'ഇനി നമുക്ക് വിരമിക്കേണ്ടിവരില്ലല്ലോ'! വിജയ നിമിഷത്തില്‍ ചിരിയോടെ കോലിയെ ചേര്‍ത്തുപിടിച്ച് രോഹിതിന്റെ ആശ്വാസ വാക്കുകള്‍; അതെയെന്ന അര്‍ത്ഥത്തില്‍ തലയാട്ടി കോലി; കിരീടപ്പോരിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ കരിയറിനെക്കുറിച്ച് സൂചന നല്‍കി ഇന്ത്യന്‍ നായകന്‍

കിരീടപ്പോരിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ കരിയറിനെക്കുറിച്ച് സൂചന നല്‍കി ഇന്ത്യന്‍ നായകന്‍

Update: 2025-03-10 12:22 GMT

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ കിരീട നേട്ടത്തിന് ശേഷമുള്ള ഇന്ത്യന്‍ ടീമിന്റെ ആഘോഷങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തപ്പോള്‍ അതില്‍ ഏറ്റവും ആഹ്ലാദം പകര്‍ന്ന നിമിഷങ്ങള്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും തമ്മിലുള്ളതായിരുന്നു. ജഡേജയുടെ ബാറ്റില്‍ നിന്ന് വിജയറണ്‍ പിറന്നതിന് പിന്നാലെ പരസ്പരം ആലിംഗനം ചെയ്ത ഇരുവരും ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി. പിന്നീട് സ്റ്റംപുകള്‍ കൈക്കലാക്കിയശേഷം ഗ്രൗണ്ടില്‍ കുട്ടികളെപ്പോലെ തുള്ളിച്ചാടി ദണ്ഡിയ നൃത്തം ചവിട്ടി ആഘോഷിച്ചു. ഇതിനിശേഷം കോലിയുടെ അടുത്തെത്തിയ രോഹിത് പറഞ്ഞ വാക്കുകള്‍ ക്യാമറകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. 'ഇനി നമുക്ക് വിരമിക്കേണ്ടിവരില്ലല്ലോ' എന്നായിരുന്നു ചിരിയോടെ കോലിയെ ചേര്‍ത്തുപിടിച്ച് രോഹിത് പറഞ്ഞത്. രോഹിത്തിന്റെ വാക്കുകള്‍ക്ക് അതെയെന്ന അര്‍ത്ഥത്തില്‍ കോലി തലയാട്ടുകയും ചെയ്തു.

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലന്‍ഡിനെ നാലു വിക്കറ്റിന് തകര്‍ത്ത് രണ്ടാം ഐസിസി കിരീടം നേടിയ രോഹിത് കിരീടപ്പോരിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലും ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. വാര്‍ത്താ സമ്മേളനത്തിനിടെ, ആരും ചോദിക്കാതെ തന്നെ ഒരു കാര്യം കൂടി പറയാനുണ്ടെന്ന് പറഞ്ഞ രോഹിത്. ഞാന്‍ ഏകദിനങ്ങളില്‍ നിന്ന് വിരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കാന്‍ വേണ്ടിയാണ് ഇത് പറയുന്നതെന്നും വ്യക്തമാക്കി. ചോദ്യത്തിനുള്ള മറുപടിയായല്ല സ്വയം പ്രഖ്യാപിക്കുന്ന രീതിയിലായിരുന്നു രോഹിത്തിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് നടന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മോശം ഫോമിന് പിന്നാലെ രോഹിത് ടെസ്റ്റില്‍ നിന്നും ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയാല്‍ ഏകദിനത്തില്‍ നിന്നും വിരമിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ട്വന്റി 20 ലോകകപ്പ് കിരീടം നേടിയശേഷം ടി20 ക്രിക്കറ്റില്‍ നിന്ന് രോഹിത്തും കോലിയും ജഡേജയും കഴിഞ്ഞവര്‍ഷം വിരമിച്ചിരുന്നു. അതുപോലെ ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയാല്‍ രോഹിത് വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിക്കുശേഷവും ഏകദിനങ്ങളില്‍ തുടരുമെന്ന തന്നെയാണ് ഇന്ത്യന്‍ നായകന്‍ നല്‍കുന്ന സൂചന.


 



കാര്യങ്ങളെല്ലാം സാധാരണഗതിയില്‍ തന്നെ മുന്നോട്ടുപോകും. ഭാവി പദ്ധതികളെക്കുറിച്ചാണെങ്കില്‍, അങ്ങനെയൊരു ഭാവി പദ്ധതിയില്ല. വരാനുള്ളത് വരുന്നിടത്തുവെച്ചുകാണാമെന്നായിരുന്നു രോഹിത്തിന്റെ മറുപടി. ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ നാലുകളികളിലും ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ കഴിയാതിരുന്നതോടെയാണ് രോഹിത്തിന്റെ ഭാവി സംബന്ധിച്ച് ചോദ്യങ്ങളുയര്‍ന്നത്. ഓസ്‌ട്രേലിയക്കെതരായ ടെസ്റ്റ് പരമ്പരയിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ചാമ്പ്യന്‍സ് ട്രോഫിയിലും നിറം മങ്ങിയതോടെ രോഹിത് വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു.

എന്നാല്‍ ഫൈനലില്‍ അര്‍ധസെഞ്ച്വറി നേടി ഇന്ത്യയുടെ വിജയശില്‍പിയായതോടെ ഹിറ്റ്മാനെന്ന തന്റെ പേര് രോഹിത് നിലനിര്‍ത്തി. തടി കൂടിയെന്നും കളി മതിയാക്കാനും പറഞ്ഞവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു കിരീടപ്പോരാട്ടത്തില്‍ രോഹിത് ബാറ്റുകൊണ്ട് നല്‍കിയത്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച പ്രകടനം കലാശപ്പോരിന് കാത്തുവെച്ച ക്യാപ്റ്റന്‍ ഐസിസി ഫൈനലിലെ തന്റെ ആദ്യ അര്‍ധസെഞ്ച്വറി കൂടിയാണ് ഇന്നലെ സ്വന്തമാക്കിയത്. ഭാവി പദ്ധതി ഇല്ലെന്ന് പറയുമ്പോഴും തീര്‍ക്കാന്‍ ബാക്കി വച്ചൊരു കണക്കുണ്ട് രോഹിതിന്. 2023ല്‍ കൈയകലെ നഷ്ടപ്പെട്ട ഏകദിന ലോകകപ്പ് കിരീടം.

Tags:    

Similar News