ഈഡന് ഗാര്‍ഡന്‍സിലേത് പരമ്പരാഗതമായി ബാറ്റര്‍മാരെ തുണയ്ക്കുന്ന പിച്ച്; മഴയ്ക്കല്ല, മഞ്ഞിന് സാധ്യത; മൂന്ന് പേസര്‍മാരും ഒരു സ്പിന്നറുമായി ഇംഗ്ലണ്ട് ടീം; ആദ്യ ട്വന്റി 20ക്കുള്ള ഇന്ത്യയുടെ സാധ്യത ഇലവന് ഇങ്ങനെ
ആദ്യ ട്വന്റി 20ക്കുള്ള ഇന്ത്യയുടെ സാധ്യത ഇലവന് ഇങ്ങനെ
കൊല്‍ക്കത്ത: ചാമ്പ്യന്‍സ് ട്രോഫി പോരാട്ടത്തിനുള്ള മുന്നൊരുക്കത്തിനിടെ നാളെ ഇന്ത്യ - ഇംഗ്ലണ്ട് ട്വന്റി 20 പോരാട്ടത്തിന് തുടക്കമാകും. കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ വൈകിട്ട് ഏഴിനാണ് അഞ്ച് മത്സരങ്ങളിലെ ആദ്യ ട്വന്റി 20 മത്സരം. പരിക്കില്‍ നിന്നും മോചിതനായി തിരിച്ചെത്തിയ മുഹമ്മദ് ഷമിയുടെ പ്രകടനമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പതിനാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നത്.
സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണ് ഓപ്പണിംഗ് സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത് എന്നിവരെ ചാമ്പ്യന്‍സ് ട്രോഫിക്കായി മാറ്റി നിര്‍ത്തിയപ്പോള്‍ ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ടീമില്‍ കാര്യമായ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.
പരമ്പരാഗതമായി ബാറ്റര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചാണ് കൊല്‍ക്കത്തയിലേത്. എന്നാല്‍ മഞ്ഞുണ്ടായിരിക്കും. അതുകൊണ്ടുതന്നെ ആദ്യം ടോസ് നേടുന്ന ടീം ബൗളിംഗ് തിരഞ്ഞെടുത്തേക്കും. മഴയ്ക്ക് സാധ്യതയില്ല. തെളിഞ്ഞ ആകാശമാണ് കൊല്‍ക്കത്തയില്‍. ക്രിക്കറ്റ് ആരാധകര്‍ക്ക് മുഴുവന്‍ ഓവര്‍ മത്സരവും കാണാം.
ഇന്ത്യന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഓപ്പണര്‍മാരായി അഭിഷേക് ശര്‍മയും സഞ്ജു സാംസണും തുടരും. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണോ തിലക് വര്മയാണോ മൂന്നാം സ്ഥാനത്തെന്നുള്ളതാണ് ആശയക്കുഴപ്പം. സൂര്യയുടെ സ്ഥാനമായിരുന്നു അത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന രണ്ട് ട്വന്റി 20 മത്സരങ്ങളില്‍ തിലക് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുകയും രണ്ട് സെഞ്ചുറി നേടുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരെ എങ്ങനെ ആയിരിക്കുമെന്നുള്ളത് കണ്ടറിയണം. പ്രധാന ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്തേക്കും.
ചിലപ്പോള്‍ അക്സര്‍ പട്ടേലിന് സ്ഥാനക്കയറ്റവും നല്‍കിയേക്കും. ഓസ്ട്രേലിയന്‍ പര്യടനത്തിന് ശേഷം തിരിച്ചെത്തിയ നിതീഷ് കുമാര്‍ റെഡ്ഡിയും ടീമില്‍ ഇടംപിടിക്കുമെന്നാണ് സൂചന. ഫിനിഷറുടെ റോളിലാണ് റിങ്കു സിംഗ് വീണ്ടും എത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി ടീം ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നുവെന്നുള്ളതാണ് ബൗളിംഗ് നിരയിലെ സവിശേഷത.
ജോസ് ബട്ലറാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍. ആദ്യ മത്സരത്തിനുള്ള ടീമിനെ നേരത്തെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരുന്നു. ഫാസ്റ്റ് ബൗളര്‍ ഗുസ് അറ്റ്കിന്സണ് ഇംഗ്ലണ്ട് തിരിച്ചെത്തി. 2023 ഡിസംബറിലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ അവസാനമായി കളിച്ചതിന് ശേഷം ഒരു വര്‍ഷത്തിലേറെയായി ടീമിലില്ലായിരുന്നു അറ്റ്കിന്സണ്. ജോഫ്ര ആര്‍ച്ചര്‍, ജാമി ഓവര്ട്ടണ്, മാര്‍ക്ക് വുഡ് എന്നീ പേസര്‍മാര്‍ ഇംഗ്ലണ്ട് നിരയിലുണ്ട്.
ഇംഗ്ലണ്ടിനായി ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാറുള്ള അറ്റ്കിന്സണ് നിശ്ചിത ഓവര്‍ ക്രിക്കറ്റിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. സ്പെഷ്യലിസ്റ്റ് സ്പിന്നറായി ആദില്‍ റഷീദ് ടീമിലെത്തി. ലിയാം ലിവിംഗ്സ്റ്റണും ജേക്കബ് ബെഥേലും സ്പിന്‍ എറിയും.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്: ബെന്‍ ഡക്കറ്റ്, ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റണ്, ജേക്കബ് ബെഥേല്‍, ജാമി ഓവര്ട്ടണ്, ഗസ് അറ്റ്കിന്സണ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.
ഇന്ത്യയുടെ സാധ്യതാ ഇലവന്
അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്.
ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, വാഷിംഗ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍).