ക്രീസില്‍ ഉറച്ചുനില്‍ക്കേണ്ട സമയത്ത് 'സ്റ്റുപ്പിഡ് ഷോട്ട്'; 'ഋഷഭ് പന്ത് സാഹചര്യം മനസിലാക്കേണ്ടതുണ്ട്; ഇതൊന്നും അവന് പറഞ്ഞുകൊടുക്കേണ്ടതില്ല'; മെല്‍ബണിലെ തോല്‍വിക്ക് പിന്നാലെ രോഹിത് ശര്‍മ

ഋഷഭ് പന്ത് സാഹചര്യം മനസിലാക്കണമെന്ന് രോഹിത് ശര്‍മ

Update: 2024-12-30 11:55 GMT

മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരെ ബെല്‍ബണിലെ ബോക്‌സിംഗ് ഡേ ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വിയില്‍ കടുത്ത വിമര്‍ശനമാണ് ഇന്ത്യന്‍ ടീമിനും നായകന്‍ രോഹിത് ശര്‍മയ്ക്കുമെതിരെ ഉയരുന്നത്. ഒരു ഘട്ടത്തില്‍ സമനില നേടുമെന്ന് പ്രതീക്ഷ ഉയര്‍ത്തിയ ശേഷമായിരുന്നു ഇന്ത്യ തോല്‍വി വഴങ്ങിയത്. മുന്‍നിര ബാറ്റര്‍മാരുടെ മോശം പ്രകടനമാണ് ഇന്ത്യയുടെ തോല്‍വിക്ക് വഴിവച്ചത്.

അതേ സമയം രണ്ട് ഇന്നിംഗ്സിലും അനാവശ്യമായ ഷോട്ടിന് ശ്രമിച്ചാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് പുറത്താവുന്നത്. ആദ്യ ഇന്നിംഗ്സ് സ്‌കോട്ട് ബോളണ്ടിനെതിരെ സ്‌കൂപ്പിന് ശ്രമിച്ച് നതാന്‍ ലിയോണിന് ക്യാച്ച് ക്യാച്ച് നല്‍കുകയായിരുന്നു. 28 റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. ക്രീസില്‍ ഉറച്ചുനില്‍ക്കേണ്ട സമയത്താണ് താരം വിക്കറ്റ് കളയുന്നത്.

രണ്ടാം ഇന്നിംഗ്സില്‍ പന്തിന്റെ വിക്കറ്റാണ് ആരാധകരില്‍ ഏറെ വേദനയുണ്ടാക്കിയത്. 30 റണ്‍സുമായി ക്രീസില്‍ നില്‍ക്കുമ്പോള്‍ ട്രാവിസ് ഹെഡിനെതിരെ വലിയ ഷോട്ടിന് ശ്രമിച്ച് പന്ത് വിക്കറ്റ് കളയുകയായിരുന്നു. ഒട്ടും പക്വതയില്ലാത്ത ഷോട്ടായിരുന്നു അത്. ഇന്ത്യ സമനിലയ്ക്ക് വേണ്ടി കളിക്കേണ്ട സമയമായിരുന്നു അത്. പിന്നാലെ ഇന്ത്യ കൂട്ടത്തകര്‍ച്ച നേരിട്ടു. 34 റണ്‍സിനിടെ പന്ത് ഉള്‍പ്പെടെ ശേഷിക്കുന്ന ആറ് വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി. കടുത്ത വിമര്‍ശനമാണ് മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ അടക്കം ഋഷഭ് പന്തിനെതിരെ ഉയര്‍ത്തിയത്.

