അര്‍ധ സെഞ്ചുറിയുമായി അന്നേകെ ബോഷ്; ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെ പിന്തുണ; 'മൈറ്റി ഓസീസിനെ' കീഴടക്കി ദക്ഷിണാഫ്രിക്ക വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍

വനിതാ ലോകകപ്പിലെ വമ്പന്‍ അട്ടിമറികളിലൊന്ന്

Update: 2024-10-17 17:30 GMT

ദുബായ്: വനിതാ ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലില്‍. വനിതാ ലോകകപ്പിലെ വമ്പന്‍ അട്ടിമറികളിലൊന്നാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തപ്പോള്‍ 17.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തിയാണ് ദക്ഷിണാഫ്രിക്ക ചരിത്രനേട്ടം സ്വന്തമാക്കിയത്.

48 പന്തില്‍ 74 റണ്‍സുമായി പുറത്താകാതെ നിന്ന അന്നേകെ ബോഷ് ആണ് ദക്ഷിണാഫ്രിക്കയുടെ വിജയശില്‍പി. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ് 37 പന്തില്‍ 42 റണ്‍സടിച്ചു. 2023ലെ ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയായിരുന്നു ഓസീസ് ഹാട്രിക് കിരീടം നേടിയത്. അന്നേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി ദക്ഷിണാഫ്രിക്കയുടെ വിജയം.

വനിതാ ട്വന്റി 20 ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കെതിരെ കളിച്ച 11 കളികളില്‍ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ജയവും വനിതാ ട്വന്റി 20 ലോകകപ്പിലെ ആദ്യ ജയവുമാണിത്. 2009നുശേഷം നടന്ന ഏഴ് വനിതാ ടി20 ലോകകപ്പുകളില്‍ ആറിലും ഓസീസ് കിരീടം ചൂടിയപ്പോള്‍ ഒരു തവണ മാത്രമാണ് ഫൈനലില്‍ തോറ്റത്. അവസാനം നടന്ന മൂന്ന് ലോകകപ്പുകളിലും(2018, 2020, 2023) ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ 2010, 2012, 2014 വര്‍ഷങ്ങളിലും ചാമ്പ്യന്‍മാരായിട്ടുണ്ട്.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഓസീസിന് തുടക്കത്തിലെ ഓപ്പണര്‍ ഗ്രേസ് ഹാരിസിനെ(3) നഷ്ടമായി. പിന്നാലെ ജോര്‍ജിയ വാറെഹാമിനെയും(5) നഷ്ടമായെങ്കിലും ബെത്ത് മൂണിയും ക്യാപ്റ്റന്‍ താഹില മക്ഗ്രാത്തും ചേര്‍ന്ന് അവരെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. അവസാന ഓവറുകളില്‍ എല്ലിസ് പെറിയും(23 പന്തില്‍ 31), ലിച്ച് ഫീല്‍ഡും(9 പന്തില്‍ 16*) നടത്തിയ കടന്നാക്രമാണമാണ് അവകെ 134 റണ്‍സിലെത്തിച്ചത്.

മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍ തസ്മിന്‍ ബ്രിറ്റ്‌സിനെ(15) പവര്‍ പ്ലേയില്‍ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡും അന്നേകെ ബോഷും 96 റണ്‍സ് കൂട്ടുകെട്ടിലൂടെ ദക്ഷിണാഫ്രിക്കയെ വിജയത്തിന് അടുത്തെത്തിച്ചു. വിജയത്തിനരികെ വോള്‍വാര്‍ഡ് പുറത്തായെങ്കിലും ബോഷും കോള്‍ ടൈറോണും(1) ചേര്‍ന്ന് ദക്ഷിണാഫ്രിക്കക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചു. നാളെ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് ന്യൂസിലന്‍ഡ് രണ്ടാം സെമി വിജയികളെയാണ് 20ന് നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്ക നേരിടുക.

Tags:    

Similar News