വിരാട് കോലിയെ രണ്ടു വര്‍ഷ കരാറില്‍ ടീമിലെത്തിച്ചു! ബിഗ് ബാഷ് ലീഗില്‍ മൂന്നു തവണ ചാംപ്യന്‍മാരായ സിഡ്‌നി സിക്‌സേഴ്‌സിന്റെ പ്രഖ്യാപനം കണ്ട് ഞെട്ടി ആരാധകര്‍; യാഥാര്‍ഥ്യം അറിഞ്ഞപ്പോള്‍ അമ്പരപ്പ്

'വിരാട് കോലി 2 വര്‍ഷത്തേക്ക് ബിഗ്ബാഷ് ലീഗിലേക്ക്'

Update: 2025-04-01 12:04 GMT

സിഡ്നി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. രണ്ടാം റൗണ്ട് പോരാട്ടങ്ങള്‍ മുന്നേറവെ ആരാധകരുടെ പ്രതീക്ഷക്കൊത്ത് പല സൂപ്പര്‍ താരങ്ങളും മികവ് കാട്ടുന്നുണ്ട്. പ്രഥമ സീസണ്‍ മുതല്‍ കളിച്ചിട്ടും കപ്പടിക്കാന്‍ സാധിക്കാത്ത റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിന് ഇത്തവണ വലിയ പ്രതീക്ഷ നല്‍കുന്ന തുടക്കമാണ് ലഭിച്ചിരിക്കുന്നത്. വിരാട് കോലി കളിക്കുന്ന ആര്‍സിബിക്ക് വലിയ ആരാധക പിന്തുണയുണ്ടെങ്കിലും കിരീട ഭാഗ്യം ഇതുവരെ ഉണ്ടായിട്ടില്ല.

ആര്‍സിബിക്കൊപ്പം ഇത്തവണ അര്‍ധ സെഞ്ച്വറി പ്രകടനമടക്കം നടത്തി ഞെട്ടിക്കാന്‍ കോലിക്ക് സാധിച്ചിരിക്കുകയാണ്. കോലിയും ആര്‍സിബിയും മികച്ച തുടക്കം ലഭിച്ചതിന്റെ ആവേശത്തില്‍ നില്‍ക്കുമ്പോള്‍ ആരാധകരെ ഞെട്ടിക്കുന്ന പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബാഷ് ലീഗ് ടീമായ സിഡ്നി സിക്സേഴ്സ്. രണ്ട് വര്‍ഷത്തേക്ക് വിരാട് കോലിയെ സിഡ്നി സിക്സേഴ്സ് സ്വന്തമാക്കിയെന്ന പോസ്റ്റാണ് ടീം പങ്കുവെച്ചത്. ഔദ്യോഗിക പേജില്‍ നിന്ന് സിഡ്നി സിക്സേഴ്സ് പങ്കുവെച്ച പോസ്റ്റ് ആരാധകരെ ശരിക്കും ആശയക്കുഴപ്പത്തിലാക്കി. കോലി ആര്‍സിബി മതിയാക്കി ബിബിഎല്‍ കളിക്കാന്‍ പോവുകയാണോ എന്നടക്കമുള്ള പല അഭ്യൂഹങ്ങളും പ്രചരിച്ചു.

ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോലി അടുത്ത രണ്ടു സീസണുകളില്‍ ബിഗ്ബാഷ് ലീഗില്‍ കളിക്കുമെന്ന് സിഡ്‌നി സിക്‌സേഴ്‌സിന്റെ പ്രഖ്യാപനം. ഓസ്‌ട്രേലിയയിലെ ആഭ്യന്തര ട്വന്റി20 ലീഗായ ബിഗ് ബാഷ് ലീഗില്‍ മൂന്നു തവണ ചാംപ്യന്‍മാരായിട്ടുള്ള ടീമാണ് സിഡ്‌നി സിക്‌സേഴ്‌സ്. വിരാട് കോലിയെ രണ്ടു വര്‍ഷ കരാറില്‍ ടീമിലെത്തിച്ചു എന്നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ സിഡ്‌നി സിക്‌സേഴ്‌സിന്റെ പ്രഖ്യാപനം.

ഇന്ത്യന്‍ താരങ്ങളെ ഐപിഎലില്‍ അല്ലാതെ ഒരു വിദേശ ലീഗിലും കളിക്കാന്‍ അനുവദിക്കാത്ത ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) നിര്‍ബന്ധ ബുദ്ധിയേക്കുറിച്ച് അറിയാവുന്നവര്‍ ഇതുകേട്ട് ഞെട്ടിയെങ്കിലും, അധികം വൈകാതെ സത്യം പുറത്തുന്നു. ഏപ്രില്‍ ഒന്നിന്റെ പ്രത്യേകതയായ വിഡ്ഢി ദിനത്തോട് അനുബന്ധിച്ച് സിഡ്‌നി സിക്‌സേഴ്‌സ് ഇറക്കിയ ഒരു 'നമ്പര്‍' മാത്രമായിരുന്നു കോലിയെ ടീമിലെടുത്തെന്ന പ്രഖ്യാപനം.

ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ താരമായ വിരാട് കോലി, സീസണില്‍ ടീം ഇതുവരെ കളിച്ച രണ്ടു മത്സരങ്ങളിലും കളത്തിലിറങ്ങിയിരുന്നു. ആദ്യ മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആര്‍സിബി വീഴ്ത്തുമ്പോള്‍ അര്‍ധസെഞ്ചറിയുമായി കോലി തിളങ്ങിയിരുന്നു. രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 30 പന്തില്‍ 31 റണ്‍സെടുത്തും തിളങ്ങി.

Tags:    

Similar News