'ടീമിലെടുത്താല്‍ കളിക്കാന്‍ തയാറായിരുന്നു; എന്നിട്ടും അശ്വിനെ സിലക്ടമാര്‍ വിരമിക്കാന്‍ അനുവദിച്ചു'; ചാമ്പ്യന്‍സ് ട്രോഫിയോടെ രോഹിതും കോലിയും വിരമിക്കുമോ? സാഹചര്യങ്ങള്‍ 2008 സീസണിലേതിന് സമാനം; ഹര്‍ഷ ഭോഗ്‌ലെ പറയാതെ പറയുന്നത്
ഹര്‍ഷ ഭോഗ്‌ലെ പറയാതെ പറയുന്നത്
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം ബ്രിസ്‌ബെയ്‌നില്‍ പൂര്‍ത്തിയായതിന് പിന്നാലെ അപ്രതീക്ഷിതമായാണ് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ചോദ്യങ്ങളെ നേരിടാന്‍ താല്‍പര്യമില്ലെന്നു വ്യക്തമാക്കിയ അശ്വിന്‍, വിരമിക്കല്‍ പ്രഖ്യാപനത്തിനു പിന്നാലെ ഇന്നു രാവിലെ തന്നെ ചെന്നൈയില്‍ മടങ്ങിയെത്തുകയും ചെയ്തു. പരമ്പരയ്ക്കിടെ പ്ലേയിംഗ് ഇലവനില്‍ ഇടംലഭിക്കാത്തതിനാല്‍ വിരമിച്ചതിലൂടെ ആര്‍ അശ്വിന്‍ ഒരു തുടക്കം മാത്രമാണെന്നാണ് സൂചന. അടുത്ത വര്‍ഷം കൂടുതല്‍ താരങ്ങള്‍ അശ്വിന്റെ പാത പിന്തുടര്‍ന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെട്ട ഓസ്‌ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ ശേഷിക്കെ വെറ്ററന്‍ താരം രവിചന്ദ്രന്‍ അശ്വിനെ വിരമിക്കാന്‍ അനുവദിച്ചതിലൂടെ, ഇന്ത്യന്‍ ടീമിലെ വെറ്ററന്‍ താരങ്ങള്‍ക്ക് സിലക്ടര്‍മാര്‍ നല്‍കുന്ന സന്ദേശം വ്യക്തമാണെന്ന് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ പ്രതികരിക്കുകയും ചെയ്തു. കരിയറിന്റെ അവസാന ഘട്ടങ്ങളിലുള്ള വെറ്ററന്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങിയവരെ ഉന്നമിട്ടാണ് ഭോഗ്ലെയുടെ പരാമര്‍ശമെന്നു വ്യക്തം.
ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ കളിക്കാന്‍ തയാറായിരുന്ന അശ്വിന്‍ വിരമിച്ചതോടെ, മറ്റുള്ളവര്‍ക്കും സിലക്ടര്‍മാര്‍ നല്‍കുന്ന സന്ദേശം വ്യക്തമാണ്. ആകാംഷയുണര്‍ത്തുന്ന ദിവസങ്ങളാണ് വരാന്‍ പോകുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ബ്രിസ്‌ബെയ്‌നില്‍ നടന്ന ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതിനു തൊട്ടുപിന്നാലെയാണ്, അപ്രതീക്ഷിതമായി രവിചന്ദ്രന്‍ അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ കളിക്കാന്‍ തയാറായിരുന്ന അശ്വിനെ വിരമിക്കാന്‍ അനുവദിച്ചതിലൂടെ, എല്ലാവര്‍ക്കും സിലക്ടര്‍മാര്‍ വ്യക്തമായ സന്ദേശമാണ് നല്‍കുന്നതെന്ന് ഹര്‍ഷ ഭോഗ്‌ലെ ചൂണ്ടിക്കാട്ടി.
''ടീമിലെടുത്താല്‍ കളിക്കാന്‍ തയാറായിരുന്ന രവിചന്ദ്രന്‍ അശ്വിനെ വിരമിക്കാന്‍ അനുവദിച്ചതിലൂടെ, എല്ലാ താരങ്ങള്‍ക്കുമായി സിലക്ടര്‍മാര്‍ കൃത്യമായ ഒരു പൊതു മാനദണ്ഡം വച്ചിരിക്കുന്നു. ഇനിയുള്ള ദിവസങ്ങളില്‍ കൗതുകമുണര്‍ത്തുന്ന പലതും കാണാം' ഭോഗ്‌ലെ കുറിച്ചു.
