ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റൊരു വേദിയിലേയ്ക്ക് മാറ്റണമെന്ന് ബിസിസിഐ; ഇന്ത്യ പാകിസ്ഥാനില്‍ കളിച്ചേ മതിയാകൂവെന്ന് പിസിബി; ചാമ്പ്യന്‍സ് ട്രോഫി വേദിയെ ചൊല്ലി തര്‍ക്കം രൂക്ഷം; നിര്‍ണായക ഐസിസി യോഗം മാറ്റി
ചാമ്പ്യന്‍സ് ട്രോഫി വേദിയെ ചൊല്ലി തര്‍ക്കം; ഐസിസി യോഗം മാറ്റി
ദുബായ്: ചാമ്പ്യന്‍സ് ട്രോഫി വേദി സംബന്ധിച്ച ഇന്ത്യ - പാകിസ്ഥാന്‍ തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ നിര്‍ണായക യോഗം തീരുമാനമാവാതെ പിരിഞ്ഞു. 20 മിനിറ്റുമാത്രമാണ് യോഗം നീണ്ടുനിന്നത്. ഹൈബ്രിഡായി ടൂര്‍ണമെന്റ് നടത്തുന്നതിനെതിരായ നിലപാടില്‍ പാകിസ്ഥാന്‍ ഉറച്ചുനില്‍ക്കുകയാണ്.
15 ആംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍, അനൗപചാരികമായ ചര്‍ച്ചകള്‍ മാത്രം നടത്തി യോഗം അവസാനിപ്പിക്കുകയായിരുന്നു. ടൂര്‍ണമെന്റ് പൂര്‍ണമായും പാകിസ്ഥാനില്‍ നടത്തണമെന്ന നിലപാട് കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐ.സി.സിയെ അറിയിച്ചതായി വിവരമുണ്ടായിരുന്നു.
ഐസിസിയുടെ അടിയന്തര യോഗം നാളത്തേയ്ക്ക് മാറ്റിയതായാണ് സൂചന. പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ദുബായില്‍ എത്തിയിട്ടുണ്ട്. യോഗത്തിന് മുമ്പ് സമവായത്തിനായി പിന്‍വാതില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലം കണ്ടില്ല. 20 മിനിട്ടോളം നീണ്ട ചര്‍ച്ചയില്‍ ഇന്ത്യയും പാകിസ്ഥാനും തീരുമാനത്തില്‍ ഉറച്ചുനിന്നതോടെയാണ് യോഗം നാളത്തേയ്ക്ക് മാറ്റാന്‍ തീരുമാനമാനിച്ചത്.
പാകിസ്ഥാനില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ചാമ്പ്യന്‍സ് ട്രോഫി നടക്കുന്നത്. എന്നാല്‍, രാഷ്ട്രീയ, സുരക്ഷാ കാരണങ്ങളാല്‍ പാകിസ്ഥാനില്‍ കളിക്കാന്‍ ഇന്ത്യ തയ്യാറല്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ഈ മാസം 9ന് തന്നെ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം വ്യക്തമാക്കിയിരുന്നു. ഇതേ നിലപാട് തന്നെയാണ് ബിസിസിഐയും സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ അല്ലെങ്കില്‍ യുഎഇയില്‍ നടത്തണമെന്നാണ് ബിസിസിഐ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം പാകിസ്ഥാനില്‍ നടന്ന ഏഷ്യാ കപ്പില്‍ ഇന്ത്യ കളിച്ചിരുന്നില്ല. ഹൈബ്രിഡ് മാതൃകയില്‍ ശ്രീലങ്കയിലാണ് ഇന്ത്യയുടെ മത്സരങ്ങള്‍ നടത്തിയിരുന്നത്. സമാനമായ രീതിയില്‍ ചാമ്പ്യന്‍സ് ട്രോഫിയിലെയും ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റൊരു വേദിയില്‍ നടത്തണമെന്നാണ് ബിസിസിഐയുടെ ആവശ്യം.
എന്നാല്‍, മറ്റ് ടീമുകള്‍ക്കൊന്നുമില്ലാത്ത സുരക്ഷാ കാരണം ഇന്ത്യയ്ക്ക് മാത്രം എന്താണെന്നും ഇന്ത്യ പാകിസ്ഥാനില്‍ കളിച്ചേ മതിയാകൂ എന്നുമാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്. ഇതാണ് തര്‍ക്കത്തിന് കാരണമായത്. പാകിസ്ഥാനില്‍ കളിക്കില്ലെന്ന് ബിസിസിഐയും ഇന്ത്യ പാകിസ്ഥാനില്‍ കളിച്ചേ തീരൂ എന്ന് പിസിബിയും നിലപാട് സ്വീകരിച്ചതോടെ ടൂര്‍ണമെന്റ് തന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.