'രോഹിത് കളിക്കാരെ വളർത്തിയെടുത്തു, അവന് ഒരു വർഷം കൂടി ക്യാപ്റ്റൻസി നൽകാമായിരുന്നു'; അവഗണിച്ചത് എട്ടു മാസത്തിനുള്ളിൽ രണ്ട് ഐ.സി.സി ട്രോഫികൾ നേടിതന്ന ക്യാപ്റ്റനെ; വിമർശനവുമായി മുൻ താരം
മുംബൈ: ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്ന് രോഹിത് ശർമയെ മാറ്റിയതിനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. 2027 ലെ ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് യുവതാരങ്ങൾക്ക് അവസരം നൽകുക എന്നതിനപ്പുറം രോഹിത് ശർമയുടെ സംഭാവനകളെ അവഗണിച്ചതായി കൈഫ് ചൂണ്ടിക്കാട്ടി. ശുഭ്മൻ ഗിൽ മികച്ചൊരു നായകൻ ആയേക്കുമെങ്കിലും രോഹിത്തിനെ നിലനിർത്തണമായിരുന്നുവെന്നും കൈഫ് ചൂണ്ടിക്കാട്ടി.
ബി.സി.സി.ഐ സെലക്ഷൻ കമ്മിറ്റി മേധാവി അജിത് അഗാർക്കർ, 2027 ലോകകപ്പ് ലക്ഷ്യമിട്ട് 25 വയസ്സുള്ള ശുഭ്മൻ ഗില്ലിന് തയ്യാറെടുക്കാൻ സമയം നൽകാനാണ് ഈ മാറ്റമെന്ന് വിശദീകരിച്ചിരുന്നു. എന്നാൽ, 38 വയസ്സുള്ള രോഹിതിന് അടുത്ത ലോകകപ്പിൽ കളിക്കാൻ പ്രയാസമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, രോഹിത് ശർമയുടെ കഴിഞ്ഞ കാലത്തെ പ്രകടനങ്ങളെയും ത്യാഗങ്ങളെയും ഉയർത്തിക്കാട്ടിയാണ് കൈഫിന്റെ വിമർശനം.
ടി20 ഫോർമാറ്റിൽ നിന്ന് യുവതാരങ്ങൾക്ക് വഴിമാറിക്കൊടുക്കാൻ രോഹിത് കാണിച്ച സന്നദ്ധതയെ അദ്ദേഹം പ്രശംസിച്ചു. "രോഹിത് ശർമ ഇന്ത്യക്കായി 16 വർഷം കളിച്ചു. എന്നാൽ അദ്ദേഹത്തിന് ഒരു വർഷം പോലും ക്യാപ്റ്റനായി നൽകാൻ നമുക്ക് കഴിഞ്ഞില്ല. 16 ഐസിസി ടൂർണമെന്റുകളിൽ 15ലും അദ്ദേഹം ടീമിനെ വിജയത്തിലേക്ക് നയിച്ചു. 2023 ലോകകപ്പ് ഫൈനലിൽ മാത്രമാണ് പരാജയം നേരിട്ടത്," കൈഫ് പറഞ്ഞു.
2024 ടി20 ലോകകപ്പ് നേടിയെങ്കിലും, അടുത്ത ലോകകപ്പിനുള്ള ടീമിന്റെ തയ്യാറെടുപ്പുകളിൽ രോഹിതിന് അർഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "അയാൾ നല്ല കളിക്കാരെ സൃഷ്ടിച്ചു, അവരെ വളർത്തിയെടുത്തു. എന്നിട്ടും അയാൾക്ക് ഒരു വർഷം കൂടി ക്യാപ്റ്റൻസി നൽകിയില്ല. എന്തിനിത്ര തിടുക്കം?" കൈഫ് ചോദിക്കുന്നു. ശുഭ്മൻ ഗിൽ ഒരു നല്ല ക്യാപ്റ്റനാകാൻ സാധ്യതയുണ്ടെങ്കിലും, ഈ നീക്കം തിടുക്കത്തിലുള്ളതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.