'കൊല്‍ക്കത്തയുടെ റിട്ടന്‍ഷന്‍ ലിസ്റ്റില്‍ എന്റെ പേരില്ലെന്ന് അറിഞ്ഞപ്പോള്‍ കരഞ്ഞുപോയി; ഒരു കുട്ടിയുടെ കൗതുകത്തോടെയാണു ലേലത്തെ കാണുന്നത്; കൊല്‍ക്കത്ത എന്നെ വാങ്ങിയാല്‍ അതാണു സന്തോഷം'; തുറന്നു പറഞ്ഞ് വെങ്കടേഷ് അയ്യര്‍
കൊല്‍ക്കത്തയാണ് എന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയത്
മുംബൈ: ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റിട്ടന്‍ഷനില്‍ തന്നെ നിലനിര്‍ത്തിയില്ലെന്ന് അറിഞ്ഞപ്പോള്‍ കരഞ്ഞുപോയതായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍. 2021 മുതല്‍ കൊല്‍ക്കത്തയ്‌ക്കൊപ്പമുള്ള താരത്തെ ഇത്തവണ ടീം ഒഴിവാക്കുകയായിരുന്നു. 2021 ല്‍ കൊല്‍ക്കത്ത ഫൈനലിലെത്തിയപ്പോള്‍ മുതല്‍ 2024ലെ കിരീടനേട്ടത്തില്‍ വരെ ടീമിന്റെ ഭാഗമായ താരമാണ് വെങ്കടേഷ്. ഐപിഎല്‍ ഫൈനലില്‍ കൊല്‍ക്കത്തയ്ക്കായി വിജയ റണ്‍സ് കുറിച്ചതും വെങ്കടേഷ് അയ്യരായിരുന്നു.
''കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ശരിക്കും ഒരു കുടുംബമാണ്. അത് 16 ഓ 25 ഓ താരങ്ങള്‍ മാത്രമല്ല. ടീം മാനേജ്‌മെന്റ്, സ്റ്റാഫുകള്‍ തുടങ്ങി പിന്നണിയിലുള്ളവരെല്ലാം അതിന്റെ ഭാഗമാണ്. റിട്ടന്‍ഷന്‍ ലിസ്റ്റില്‍ എന്റെ പേരില്ലെന്ന് അറിഞ്ഞപ്പോള്‍ കണ്ണു നിറഞ്ഞിരുന്നു.'' വെങ്കടേഷ് അയ്യര്‍ ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടു പറഞ്ഞു.
''താരലേലത്തില്‍ കൊല്‍ക്കത്ത എനിക്കു വേണ്ടി ശ്രമിക്കുമോയെന്ന് അറിയാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ഒരു കുട്ടിയുടെ അത്രയും കൗതുകത്തോടെയാണു ഞാന്‍ ലേലത്തെ കാണുന്നത്. കൊല്‍ക്കത്ത എന്നെ വീണ്ടും വാങ്ങിയാല്‍ അതാണു സന്തോഷം .'' വെങ്കടേഷ് അയ്യര്‍ പ്രതികരിച്ചു.
''സത്യം പറഞ്ഞാല്‍ കൊല്‍ക്കത്ത നിലനിര്‍ത്തിയ താരങ്ങളെല്ലാം വളരെ മികച്ചവരാണ്. ക്രിക്കറ്റ് അറിയാവുന്ന ആര്‍ക്കും അതു മനസ്സിലാകും. പക്ഷേ റിട്ടന്‍ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടണമെന്നു ഞാന്‍ ആഗ്രഹിച്ചിരുന്നു. കൊല്‍ക്കത്തയാണ് എന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയത്. എന്നെക്കൊണ്ടു സാധിക്കുന്നതെല്ലാം ഞാന്‍ ഈ ടീമിനായി ചെയ്തിട്ടുണ്ട്.''വെങ്കടേഷ് വ്യക്തമാക്കി. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയ്ക്കായി നാല് അര്‍ധ സെഞ്ചറികള്‍ നേടിയ താരം, 370 റണ്‍സ് അടിച്ചെടുത്തിരുന്നു.
കഴിഞ്ഞ സീസണില്‍ ഐപിഎല്‍ കിരീടം നേടിത്തന്ന ക്യാപ്റ്റനെയടക്കം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കൈവിട്ടിരുന്നു. ശ്രേയസ് അയ്യരെ കൊല്‍ക്കത്ത ഒഴിവാക്കിയപ്പോള്‍ റിങ്കു സിങ് അടക്കം ആറ് താരങ്ങളെ ടീം നിലനിര്‍ത്തുകയായിരുന്നു. റിങ്കു സിംഗ് (13 കോടി), വരുണ്‍ ചക്രവര്‍ത്തി (12 കോടി), സുനില്‍ നരെയ്ന്‍ (12 കോടി), ആന്ദ്രെ റസ്സല്‍ (12 കോടി), ഹര്‍ഷിത് റാണ (4 കോടി), രമണ്‍ദീപ് സിംഗ് (4 കോടി) എന്നിവരെയാണ് കൊല്‍ക്കത്ത നിലനിര്‍ത്തിയത്.
ശ്രേയസിനെ കൂടാതെ മിച്ചല്‍ സ്റ്റാര്‍ക്ക്, ഫില്‍ സാള്‍ട്ട്, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ എന്നിവരേ കൊല്‍ക്കത്ത കൈവിട്ടിരുന്നു. സാള്‍ട്ടിനെ ഒഴിവാക്കാന്‍ തീരുമാനിച്ചത് അപ്രതീക്ഷിത തീരുമാനമായിരുന്നു. 51 കോടി ഇനിയും കൊല്‍ക്കത്തയുടെ പോക്കറ്റിലുണ്ട്.
പ്രതിഫല തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ശ്രേയസിനെ കൊല്‍ക്കത്ത ഒഴിവാക്കിയത്. താരം മുപത്ത് കോടിയോളം രൂപ പ്രതിഫലമായി ചോദിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ സമീപകാല പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു താരത്തിന്റെ പ്രതിഫലം തീരുമാനിക്കുന്നത്. 2022 ലെ ലേലത്തില്‍ 12.25 കോടി മുടക്കിയാണ് കൊല്‍ക്കത്ത, ശ്രേയസിനെ ടീമിലെത്തിച്ചത്.