'അന്ന് ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ രണ്ട് ഇന്നിങ്‌സിലും പുറത്തായ കോലി; അതേ രീതിയില്‍ ഓസിസ് പര്യടനത്തിലും പുറത്തായി'; അതേ ദൗര്‍ബല്യം ഇപ്പോഴുമുണ്ടെന്നത് അവിശ്വസനീയം; വിമര്‍ശനവുമായി മുഹമ്മദ് കൈഫ്

വിരാട് കോലിക്കെതിരെ വിമര്‍ശനവുമായി മുഹമ്മദ് കൈഫ്

Update: 2025-01-30 10:04 GMT

ന്യൂഡല്‍ഹി: ക്രിക്കറ്റ് കരിയറിന്റെ തുടക്ക കാലഘട്ടത്തിലുള്ള ബാറ്റിംഗിലെ ദൗര്‍ബല്യങ്ങള്‍ വിരാട് കോലിയില്‍ ഇപ്പോഴും തുടരുന്നത് അവിശ്വസനീയമായി തോന്നുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. 13 വര്‍ഷം മുന്‍പ് വിരാട് കോലി ഏറ്റവും ഒടുവില്‍ രഞ്ജി ട്രോഫി മത്സരം കളിക്കുമ്പോള്‍, എതിര്‍ ടീമില്‍ താനും അംഗമായിരുന്നുവെന്നും അന്ന് ശ്രദ്ധിച്ച ദൗര്‍ബല്യങ്ങള്‍ ഇപ്പോഴും കോലിയിലുണ്ടെന്നുമാണ് മുഹമ്മദ് കൈഫ് വെളിപ്പെടുത്തിയത്.

2012ല്‍ ഡല്‍ഹിയിലും ഉത്തര്‍ പ്രദേശും ഏറ്റുമുട്ടിയ രഞ്ജി മത്സരത്തില്‍ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ രണ്ട് ഇന്നിങ്‌സിലും പുറത്തായ കോലി, അതേ രീതിയിലാണ് അടുത്തിടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും പുറത്തായതെന്ന് കൈഫ് ചൂണ്ടിക്കാട്ടി. 13 വര്‍ഷമായിട്ടും അതേ ദൗര്‍ബല്യം കോലിക്കൊപ്പമുണ്ട് എന്നത് തന്നെ അദ്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

''അന്നത്തെ മത്സരത്തില്‍ പ്രധാനപ്പെട്ട താരങ്ങളെല്ലാം ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശിനായി സുരേഷ് റെയ്‌ന, മുഹമ്മദ് കൈഫ്, ഭുവനേശ്വര്‍ കുമാര്‍, പ്രവീണ്‍ കുമാര്‍ എന്നിവരും ഡല്‍ഹിക്കായി വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍, വിരാട് കോലി, ആശിഷ് നെഹ്‌റ, ഇഷാന്ത് ശര്‍മ തുടങ്ങിയവരും കളത്തിലിറങ്ങി.

ഈ മത്സരത്തില്‍ ഭുവനേശ്വര്‍ കുമാറിന്റെ പന്തുകള്‍ തൊടാനാകാതെ കോലി പലതവണ വിഷമിച്ചിരുന്നതായി കൈഫ് വെളിപ്പെടുത്തി. ഒടുവില്‍ ഭുവിയുടെ പന്ത് കോലിയുടെ ബാറ്റില്‍ത്തട്ടി സ്ലിപ്പില്‍ താന്‍ തന്നെ ക്യാച്ചെടുത്താണ് അദ്ദേഹം പുറത്തായതെന്നും കൈഫ് പറഞ്ഞു.

''കോലിയെ സംബന്ധിച്ച് ഇതൊരു പരീക്ഷണ ഘട്ടമാണെന്ന് എനിക്കു തോന്നി. ഏതു നിമിഷവും കോലിയുടെ ബാറ്റില്‍ത്തട്ടി പന്ത് സ്ലിപ്പിലേക്ക് വരുമെന്ന ഉറപ്പില്‍ ഞാന്‍ ജാഗ്രതയോടെയാണ് നിന്നത്. ഒടുവില്‍ ഭുവനേശ്വര്‍ കുമാറിനെതിരെ ഡ്രൈവിനുള്ള ശ്രമത്തില്‍ സ്ലിപ്പില്‍ എന്റെ തന്നെ കയ്യില്‍ കോലി അവസാനിച്ചു' കൈഫ് വിശദീകരിച്ചു.

ആ മത്സരത്തിനു ശേഷം 12 വര്‍ഷം കഴിഞ്ഞാണ് കോലി മറ്റൊരു രഞ്ജി ട്രോഫി മത്സരം കളിക്കുന്നു എന്നത് വിസ്മയകരമാണെന്നും കൈഫ് അഭിപ്രായപ്പെട്ടു.

''അന്ന് ഞങ്ങള്‍ക്കെതിരെ ഡല്‍ഹിക്കായി കളിച്ചതാണ് രഞ്ജി ട്രോഫിയില്‍ കോലിയുടെ അവസാന മത്സരമെന്നു കേട്ടപ്പോള്‍ എനിക്കു വിശ്വസിക്കാനായില്ല. അന്ന് കോലിയുടെ ബാറ്റിങ്ങില്‍ ഞങ്ങള്‍ ശ്രദ്ധിച്ച ദൗര്‍ബല്യങ്ങളാണ് ഇപ്പോഴും അദ്ദേഹത്തിനുള്ളത്. അന്ന് രണ്ട് ഇന്നിങ്‌സിലും ഭുവനേശ്വര്‍ കുമാറാണ് കോലിയെ പുറത്താക്കിയത്. സമാനമായ രീതിയിലാണ് ഇപ്പോഴും കോലി പുറത്താകുന്നത്. അന്ന് രഞ്ജിയില്‍ പുറത്തായ അതേ രീതിയിലാണ് അടുത്തിടെ ഓസീസിനെതിരെ കോലി തുടര്‍ച്ചയായി പുറത്തായത്' കൈഫ് പറഞ്ഞു.

Tags:    

Similar News