'അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യന്‍ ടീമിന് ഭാരമാകാന്‍ രോഹിത് ആഗ്രഹിക്കില്ല; സെലക്ടര്‍മാരുടെ തീരുമാനത്തിന് കാത്തു നില്‍ക്കാതെ നായക സ്ഥാനമൊഴിയും'; നിര്‍ണായക നിരീക്ഷണവുമായി ഗവാസ്കര്‍
ഇനിയും തിളങ്ങിയില്ലെങ്കില്‍ രോഹിത് ക്യാപ്റ്റന്‍സി ഒഴിയും: ഗാവസ്കര്‍
ബ്രിസ്ബേന്‍: ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റിലും ബാറ്റിംഗില്‍ തിളങ്ങാനായില്ലെങ്കില്‍ രോഹിത് ശര്‍മ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം ഒഴിയുമെന്ന് മുന്‍ ഇന്ത്യന്‍ നായകന് സുനില്‍ ഗവാസ്കര്‍. സെലക്ടര്‍മാരുടെ തീരുമാനത്തിന് കാത്തുനില്‍ക്കാതെ ഇക്കാര്യത്തില്‍ രോഹിത് സ്വയം തീരുമാനമെടുക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ഗവാസ്കര്‍ എബിസി ന്യൂസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഓസ്ട്രേലിയയ്ക്കെതിരായ ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫിയില്‍ മികച്ച ഇന്നിങ്സ് കളിക്കാന്‍ രോഹിത് ശര്‍മയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ബാറ്റിങ് ക്രമത്തില്‍ ആറാം നമ്പരിലേക്ക് ഇറങ്ങി കളിച്ചിട്ടും രോഹിത്തിന് ക്രീസില്‍ നിലയുറപ്പിക്കാനായില്ല. ഓസ്ട്രേലിയയിലെ നാലും അഞ്ചും ടെസ്റ്റുകളിലും മെച്ചപ്പെട്ട പ്രകടനം നടത്താന്‍ സാധിച്ചില്ലെങ്കില്‍ രോഹിത് സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണു സുനില്‍ ഗാവസ്കറുടെ വിലയിരുത്തല്‍.
''അടുത്ത മത്സരങ്ങളിലും രോഹിത് ശര്‍മ കളിക്കുമെന്ന് ഉറപ്പാണ്. പക്ഷേ അതിനു ശേഷവും രോഹിത് ശര്‍മയ്ക്കു റണ്‍സ് കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍, അദ്ദേഹം തന്നെ സ്ഥാനമൊഴിയുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് എനിക്കു തോന്നുന്നത്. ടീമിന്റെ ഭാരമായിരിക്കാന്‍ രോഹിത് ഒരിക്കലും ആഗ്രഹിക്കില്ല. ഇന്ത്യന്‍ ക്രിക്കറ്റിന്റെ കാര്യത്തില്‍ അത്രയേറെ കരുതലുള്ള താരമാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ഇനിയുള്ള മത്സരങ്ങളിലും തിളങ്ങിയില്ലെങ്കില്‍ രോഹിത് ശര്‍മ സ്ഥാനമൊഴിയുമെന്നാണ് എനിക്കു തോന്നുന്നത്.'' സുനില്‍ ഗാവസ്കര്‍ വ്യക്തമാക്കി.
അവസാനം കളിച്ച 13 ഇന്നിംഗ്സുകളില്‍ 11.83 ശരാശരിയില്‍ 152 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്ന് ടെസ്റ്റുകളിലും ഓസ്ട്രേലിയക്കെതിരായ കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലും രോഹിത്തിന് തിളങ്ങാനായിരുന്നില്ല. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ രോഹിത്തിന്റെ അഭാവത്തില്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത കെ എല്‍ രാഹുല്‍ തിളങ്ങിയതോടെ കഴിഞ്ഞ രണ്ട് ടെസ്റ്റിലും ആറാം നമ്പറിലാണ് രോഹിത് ബാറ്റിംഗിനിറങ്ങിയത്.
ബ്രിസ്ബേനില്‍ നടന്ന മൂന്നാം ടെസ്റ്റിലും രാഹുല്‍ ഓപ്പണറായി 84 റണ്‍സടിച്ച് ഇന്ത്യയുടെ ടോപ് സ്കോററായതോടെ മെല്‍ബണിലും രോഹിത് മധ്യനിരയില്‍ കളിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മെല്‍ബണിലും ബാറ്റിംഗില്‍ ഫോമിലാവാനായില്ലെങ്കില് രോഹിത്തിന്റെ വിരമിക്കലിനായി മുറവിളി ഉയരുമെന്നുറപ്പാണ്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയെങ്കിലും മോശം പ്രകടനങ്ങളുടെ പേരില്‍ വിരാട് കോലിക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.