'നിങ്ങൾ കളിക്കുകയാണെങ്കിൽ പൂർണഹൃദയത്തോടെ കളിക്കുക, കൈകൊടുക്കുന്നതിലെ പ്രശ്നം എന്താണെന്ന് മനസ്സിലാകുന്നില്ല'; കളിക്കളത്തിൽ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്ന് മുഹമ്മദ് അസ്ഹറുദ്ദീൻ

Update: 2025-09-21 11:35 GMT

മുംബൈ: ഏഷ്യ കപ്പിലെ ഇന്ത്യ പാക്കിസ്ഥാൻ മത്സരത്തിലെ ഹസ്തദാന വിവാദത്തിൽ പ്രതികരിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ. ഇന്ത്യൻ താരങ്ങൾ പാകിസ്താൻ കളിക്കാരുടെ ഹസ്തദാനം നിരസിച്ചുവെന്ന പരാതിയെ തുടർന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) ഐ.സി.സിക്ക് പരാതി നൽകിയിരുന്നു. ഈ വിഷയത്തിലാണ് മുഹമ്മദ് അസ്ഹറുദ്ദീനും മുൻ താരം നിഖിൽ ചോപ്രയും ടി.വി ചാനൽ ചർച്ചയിൽ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ചത്.

മത്സരശേഷം ഹസ്തദാനം ചെയ്യുന്നതിൽ തെറ്റില്ലെന്ന് മുഹമ്മദ് അസ്ഹറുദ്ദീൻ പറഞ്ഞു. 'നിങ്ങൾ കളിക്കുകയാണെങ്കിൽ, പൂർണഹൃദയത്തോടെ കളിക്കുക. അത് കൈകൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ആകട്ടെ. അതിലെ പ്രശ്നം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. പ്രതിഷേധമായി മത്സരത്തെ കാണരുത്,' അദ്ദേഹം കൂട്ടിച്ചേർത്തു.

'കളിക്കളത്തിൽ രാഷ്ട്രീയത്തിന് സ്ഥാനമില്ല. കളിക്കാർ അവരുടെ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമിക്കേണ്ടത്, ഇത്തരം വിഷയങ്ങളിൽ വ്യക്തമായ നിലപാട് സ്വീകരിക്കാൻ ബിസിസിഐ പോലുള്ള പ്രധാന ക്രിക്കറ്റ് ബോർഡുകൾക്ക് ബാധ്യതയുണ്ട്' എന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, മുൻ ഓൾറൗണ്ടർ നിഖിൽ ചോപ്ര മറ്റൊരു കാഴ്ചപ്പാടാണ് അവതരിപ്പിച്ചത്. മത്സരത്തിനിടെ ഇന്ത്യൻ കളിക്കാർക്ക് പാകിസ്താൻ കളിക്കാരുമായി എന്തെങ്കിലും തർക്കം സംഭവിച്ചിരിക്കുമോ എന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ഇത്തരം വിവാദങ്ങൾ കളിക്കാർ മാനസികമായി ബാധിക്കുമെന്നും ഐ.സി.സി ടൂർണമെന്റുകളിൽ ഇത്തരം പ്രതിഷേധങ്ങളെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ഐ.സി.സി ടൂർണമെന്റ് ബഹിഷ്കരിക്കുമെന്ന് ഭീഷണിപ്പെടുത്തിയാൽ പിഴയടക്കമുള്ള അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നും ഇത് ക്രിക്കറ്റിനോടുള്ള ശരിയായ സമീപനമല്ലെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

Tags:    

Similar News