'ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനും നല്ല മനുഷ്യനുമാണ് ആ താരം'; ഹസ്തദാന വിവാദത്തിനിടെ ചർച്ചയായി പാക്കിസ്ഥാൻ മുൻ പേസർ മുഹമ്മദ് ആമിറിന്റെ പോസ്റ്റ്
ന്യൂഡൽഹി: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന മത്സരത്തിനു പിന്നാലെ ഉയർന്ന ഹസ്തദാന വിവാദം ഇപ്പോഴും ചർച്ചകളിൽ സജീവമായി തുടരുകയാണ്. വിഷയം ചർച്ചയാക്കി നിർത്താനുള്ള പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെയും (പിസിബി) മുൻ താരങ്ങളുടെയും ശ്രമങ്ങൾ തുടരുകയാണ്. ഇതിനിടെ, പാക്കിസ്ഥാൻ മുൻ പേസർ മുഹമ്മദ് ആമിർ പങ്കുവെച്ച വിരാട് കോലിയെക്കുറിച്ചുള്ള ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
വിരാട് കോലിയോടൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് ആമിർ കുറിച്ചത്: 'ഒരു കാര്യം ഉറപ്പാണ്, ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനും നല്ല മനുഷ്യനുമാണ് വിരാട്. ബഹുമാനം.' ഒറ്റനോട്ടത്തിൽ ഇത് കോലിക്കുള്ള പ്രശംസയാണെങ്കിലും, ഹസ്തദാന വിവാദത്തിൽ ഇന്ത്യൻ ടീമിനുള്ള പരോക്ഷ വിമർശനമായാണ് പല ഇന്ത്യൻ ആരാധകരും ഇതിനെ വ്യാഖ്യാനിക്കുന്നത്.
യുഎഇയ്‌ക്കെതിരായ മത്സരത്തിൽ കളത്തിലിറങ്ങാൻ വൈകിയ സംഭവത്തെത്തുടർന്ന് പാക്കിസ്ഥാൻ ടീമിനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നടപടി ആരംഭിച്ചിരുന്നു. ഇന്ത്യയ്ക്കെതിരായ മത്സരത്തിനുമുമ്പ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഗയുമായി ഹസ്തദാനം നടത്താതിരുന്ന സംഭവത്തിന് കാരണക്കാരൻ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് ആണെന്ന് ആരോപിച്ചായിരുന്നു പാക്കിസ്ഥാൻ ടീമിന്റെ യുഎഇ ബഹിഷ്കരണ ഭീഷണി.
പാക്കിസ്ഥാൻ സൂപ്പർ 4 റൗണ്ടിലേക്ക് പ്രവേശിച്ചിട്ടുണ്ട്. മത്സരദിവസം നടന്ന സംഭവങ്ങൾ ഗുരുതരമായ ചട്ടലംഘനങ്ങളാണെന്ന് ഐസിസി വിലയിരുത്തുന്നത്. ഇതുസംബന്ധിച്ച് ഐസിസി സിഇഒ സാൻജോങ് ഗുപ്ത പിസിബിക്ക് ഇ-മെയിൽ അയച്ചിട്ടുണ്ട്. ഇരു ടീമുകളും സെപ്റ്റംബർ 21ന് വീണ്ടും നേർക്കുനേർ വരും.