'പെര്‍ത്തില്‍ ബുമ്ര ബൗളര്‍മാരുടെ ഉപയോഗിച്ചത് അഡ്‌ലെയ്ഡില്‍ കണ്ടതിനേക്കാള്‍ മികച്ചത്; രോഹിത് ശര്‍മയില്‍നിന്ന് കുറച്ചുകൂടി മികച്ച ക്യാപ്റ്റന്‍സി പ്രതീക്ഷിക്കുന്നു'; മൂന്നാം ടെസ്റ്റിന് മുന്നെ ഇന്ത്യന്‍ നായകനെ വിമര്‍ശിച്ച് മുന്‍ ഓസിസ് താരം
മൂന്നാം ടെസ്റ്റിന് മുന്നെ ഇന്ത്യന്‍ നായകനെ വിമര്‍ശിച്ച് മുന്‍ ഓസിസ് താരം
അഡ്‌ലെയ്ഡ്: ബ്രിസ്‌ബേനിലെ ഗാബ ഗ്രൗണ്ടില്‍ ശനിയാഴ്ച ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് മത്സരത്തിന് തുടക്കമാകാനിരിക്കെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ വിമര്‍ശിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ താരം സൈമണ്‍ കാറ്റിച്ച്. അഡ്‌ലെയ്ഡിലെ രണ്ടാം ടെസ്റ്റില്‍ നേരിട്ട തോല്‍വിക്ക് പിന്നാലെ ജസ്പ്രീത് ബുമ്രയുമായി താരതമ്യപ്പെടുത്തി രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച കാറ്റിച്ച് മൂന്നാം ടെസ്റ്റില്‍ മികവ് പുലര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.
പെര്‍ത്തില്‍ ബുമ്രയുടെ കീഴില്‍ ബോളര്‍മാര്‍ പന്തെറിഞ്ഞ രീതി അഡ്ലെയ്ഡില്‍ രോഹിത് ശര്‍മയ്ക്ക് കീഴില്‍ കളിച്ചതിനേക്കാള്‍ മികച്ചതായിരുന്നുവെന്ന് സൈമണ്‍ കാറ്റിച്ച് ഒരു പോഡ്കാസ്റ്റില്‍ പ്രതികരിച്ചു. മൂന്നാം ടെസ്റ്റില്‍ രോഹിത് ശര്‍മയില്‍നിന്ന് കുറച്ചുകൂടി മികച്ച ക്യാപ്റ്റന്‍സി പ്രതീക്ഷിക്കുന്നതായും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
രണ്ട് മത്സരങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ ബുംറയുടെ ക്യാപ്റ്റന്‍സി, പ്രത്യേകിച്ച് ബൗളര്‍മാരുടെ ഉപയോഗിച്ചത് അഡ്‌ലെയ്ഡില്‍ കണ്ടതിനേക്കാള്‍ വളരെ മികച്ചതാണെന്ന് കരുതുന്നുവെന്ന് സൈമണ്‍ കാറ്റിച്ച് പറഞ്ഞു. ഗ്രൗണ്ടിലുള്ളപ്പോള്‍ രോഹിത് ശര്‍മയില്‍നിന്ന് കൂടുതല്‍ ആക്ടീവായ പ്രതികരണങ്ങളാണു പ്രതീക്ഷിക്കുന്നതെന്നും കാറ്റിച്ച് വ്യക്തമാക്കി. ഫീല്‍ഡ് ചെയ്യുമ്പോള്‍ ബോളര്‍മാര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ കൂടുതലായി നല്‍കാന്‍ രോഹിത് ശര്‍മ ശ്രമിക്കണമെന്നാണ് അദ്ദേഹത്തിന്റെ ഉപദേശം.
ഇതിനിടെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിനായി ഇന്ത്യന്‍ ടീം ബുധനാഴ്ച ബ്രിസ്‌ബേനിലെത്തി. ഗാബ ഗ്രൗണ്ടില്‍ ശനിയാഴ്ച ടെസ്റ്റ് തുടങ്ങും. അഡ്‌ലെയ്ഡില്‍നടന്ന രണ്ടാം ടെസ്റ്റ് ഡേ-നൈറ്റ് (പിങ്ക് ബോള്‍) മത്സരമായിരുന്നെങ്കില്‍ ഗാബയിലേത് ഡേ മത്സരമാണ്. ഇന്ത്യന്‍സമയം പുലര്‍ച്ചെ 5.50-ന് തുടങ്ങും.
ആദ്യമത്സരത്തില്‍ ഇന്ത്യയും രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയും ജയിച്ചതോടെ 1-1 എന്നനിലയിലാണ് പരമ്പര. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇരുടീമുകള്‍ക്കും ജയം അനിവാര്യമാണ്. 2021-22 ബോര്‍ഡര്‍ ഗാവസ്‌കര്‍ പരമ്പരയിലെ ഗാബ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചിരുന്നു. 1988-നുശേഷം ഈ ഗ്രൗണ്ടില്‍ ഓസീസിന്റെ ആദ്യതോല്‍വിയായിരുന്നു അത്. പൊതുവേ ബൗണ്‍സും പേസും കൂടിയ പിച്ച് ബാറ്റര്‍മാര്‍ക്ക് വലിയ വെല്ലുവിളിയാകാറുണ്ട്.