഐ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്. മിന്നുമണിയുടെ പ്രതികരണവും ഹെഡ് കോച്ച് അമോല്‍ മജുംദാര്‍, ഫീല്‍ഡിങ് കോച്ച് മുനിഷ് ബാലി, സഹതാരം രാധാ യാദവ് എന്നിവരുടെ പ്രതികരണങ്ങളും ഇതോടൊപ്പം നല്‍കി.

ആണ്‍കുട്ടികള്‍ക്കൊപ്പം നാട്ടിന്‍പുറത്ത് ക്രിക്കറ്റ് കളിക്കുമ്പോള്‍ ഫീല്‍ഡ് ചെയ്യാനാണ് മിക്കപ്പോഴും നിയോഗിക്കപ്പെട്ടിരുന്നതെന്ന് മിന്നു മണി പറയുന്നു. ആ പരിശീലനമാണ് അത്‌ലറ്റിക് ക്യാച്ചിന് സഹായകമായത്. ബാറ്റിങ്, ബൗളിങ് എന്നിവയേക്കാള്‍ ഫീല്‍ഡിങ് ആണ് കൂടുതല്‍ ആസ്വദിക്കുന്നതെന്നും മിന്നു മണി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News