ഇപ്പോള്‍ ഋഷഭ് പന്തിന്റെ പുറത്താകലിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ക്യാപ്റ്റന്റെ വാക്കുകള്‍... ''അത് അങ്ങനെയങ്ങ് സംഭവിച്ചു. അതിനെ കുറിച്ച് പിന്നീട് ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. മത്സരം പരാജയപ്പെട്ടതിന്റെ നിരാശയാണിപ്പോള്‍. എങ്കിലും പറയട്ടേ, എന്താണ് സാഹചര്യമെന്നുള്ളത് പന്ത് മനസിലാക്കേണ്ടതുണ്ട്. ഇതൊന്നും അവന് പറഞ്ഞുകൊടുക്കേണ്ടതില്ല. മുമ്പ് ഇത്തരത്തില്‍ അവന്റെ സ്വതസിദ്ധമായ ശൈലിയില്‍ കളിച്ച് റണ്‍സ് കണ്ടെത്തിയിട്ടുണ്ട്. ടീമിന് വിജയങ്ങളും നല്‍കിയിട്ടുണ്ട്.'' രോഹിത് പറഞ്ഞു.

പന്തിനെ പിന്തുണയ്ക്കേണ്ട സമയങ്ങള്‍ ഉണ്ടെന്നും രോഹിത്. ''ചില സമയത്ത് പന്ത് കളിക്കുന്ന രീതിയെ പിന്തുണയ്ക്കേണ്ടി വരും. എന്നാല്‍ കരുതിയ കാര്യങ്ങള്‍ മുന്നോട്ട് പോയില്ലെങ്കില്‍ എല്ലാവര്‍ക്കും നിരാശ തോന്നും. ആ പ്ലാന്‍ ചില സമയത്ത് വിജയിക്കും ചില സമയത്ത് പരാജയപ്പെടും. അദ്ദേഹം അത്തരത്തില്‍ കളിച്ച് ധാരാളം വിജയങ്ങള്‍ സമ്മാനിച്ച താരമാണ്. അതുകൊണ്ട് അങ്ങനെ കളിക്കരുതെന്ന് പറയാനാവില്ല. എന്നാല്‍ കാര്യങ്ങള്‍ ചെയ്യാനുള്ള ശരിയായ മാര്‍ഗം എന്താണെന്ന് അദ്ദേഹം കണ്ടെത്തണം. മത്സരത്തിന്റെ ചില സാഹചര്യങ്ങള്‍ വിക്കറ്റ് നഷ്ടമാകാന്‍ സാധ്യതയുമണ്ട്. അത്തരം ഘട്ടങ്ങളില്‍ റിസ്‌ക് എടുക്കാന്‍ ശ്രമിക്കേണ്ടതില്ല.'' രോഹിത് വ്യക്തമാക്കി.

പന്തിന്റെ ശൈലിയെ കുറിച്ച് രോഹിത് പറഞ്ഞതിങ്ങനെ... ''എനിക്ക് ഋഷഭ് പന്തിനെ ഏറെ കാലമായി അറിയും. അദ്ദേഹത്തിന്റെ ശൈലിയെ കുറിച്ചും വ്യക്തമായ ബോധ്യമുണ്ട്. എനിക്ക് പന്തിനോ കാര്യങ്ങളൊന്നും വ്യക്തമാക്കി കൊടുക്കേണ്ടതില്ല. അവന്‍ ഇപ്പോള്‍ വളരെ പരിചയസമ്പന്നനാണ്.'' രോഹിത് കൂട്ടിചേര്‍ത്തു.

അതേസമയം, ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. മെല്‍ബണില്‍ 184 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. 340 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇന്ത്യ 155ന് എല്ലാവരും പുറത്താവുകയായിരുന്നു. ജയ്സ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓസീസിന് വേണ്ടി പാറ്റ് കമ്മിന്‍സ്, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. നതാന്‍ ലിയോണിന് രണ്ട് വിക്കറ്റുണ്ട്. സ്‌കോര്‍: ഓസ്ട്രേലിയ 474 & 234, ഇന്ത്യ 369 & 155. ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസീന് 2-1ന് മുന്നിലെത്തി. ഇനി സിഡ്നിയിലെ ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്.

Tags:    

Similar News