അശ്വിന്റെ വിരമിക്കല്‍ സംബന്ധിച്ച് സെലക്ടര്‍മാര്‍ക്കോ ബിസിസിഐക്കോ യാതൊരു സൂചനയുമില്ലായിരുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ അശ്വിന് ന്യൂസിലന്‍ഡ് പരമ്പര പൂര്‍ത്തിയായപ്പോള്‍ തന്നെ സെലക്ടര്‍മാര്‍ വ്യക്തായ സന്ദേശം നല്‍കിയിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. പെര്‍ത്ത് ടെസ്റ്റില്‍ അശ്വിന് പകരം വാഷിംഗ്ടണ്‍ സുന്ദറെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചതും ഇതിന്റെ തുടര്‍ച്ചയായിരുന്നു.
ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ വിരമിക്കല്‍ പ്രഖ്യാപിച്ച അശ്വിന്റെ പാത പിന്‍പറ്റി, ഇപ്പോഴത്തെ ടീമിലെ വെറ്ററന്‍ താരങ്ങളില്‍ ചിലരെങ്കിലും വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ഫലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരങ്ങള്‍ കൂട്ടത്തോടെ കളമൊഴിഞ്ഞ 2008 സീസണിലെ അവസ്ഥയാകും ഇത്തവണ ഉണ്ടാവുകയെന്നും മുന്നറിയിപ്പുണ്ട്.
ഓസ്‌ട്രേലിയയില്‍ കെ എല്‍ രാഹുല്‍ ഓപ്പണറായി തിളങ്ങിയതോടെ ഓപ്പണര്‍ സ്ഥാനം നഷ്ടമായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ടീമിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഓസ്‌ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റില്‍ കൂടി തിളങ്ങാനായില്ലെങ്കില്‍ രോഹിത് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ പ്രഖ്യാപിച്ചിരുന്നു.
ഓസ്‌ട്രേലിയക്കെതിരായ പരമ്പര കഴിഞ്ഞാല്‍ അടുത്ത വര്‍ഷം ജൂണില്‍ മാത്രമെ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര ഉള്ളൂവെന്നതിനാല്‍ അടുത്ത രണ്ട് ടെസ്റ്റുകളിലെ രോഹിത്തിന്റെ പ്രകടനമാകും ടെസ്റ്റ് കരിയര്‍ നീട്ടുന്നതില്‍ നിര്‍ണായകമാകുക. വിരാട് കോലിയുടെ കാര്യത്തിലും സമാന സാഹചര്യമാണ് നിലവിലുള്ളത്.
പെര്‍ത്ത് ടെസ്റ്റില്‍ സെഞ്ചുറി നേടിയെങ്കിലും ഓഫ് സ്റ്റംപിന് പുറത്ത് ഒരേരീതിയില്‍ പുറത്താവുന്ന കോലിയുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ടെസ്റ്റ് പ്രകടനങ്ങളും ഓഡിറ്റിംഗിന് വിധേയമായികഴിഞ്ഞു. ഫെബ്രുവരിയില്‍ പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം രോഹിത്തും കോലിയും ട്വന്റി ക്രിക്കറ്റിലെന്ന പോലെ ഏകദിന ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കാനുള്ള സാധ്യതകളും മുന്നിലുണ്ട്.
2027ലെ ലോകകപ്പില്‍ കളിക്കുക എന്നത് വിദൂര സാധ്യതയായതിനാല്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇരുവരും ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കമെന്നാണ് ആരാധകരും കരുതുന്നത്. രവീന്ദ്ര ജഡേജയാണ് ഏകദിന ക്രിക്കറ്റ് മതിയാക്കാനിടയുള്ള മറ്റൊരു താരം. ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലാത്ത അജിങ്ക്യാ രഹാനെ ചേതേശ്വര്‍ പൂജാര എന്നിവരും വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
ടെസ്റ്റിലും ഏകദിനത്തിലും ശുഭ്മാന്‍ ഗില്ലിനെ ഭാവി നായകനായി ബിസിസിഐ കാണുമ്പോള്‍ കെ എല്‍ രാഹുലും നായകസ്ഥാനത്തെത്താന്‍ സാധ്യതയുള്ള താരമാണ്. ട്വന്റി 20 ക്രിക്കറ്റില്‍ സൂര്യകുമാര്‍ യാദവ് 2026ലെ ട്വന്റി 20 ലോകകപ്പ് വരെ നായനായി തുടരാനാണ് സാധ്യത. ചുരുക്കിപ്പറഞ്ഞാല്‍ അനിവാര്യമായ തലമുറ മാറ്റത്തിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് കടുക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ആര്‍ അശ്വിന്റെ വിരമിക്കല്‍ തീരുമാനം.