പകരക്കാരായി അക്‌സര്‍ പട്ടേലും വാഷിംഗ്ടണ്‍ സുന്ദറും; ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ രവീന്ദ്ര ജഡേജയ്ക്ക് ഇടമില്ല; ടെസ്റ്റിലേക്കും ഇനി പരിഗണിച്ചേക്കില്ല; എട്ടാം നമ്പര്‍ ജഴ്‌സി സ്റ്റാറ്റസ് ഇട്ട് ഇന്ത്യന്‍ താരം; വിരമിക്കല്‍ സൂചനയെന്ന് ആരാധകര്‍

ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ രവീന്ദ്ര ജഡേജയ്ക്ക് ഇടമില്ല

Update: 2025-01-11 12:19 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം തലമുറ മാറ്റത്തിന് തയ്യാറെടുക്കുന്നതിനിടെ വെറ്ററന്‍ താരം രവീന്ദ്ര ജഡേജയും ടീമിനു പുറത്തേക്കെന്ന് റിപ്പോര്‍ട്ട്. ഏകദിന ഫോര്‍മാറ്റില്‍ രവീന്ദ്ര ജഡേജയെ ഇനി പരിഗണിക്കേണ്ടതില്ലെന്ന് സിലക്ടര്‍മാര്‍ തീരുമാനിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇന്ത്യന്‍ വെറ്ററന്‍ താരം ജഴ്‌സി സ്റ്റാറ്റസ് ഇട്ടു. അടുത്തിടെ സമാപിച്ച ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ അവസാനമായി കളിച്ച തന്റെ ടെസ്റ്റ് ജേഴ്‌സിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പോസ്റ്റ് ചെയ്തത്. ഏകദിന ഫോര്‍മാറ്റില്‍നിന്ന് ജഡേജയെ ഒഴിവാക്കാന്‍ തീരുമാനിച്ചാല്‍ സ്വാഭാവികമായും അടുത്ത മാസം നടക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍നിന്ന് താരത്തെ തഴയുമെന്നാണ് വിവരം.

കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി20 ലോകകപ്പിനു പിന്നാലെ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്കൊപ്പം രവീന്ദ്ര ജഡേജയും ട്വന്റി20 ഫോര്‍മാറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഇനി ജഡേജയെ പരിഗണിക്കേണ്ടെന്ന താല്‍പര്യത്തിനാണ് അജിത് അഗാര്‍ക്കര്‍ നേതൃത്വം നല്‍കുന്ന സിലക്ഷന്‍ കമ്മിറ്റിയില്‍ മുന്‍തൂക്കമെന്നാണ് റിപ്പോര്‍ട്ട്. ഏകദിനത്തിനു പുറമേ, ടെസ്റ്റിലും രവീന്ദ്ര ജഡേജയ്ക്ക് ഇനി കാര്യമായ ഭാവിയില്ലെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. ജഡേജയ്ക്കു പകരം യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനാണ് സിലക്ഷന്‍ കമ്മിറ്റി ആലോചിക്കുന്നത്. സ്പിന്‍ ഓള്‍റൗണ്ടര്‍മാരായ അക്‌സര്‍ പട്ടേലും വാഷിംഗ്ടണ്‍ സുന്ദറുമാണ് മുന്‍നിരയില്‍. വരുണ്‍ ചക്രവര്‍ത്തിക്കും കുല്‍ദീപ് യാദവിനും പുറമെ ഒട്ടേറെ യുവതാരങ്ങളും ഇന്ത്യന്‍ ടീമില്‍ അവസരം തേടുന്നുണ്ട്്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലും ജഡേജയുടെ പ്രകടനം ഒട്ടും ആശാസ്യമായിരുന്നില്ല. ആര്‍ അശ്വിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചതോടെ ജഡേജയായിരുന്നു ടീമിലെ സീനിയര്‍ സ്പിന്‍ ബൗളര്‍. എന്നാല്‍ നിരാജശജനകമായ പ്രകടനമാണ് താരം പുറത്തെടുത്തത്. അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയിലെ മൂന്നു മത്സരങ്ങളിലും കളിച്ചെങ്കിലും ജഡേജയ്ക്ക് കാര്യമായ തോതില്‍ ബാറ്റുകൊണ്ടോ പന്തുകൊണ്ടോ സംഭാവന നല്‍കാനായില്ല. ആകെ 135 റണ്‍സ് മാത്രം നേടിയ ജഡേജയുടെ ശരാശരി 27 മാത്രമായിരുന്നു. മൂന്നു ടെസ്റ്റുകളില്‍നിന്ന് നേടാനായത് നാലു വിക്കറ്റും. പരമ്പര 3 -1ന് തോറ്റ ഇന്ത്യ 10 വര്‍ഷങ്ങള്‍ക്കു ശേഷം ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി കൈവിടുകയും ചെയ്തിരുന്നു.

ജഴ്‌സിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെ ജഡേജയുടെ കരിയര്‍ സംബന്ധിച്ച് ശക്തമായ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍. താരം വിരമിക്കാന്‍ ഒരുങ്ങുകയാണെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഫാന്‍സ് അനുമാനിക്കുന്നത്.

ഓസീസിനെതിരെ ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ രവീന്ദ്ര ജഡേജ 77 റണ്‍സ് നേടിയിരുന്നു. എന്നാല്‍ മൊത്തത്തില്‍, മൂന്ന് മത്സരങ്ങളില്‍ നിന്ന് 135 റണ്‍സ് മാത്രമേ അദ്ദേഹത്തിന് നേടാന്‍ സാധിച്ചിരുന്നുള്ളൂ. മാത്രമല്ല നാല് വിക്കറ്റ് മാത്രമാണ് നേടാനായത്. ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയേക്കും.

ഐസിസി ചാംപ്യന്‍സ് ട്രോഫിക്കും അതിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ നടക്കുന്ന നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരയ്ക്കും തയ്യാറെടുക്കുകയാണ് ഇന്ത്യ. അഞ്ച് ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് ഇംഗ്ലണ്ട്, ഇന്ത്യയില്‍ കളിക്കുക. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ 12ന് തിരഞ്ഞെടുക്കും.

Tags:    

Similar News