ക്യാപ്റ്റനായി അരങ്ങേറ്റത്തില്‍ നിര്‍ണായക ടോസ് വിജയിച്ച് അക്ഷര്‍ പട്ടേല്‍; ഫീല്‍ഡിംഗ് തെരഞ്ഞെടുത്തത് രണ്ടാം ഇന്നിംഗ്‌സില്‍ ഗ്രൗണ്ടില്‍ ഈര്‍പ്പമുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട്; അഭിമാന പോരാട്ടത്തിന് ഋഷഭ് പന്തിന്റെ സംഘവും; ലക്‌നൗവിന് മിന്നുന്ന തുടക്കം

ലക്‌നൗവിന് മിന്നുന്ന തുടക്കം

Update: 2025-03-24 14:27 GMT

വിശാഖപട്ടണം: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന ലക്‌നൗ പവര്‍ പ്ലേ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സ് എന്ന നിലയിലാണ്. 15 റണ്‍സ് എടുത്ത എയ്ഡന്‍ മാര്‍ക്രമിന്റെ വിക്കറ്റാണ് ലക്‌നൗവിന് നഷ്ടമായത്.

ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ അക്ഷര്‍ പട്ടേല്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ഗ്രൌണ്ടില്‍ ഈര്‍പ്പമുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് തീരുമാനമെന്ന് ഡല്‍ഹി നായകന്‍ അക്ഷര്‍ പട്ടേല്‍ പറഞ്ഞു.

വിജയത്തോടെ ഐപിഎല്ലിന്റെ 18-ാം സീസണ് തുടക്കം കുറിക്കാനാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സ് വിട്ട് ലഖ്‌നൌ സൂപ്പര്‍ ജയന്റ്‌സ് ടീമിലെത്തിയ സൂപ്പര്‍ താരം ഋഷഭ് പന്തിന്റെ പ്രകടനത്തിലേയ്ക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫി നേടിയ ഇന്ത്യന്‍ ടീമില്‍ ഒരു മത്സരത്തില്‍ പോലും പന്തിന് അവസരം ലഭിച്ചിരുന്നില്ല.

27 കോടി രൂപയ്ക്ക് ലഖ്‌നൌവിലെത്തിയ പന്തിന് ഇന്നത്തെ മത്സരം ഏറെ പ്രധാനപ്പെട്ടതാണ്. അതേസമയം, രണ്ട് സീസണില്‍ ലഖ്‌നൌവിലെ നയിച്ച കെ.എല്‍ രാഹുല്‍ ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടിയാണ് കളത്തിലിറങ്ങുന്നത്. അക്ഷര്‍ പട്ടേല്‍ നയിക്കുന്ന ഡല്‍ഹി ടീമില്‍ രാഹുലിന്റെ സാന്നിധ്യം ഏറെ നിര്‍ണായകമാണെങ്കിലും ഇന്നത്തെ മത്സരത്തില്‍ രാഹുല്‍ കളിക്കില്ല.

വിശാഖപട്ടണത്തെ എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വന്‍ സ്‌കോര്‍ പിറക്കുമെന്നാണ് വിലയിരുത്തല്‍. താരതമ്യേന റണ്‍സൊഴുകുന്ന വിശാഖപട്ടണത്തെ സ്റ്റേഡിയത്തില്‍ ശരാശരി 170 റണ്‍സാണ് ശരാശരി ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍.

ഐപിഎല്ലിലെ ഇരുടീമുകളും തമ്മിലുള്ള പോരാട്ട ചരിത്രം പരിശോധിച്ചാല്‍ ലഖ്‌നൌവിനാണ് മേല്‍ക്കൈ. പരസ്പരം ഏറ്റുമുട്ടിയ 5 മത്സരങ്ങളില്‍ 3 തവണയും വിജയം ലഖ്‌നൌവിനൊപ്പമായിരുന്നു. എന്നാല്‍, അവസാന സീസണില്‍ രണ്ട് തവണ ഏറ്റുമുട്ടയപ്പോള്‍ രണ്ടിലും ഡല്‍ഹി വിജയിച്ചു.

ഡല്‍ഹി ക്യാപിറ്റല്‍സ് പ്ലേയിംഗ് ഇലവന്‍: ജേക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക്, ഫാഫ് ഡു പ്ലെസിസ്, അഭിഷേക് പോറല്‍, സമീര്‍ റിസ്വി, വിപഞ്ച് നിഗം, അക്‌സര്‍ പട്ടേല്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, മോഹിത് ശര്‍മ്മ.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലേയിംഗ് ഇലവന്‍: ആയുഷ് ബദോണി, മിച്ചല്‍ മാര്‍ഷ്, എയ്ഡന്‍ മാര്‍ക്രം, റിഷഭ് പന്ത്, നിക്കോളാസ് പൂരാന്‍, ഡേവിഡ് മില്ലര്‍, ദിഗ്വേഷ് സിംഗ്, പ്രിന്‍സ് യാദവ്, ഷഹബാസ് അഹമ്മദ്, ഷാര്‍ദുല്‍ ഠാക്കൂര്‍, രവി ബിഷ്നോയ്.

Tags:    

Similar News