തകര്‍പ്പന്‍ സെഞ്ചുറിയുമായി സ്മൃതി മന്ഥന; ഹര്‍മന്‍പ്രീത് കൗറിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടും; ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; പരമ്പര 2 -1ന് സ്വന്തമാക്കി

സ്മൃതി മന്ഥന ഇന്ത്യയുടെ വിജയശില്‍പി

Update: 2024-10-29 15:59 GMT

അഹമ്മദാബാദ്: തകര്‍പ്പന്‍ സെഞ്ചുറിയുമായി മിന്നിയ സ്മൃതി മന്ഥനയുടെയും അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും ബാറ്റിംഗ് മികവില്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 49.5 ഓവറില്‍ 232 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 44.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. 122 പന്തില്‍ 10 ഫോര്‍ ഉള്‍പ്പെടെ 100 റണ്‍സെടുത്ത സ്മൃതി മന്ഥനയാണ് ഇന്ത്യയുടെ വിജയശില്‍പി.

മറുപടി ബാറ്റിങ്ങില്‍ തുടക്കത്തില്‍ തകര്‍ച്ച നേരിട്ടെങ്കിലും മൂന്നാം വിക്കറ്റില്‍ 117 റണ്‍സ് കൂട്ടിച്ചേര്‍ത്ത സ്മൃതി ഹര്‍മന്‍പ്രീത് കൗര്‍ സഖ്യം മത്സരത്തില്‍ ഇന്ത്യയുടെ ആധിപത്യം ഉറപ്പിച്ചു. ഹര്‍മന്‍പ്രീത് കൗര്‍ 63 പന്തില്‍ 59 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ സെമി സ്വപ്നങ്ങള്‍ തകര്‍ത്ത കിവീസിനോടുള്ള മധുരപ്രതികാരം കൂടിയായി ഏകദിന പരമ്പരയിലെ ഇന്ത്യന്‍ വനിതകളുടെ ജയം. സ്‌കോര്‍: ന്യൂസീലന്‍ഡ് 49.5 ഓവറില്‍ 232ന് പുറത്ത്. ഇന്ത്യ 44.2 ഓവറില്‍ 4ന് 236.

ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 233 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് തുടക്കത്തിലെ ഷഫാലി വര്‍മയെ(12) നഷ്ടമായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന യാസ്തിക ഭാട്ടിയയും(35) സ്മൃതിയും ചേര്‍ന്ന് 76 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യക്ക് അടിത്തറയിട്ടു. 35 റണ്‍സെടുത്ത യാസ്തികയെ കിവീസ് ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ മടക്കിയെങ്കിലും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ സ്മൃതി ഇന്ത്യന്‍ ജയം അനായാസമാക്കി.

122 പന്തില്‍ 100 റണ്‍സെടുത്ത സ്മൃതി സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ മടങ്ങി. പിന്നാലെ ജെമീമ റോഡ്രിഗസിനെ കൂട്ടുപിടിച്ച് ലക്ഷ്യത്തിലേക്ക് ഹര്‍മന്‍പ്രീത് ബാറ്റ് വീശി. 18 പന്തില്‍ 22 റണ്‍സെടുത്ത ജെമീമയെ വിജയത്തിന് ഒരു റണ്ണകലെ നഷ്ടമായെങ്കിലും സോഫി ഡിവൈനിനെ ബൗണ്ടറി കടത്തിയ ഹര്‍മന്‍പ്രീത് ഇന്ത്യയെ വിജയവര കടത്തി. റണ്ണൊന്നുമെടുക്കാതെ തേജാല്‍ ഹസ്ബാനിസും വിജയത്തില്‍ ഹര്‍മന്‍പ്രീതിന് കൂട്ടായി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസ് 49.5 ഓവറില്‍ 232ന് പുറത്തായി. 86 റണ്‍സ് നേടിയ ബ്രൂക്ക് ഹാലിഡേയുടെ ഇന്നിങ്‌സാണ് സന്ദര്‍ശകര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഹാലിഡേ 96 പന്തില്‍ ഒന്‍പതു ഫോറും മൂന്നു സിക്‌സും സഹിതം 86 റണ്‍സെടുത്തു. ഹാലിഡേയ്ക്കു പുറമേ ഓപ്പണര്‍ ജോര്‍ജിയ പ്ലിമര്‍ (67 പന്തില്‍ 39), മാഡി ഗ്രീന്‍ (19 പന്തില്‍ 15), ഇസബെല്ല ഗെയ്‌സ് (49 പന്തില്‍ 25), ലീ തഹൂഹു (14 പന്തില്‍ പുറത്താകാതെ 24) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ഓപ്പണര്‍ സൂസി ബെയ്റ്റ്‌സ് (14 പന്തില്‍ നാല്), ലൗറന്‍ ഡോണ്‍ (അഞ്ച് പന്തില്‍ ഒന്ന്), ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ (11 പന്തില്‍ ഒന്‍പത്), ഹന്ന റോ (18 പന്തില്‍ 11), ഈഡന്‍ കാര്‍സന്‍ (മൂന്നു പന്തില്‍ രണ്ട്), ഫ്രാന്‍ ജൊനാസ് (നാലു പന്തില്‍ രണ്ട്) എന്നിവര്‍ നിരാശപ്പെടുത്തി. ഇന്ത്യയ്ക്കായി ദീപ്തി ശര്‍മ 10 ഓവറില്‍ 39 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. പ്രിയ മിശ്ര 10 ഓവറില്‍ 41 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. രേണുക താക്കൂര്‍ സിങ്, സൈമ താക്കൂര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു. മൂന്ന് കിവീസ് താരങ്ങള്‍ റണ്ണൗട്ടായി.

Tags:    

Similar News