'ടെസ്റ്റ് ക്രിക്കറ്റിൽ വീരേന്ദർ സെവാഗിന്റെ ട്രിപ്പിൾ സെഞ്ചുറി റെക്കോർഡുകൾ തകർക്കാൻ പോകുന്നത് ആ താരം'; ക്ഷമയോടെ കളിച്ച് കൂറ്റന്‍ സെഞ്ച്വറികള്‍ നേടാൻ അവനാകും; യുവ ഓപ്പണറെ പ്രശംസിച്ച് മുൻ താരം
ന്യൂഡൽഹി: ടെസ്റ്റ് ക്രിക്കറ്റിൽ വീരേന്ദർ സെവാഗ് സ്ഥാപിച്ച ട്രിപ്പിൾ സെഞ്ചുറി റെക്കോർഡുകൾ യുവതാരം യശ്വസി ജയ്സ്വാളിന് മറികടക്കാൻ കഴിയുമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് പ്രവചിച്ചു. എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് കൈഫ് ഈ വിലയിരുത്തൽ നടത്തിയത്. ടെസ്റ്റിൽ രണ്ട് ട്രിപ്പിൾ സെഞ്ച്വറി നേടിയ ഏക ഇന്ത്യൻ താരവും ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ താരവുമാണ് സെവാഗ്.
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ 175 റൺസെടുത്ത ജയ്സ്വാളിന്റെ മികച്ച പ്രകടനത്തെ കൈയടിച്ച് പ്രശംസിച്ചാണ് മുഹമ്മദ് കൈഫ് ഇക്കാര്യം പറഞ്ഞത്. 'ക്ഷമയോടെ കളിച്ചുകൊണ്ട് കൂറ്റൻ സെഞ്ച്വറികൾ നേടാനും വലിയ നാഴികക്കല്ലുകൾ പിന്നിടാനും കഴിവുള്ള ബാറ്ററാണ് യശ്വസി ജയ്സ്വാൾ. കരിയറിലെ ആദ്യ 26 ടെസ്റ്റുകളിലെ അദ്ദേഹത്തിന്റെ പ്രകടനം സച്ചിൻ തെണ്ടുൽക്കർ, വിരാട് കോഹ്ലി എന്നിവരുടെ കണക്കുകൾക്ക് തുല്യമാണ്. ഉയർന്ന സ്ട്രൈക്ക് റേറ്റിൽ അദ്ദേഹം നേടുന്ന സെഞ്ച്വറികൾ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നു. സെവാഗിന്റെ ട്രിപ്പിൾ സെഞ്ച്വറി റെക്കോർഡുകൾ ജയ്സ്വാൾ തകർക്കും,' കൈഫ് കുറിച്ചു.
കരിയറിലെ 26-ാം ടെസ്റ്റിൽ കളിക്കുന്ന ജയ്സ്വാൾ ഇതിനോടകം 2200 റൺസ് നേടിയിട്ടുണ്ട്. 23 വയസ്സുള്ള താരം 7 സെഞ്ച്വറികളും 12 അർധ സെഞ്ച്വറികളും സ്വന്തമാക്കിയിട്ടുണ്ട്. ഇതിൽ 7 സെഞ്ച്വറികളിൽ അഞ്ചും 150-ന് മുകളിലാണ്. മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രഹാം സ്മിത്തിനു ശേഷം ഇത്തരമൊരു നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരമാണ് ജയ്സ്വാൾ.