ഇന്ത്യക്കെതിരായ ഏകദിന പരമ്പര കൈവിട്ടു; പിന്നാലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും പുറത്ത്; ഇംഗ്ലണ്ട് നായകസ്ഥാനം ഒഴിഞ്ഞ് ജോസ് ബട്‌ലര്‍; ഹാരി ബ്രൂക്ക് അടുത്ത ക്യാപ്റ്റന്‍ ആകണമെന്ന് നാസര്‍ ഹുസൈന്‍
ജോസ് ബട്‌ലര്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായക പദവി ഒഴിഞ്ഞു
ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയയോടും അഫ്ഗാനിസ്ഥാനോടും പരാജയപ്പെട്ട് സെമി കാണാതെ പുറത്തായതിനു പിന്നാലെ ഇംഗ്ലണ്ട് വൈറ്റ് ബാള്‍ ക്രിക്കറ്റ് നായക പദവി ഒഴിഞ്ഞ് ജോസ് ബട്‌ലര്‍. ഗ്രൂപ്പ് റൗണ്ടില്‍ തുടര്‍ച്ചയായി രണ്ടു മത്സരങ്ങളും തോറ്റ് ഇംഗ്ലണ്ട് സെമി കാണാതെ പുറത്തായിരുന്നു. ശനിയാഴ്ച ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തോടെയാണ് ബട്‌ലര്‍ പദവി ഒഴിയുക. ഇന്ത്യക്കെതിരെ നടന്ന മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും സമ്പൂര്‍ണ തോല്‍വി വഴങ്ങിയിരുന്നു.
നിലവില്‍ ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകന്‍. ചാമ്പ്യന്‍സ് ട്രോഫിയില്‍ ആദ്യത്തെ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെയും രണ്ടാമത്തെ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോടുമാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്. ഇംഗ്ലണ്ട് അവസാനമായി കളിച്ച 21 ഏകദിന മത്സരങ്ങളില്‍ 15ഉം പരാജയപ്പെട്ടു. എനിക്കും ടീമിനും ഇതാണ് ശരിയായ സമയമെന്ന് വിരമിക്കല്‍ തീരുമാനത്തെക്കുറിച്ച് 34കാരനായ താരം പ്രതികരിച്ചു.
നേരത്തെ ബട്‌ലറുടെ രാജി ആവശ്യപ്പെട്ട് മുന്‍ നായകന്‍ നാസര്‍ ഹുസൈനടക്കം രംഗത്ത് വന്നിരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ അടുത്ത ക്യാപ്റ്റനായി ഹാരി ബ്രൂക്ക് എത്തണമെന്നും നാസര്‍ ഹുസൈന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ചില ആശങ്കകളും ഹുസൈന്‍ പങ്കുവെച്ചു.
ഇംഗ്ലണ്ട് ടീം തുടര്‍ച്ചയായി തോല്‍വികള്‍ നേരിടുന്നതിനാല്‍ ജോസ് ബട്‌ലര്‍ നായകസ്ഥാനം ഒഴിയേണ്ടതുണ്ട്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പുതിയ നായകനായി താന്‍ കാണുന്നത് ഹാരി ബ്രൂക്കിനെയാണ്. എന്നാല്‍ ബ്രൂക്കിനെ നായകനാക്കുന്നതില്‍ ചില പ്രശ്‌നങ്ങളുണ്ട്. ഇന്ത്യയ്‌ക്കെതിരെയും പിന്നാലെ ഓസീസിനെതിരെ ആഷസ് പരമ്പരയും വരാനിരിക്കുകയാണ്. ബ്രൂക്കിനെപോലെ ഒരു യുവതാരത്തിന് മേല്‍ ക്യാപ്റ്റന്‍സിയുടെ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നത് ഗുണം ചെയ്യില്ല. ഇംഗ്ലണ്ടിനായി ടെസ്റ്റ് കളിക്കുന്ന താരങ്ങള്‍ തന്നെ ഏകദിന, ട്വന്റി 20 മത്സരങ്ങളും കളിക്കുന്നു. നായകസ്ഥാനം കൂടി ഏല്‍പ്പിച്ചാല്‍ അത് കഠിനമാകും. നാസര്‍ ഹുസൈന്‍ ചൂണ്ടിക്കാട്ടി.
ഹണ്ട്രഡ് ലീഗിലും ഓസ്‌ട്രേലിയയ്‌ക്കെതിരെ ഏകദിന പരമ്പരയിലും ബ്രൂക്ക് നായകനായത് താന്‍ ആസ്വദിച്ചു. ബാറ്ററായും നായകനായും മികവ് പുലര്‍ത്താന്‍ ഹാരി ബ്രൂക്കിന് കഴിയുന്നുണ്ട്. എന്നാല്‍ അധികറോളുകള്‍ നല്‍കി ബ്രൂക്കിന്റെ മികവ് നഷ്ടമാക്കരുതെന്ന് ഹുസൈന്‍ വ്യക്തമാക്കി.
2019ലെ ഏകദിന ലോകകപ്പിന് ശേഷം 29 ഏകദിനങ്ങളില്‍ വിജയിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം 34ല്‍ പരാജയപ്പെട്ടു. 2021ലാണ് ജോസ് ബട്‌ലര്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായകസ്ഥാനം ഏറ്റെടുത്തത്. 38 ഏകദിനങ്ങളില്‍ ബട്‌ലര്‍ ഇംഗ്ലണ്ടിനെ നയിച്ചപ്പോള്‍ 14ല്‍ മാത്രമാണ് വിജയം നേടാനായത്. 2023ലെ ഏകദിന ലോകകപ്പില്‍ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് ഇംഗ്ലണ്ടിന് വിജയിക്കാനായത്. എങ്കിലും ബട്‌ലറെ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കാനായിരുന്നു ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ തീരുമാനം. എന്നാല്‍ ഇതിന് ശേഷം ഇംഗ്ലണ്ട് കളിച്ച 18 ഏകദിനങ്ങളില്‍ നാലില്‍ മാത്രമാണ് ടീമിന് വിജയിക്കാനായത്. ഇതില്‍ രണ്ട് മത്സരങ്ങള്‍ ഹാരി ബ്രൂക്ക് ആയിരുന്നു ഇംഗ്ലണ്ട് നായകന്‍.