'ട്രോഫി നൽകാൻ വേദിയിലെത്തി, പക്ഷെ അവർ എന്നെ ഒരു കാർട്ടൂൺ പോലെയാക്കി'; ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ പ്രതികരിച്ച് മൊഹ്സിൻ നഖ്‌വി; ട്രോഫി ആരുടെയും സ്വകാര്യ സ്വത്തല്ലെന്ന് ബിസിസിഐ

Update: 2025-10-01 06:38 GMT

ദുബായി: ഏഷ്യാ കപ്പ് 2025 ഫൈനലിൽ ജേതാക്കളായ ഇന്ത്യൻ ടീമിന് ട്രോഫി കൈമാറാത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ ശക്തമായ നിലപാടുമായി ബിസിസിഐ. ഇന്ത്യയ്ക്ക് തിരികെ നൽകണമെന്ന ബിസിസിഐയുടെ ആവശ്യം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) ചെയർമാനും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) ചെയർമാനുമായ മൊഹ്സിൻ നഖ്‌വി തള്ളിയതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.

ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ ഇന്ത്യൻ ടീമിന് ട്രോഫി കൈമാറാതെ നഖ്‌വി മടങ്ങിയ സംഭവത്തിൽ ബിസിസിഐ വൻ അതൃപ്തി രേഖപ്പെടുത്തി. ടൂർണമെൻ്റ് ജേതാക്കൾക്ക് അർഹതപ്പെട്ട ട്രോഫി ആരുടെയും സ്വകാര്യ സ്വത്തല്ലെന്നും അത് ഇന്ത്യയ്ക്ക് തിരികെ നൽകണമെന്നും എ.സി.സി വെർച്വൽ മീറ്റിംഗിൽ രണ്ട് ബിസിസിഐ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും നഖ്‌വി ഇത് അംഗീകരിച്ചില്ല.

ഇന്ത്യൻ ടീം ട്രോഫി സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനം മുൻകൂട്ടി അറിയിച്ചിട്ടില്ലെന്നാണ് നഖ്‌വി പറയുന്നത്. മത്സരശേഷം സൂര്യകുമാർ യാദവിനും സംഘത്തിനും മെഡലുകളും ട്രോഫിയും കൈമാറാൻ വേദിയിൽ എത്തിയപ്പോൾ, ഇന്ത്യൻ ടീം വരാതിരുന്നത് തന്നെ 'ഒരു കാർട്ടൂൺ പോലെയാക്കിയതായി' നഖ്‌വി പ്രതികരിച്ചു.

ബിസിസിഐയുടെ ദുബൈ ഓഫീസിൽ ട്രോഫി സൂക്ഷിക്കണമെന്നും അവിടെ നിന്ന് ഇന്ത്യൻ ടീമിന് അയക്കണമെന്നും ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും ട്രഷറർ ആശിഷ് ഷേലറും നഖ്‌വിയോട് ആവശ്യപ്പെട്ടു. നിയമപരമായ വിജയികളായ തങ്ങൾക്ക് ട്രോഫി വേണമെന്നും ഇന്ത്യ ട്രോഫി വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും ബിസിസിഐ വാദിച്ചു. എന്നാൽ, ഇതൊരു എ.സി.സി വൈസ് പ്രസിഡൻ്റിനെ തിരഞ്ഞെടുക്കാനുള്ള യോഗമാണെന്നും ഏഷ്യാ കപ്പ് വിവാദം പിന്നീട് ചർച്ച ചെയ്യാമെന്നുമായിരുന്നു നഖ്‌വിയുടെ മറുപടി.

Tags:    

Similar News