ഇംഗ്ലണ്ടിനെ വിറപ്പിച്ച് നേപ്പാൾ; ഒടുവിൽ കൈപ്പിടിയിലൊതുങ്ങിയ വിജയം 4 റൺസിന് കൈവിട്ടു; വാംഖഡെയിൽ വിയർത്ത് ജോഫ്ര ആർച്ചർ; അവസാന പന്തിൽ ജയിച്ചു കയറി ഹാരി ബ്രൂക്കും സംഘവും
മുംബൈ: ടി20 ലോകകപ്പിൽ നേപ്പാളിനെതിരായ ആവേശകരമായ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് നാല് റൺസ് വിജയം. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അവസാന പന്ത് വരെ പോരാട്ടം കാഴ്ചവെച്ച നേപ്പാൾ ചരിത്ര വിജയത്തിന് തൊട്ടടുത്തെത്തിയെങ്കിലും പരാജയം സമ്മതിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ നേപ്പാളിന് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.
ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ജേക്കബ് ബേതലിന്റെ (55 റൺസ്) അർദ്ധ സെഞ്ച്വറിയും ഹാരി ബ്രൂക്കിന്റെ (53 റൺസ്) കരുത്തിലാണ് ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് നേടിയത്. മികച്ച പ്രകടനവുമാണ് ഇംഗ്ലണ്ടിന് മികച്ച സ്കോർ സമ്മാനിച്ചത്. 18 പന്തിൽ പുറത്താവാതെ 39 റൺസ് നേടിയ വിൽ ജാക്ക്‌സും നിർണായക സംഭാവന നൽകി. നേപ്പാളിനായി നന്ദൻ യാദവ് (3 ഓവറിൽ 25/2), ദീപേന്ദ്ര സിംഗ് ഐറി (2 വിക്കറ്റ്) മികച്ച ബൗളിംഗ് കാഴ്ച്ചവെച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ നേപ്പാളിന് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുക്കാനേ സാധിച്ചുള്ളൂ. ദിപേന്ദ്ര സിംഗ് ഐരി 29 പന്തിൽ നിന്ന് 44 റൺസെടുത്ത് നേപ്പാളിന്റെ ടോപ് സ്കോററായി. 20 പന്തിൽ 39 റൺസ് നേടിയ ലോകേഷ് ബാമിന്റെ വെടിക്കെട്ട് ഇന്നിംഗ്സാണ് നേപ്പാളിനെ വിജയ പ്രതീക്ഷയിൽ നിലനിർത്തിയത്. കുശാൽ ഭർത്തർ (17 പന്തിൽ 29), രോഹിത് പൗഡൽ (34 പന്തിൽ 39) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു.
അവസാന മൂന്ന് ഓവറിൽ 46 റൺസ് വേണ്ടിയിരുന്ന നേപ്പാൾ ജോഫ്ര ആർച്ചർ എറിഞ്ഞ 18-ാം ഓവറിൽ 22 റൺസ് അടിച്ചെടുത്ത് വിജയപ്രതീക്ഷ സജീവമാക്കി. അവസാന ഓവറിൽ 10 റൺസ് മാത്രം ജയിക്കാൻ വേണ്ടിയിരുന്ന സാഹചര്യത്തിൽ, സാം കറന്റെ കൃത്യതയാർന്ന ബൗളിംഗാണ് ഇംഗ്ലണ്ടിന് നാല് റൺസിന്റെ വിജയം സമ്മാനിച്ചത്. പരിചയസമ്പത്ത് ഇംഗ്ലണ്ടിന് തുണയായപ്പോൾ, അവിശ്വസനീയമായ ഒരു വിജയമാണ് നേപ്പാളിന് കൈവിട്ടുപോയത്. ഇംഗ്ലണ്ടിനായി ലിയാം ഡോസൺ 4 ഓവറിൽ 21റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. സാം കറൻ, ആർച്ചർ, ലൂക്ക് വുഡ് എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.
