'യുവനിരയുമായി ഓസ്‌ട്രേലിയയില്‍ പോയി അദ്ഭുതം കാട്ടിയ നായകനാണ് രഹാനെ; ഇംഗ്ലണ്ടിലേക്കു പോകും മുന്‍പ് ഗില്‍ രഹാനെയെ ഫോണില്‍ വിളിച്ച് സംസാരിക്കണം'; നിയുക്ത ഇന്ത്യന്‍ നായകന് നിര്‍ദേശവുമായി കൈഫ്

ഗില്ലിന് ഉപദേശവുമായി കൈഫ്

Update: 2025-05-25 10:18 GMT

മുംബൈ: ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികളാണ്. ജൂണ്‍ ഇരുപതിനാണ് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് തുടക്കമാവുക. എല്ലാക്കാലത്തും ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഇംഗ്ലണ്ട് പര്യടനം. ഇംഗ്ലണ്ടില്‍ 1932 മുതല്‍ ഇന്ത്യ കളിച്ചത് 19 പരമ്പരകളില്‍. ഇന്ത്യക്ക് ജയിക്കാനായത് മൂന്ന് തവണ മാത്രമാണ്. 1971ലും 1986ലും 2007ലും. 2002ലും ഏറ്റവും ഒടുവിലത്തെ 2021ലേയും പരമ്പരകള്‍ സമനിലയില്‍ അവസാനിച്ചു.

ഈ ചരിത്രത്തിലേക്കാണ് രോഹിത് ശര്‍മ്മയും വിരാട് കോലിയും മുഹമ്മദ് ഷമിയും അടക്കമുള്ളവര്‍ ഇല്ലാതെ യുവനിരയുമായി ശുഭ്മന്‍ ഗില്ലിന്റെ ടീം ഇന്ത്യ എത്തുന്നത്. ടീമിലെ പരിചയ സമ്പന്നത കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര എന്നവരിലൊതുങ്ങുന്നു. വേഗത്തിനൊപ്പം സ്വിംഗ് ചെയ്യുന്ന ഇംഗ്ലണ്ടിലെ പിച്ചുകളില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ കാത്തിരിക്കുന്നത് ക്ഷമയും ഏകാഗ്രതയും റണ്‍ ദാഹവും അളക്കുന്ന അഗ്നിപരീക്ഷകള്‍. പൂര്‍ണ ആരോഗ്യവാനല്ലാത്തതിനാല്‍ ബുമ്ര എത്ര ടെസ്റ്റുകളില്‍ കളിക്കുമെന്ന് സെലക്ടര്‍മാര്‍ക്കുപോലും വ്യക്തത ഇല്ല.

എങ്കിലും മോശമല്ലാത്ത ബൗളിംഗ് നിരയില്‍ പ്രതീക്ഷയര്‍പ്പക്കാം. നായകന്‍ എന്നതില്‍ ഉപരി ഗില്ലിന്റെ ബാറ്റിംഗ് മികവും ഇംഗ്ലണ്ടില്‍ അളക്കപ്പെടും. 32 ടെസ്റ്റില്‍ 35.5 ശരാശരിയില്‍ 1839 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം. ഇതില്‍ വിദേശരാജ്യങ്ങളില്‍ നേടിയത് 649 റണ്‍സ്. ഇതില്‍ തന്നെ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ടേലിയ എന്നിവിടങ്ങളിലെ ബാറ്റിംഗ് ശരാശരി പതിനാറ് മാത്രം. ബ്രിസ്ബെയ്നില്‍ നേടിയ 91 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

കടുത്ത വെല്ലുവിളി മുന്നില്‍ നില്‍ക്കെ ഇംഗ്ലണ്ട് പര്യടനത്തിനു പുറപ്പെടും മുന്‍പ് വെറ്ററന്‍ താരം അജിന്‍ക്യ രഹാനെയുമായി ശുഭ്മാന്‍ ഗില്‍ ഫോണിലെങ്കിലും സംസാരിക്കുന്നത് ഉപകാരപ്പെടുമെന്ന നിര്‍ദ്ദേശവുമായി മുന്‍ താരം മുഹമ്മദ് കൈഫ് രംഗത്ത് വന്നുകഴിഞ്ഞു. ഓസ്‌ട്രേലിയയില്‍ യുവനിരയെ വിജയകരമായി നയിച്ച് പരിചയമുള്ള രഹാനെയുടെ നിര്‍ദ്ദേശങ്ങള്‍ സഹായകമാകുമെന്നാണ് കൈഫിന്റെ ഉപദേശം.

''ശുഭ്മന്‍ ഗില്ലിന് ഇന്ത്യന്‍ ക്രിക്കറ്റിലെ ഹീറോയാകാനുള്ള അവസരമാണ് പുതിയ ടീം പ്രഖ്യാപനത്തോടെ കൈവന്നിരിക്കുന്നതെന്ന് ഞാന്‍ കരുതുന്നു. ഇംഗ്ലണ്ടില്‍ താരതമ്യേന ഒരു യുവനിരയെ നയിക്കാനുള്ള അവസരമാണ് ഗില്ലിന് കൈവന്നിരിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതീക്ഷയുടെ അമിത ഭാരമുണ്ടാകില്ല എന്ന പ്രത്യേകതയുണ്ട്. ഇത് ഗില്ലിന് വലിയ നേട്ടമാകും' കൈഫ് പറഞ്ഞു.

''മുന്‍പ് ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ രഹാനെ ഇന്ത്യന്‍ ടീമിനെ നയിക്കുമ്പോള്‍, ഗാബ ടെസ്റ്റിനു മുന്‍പ് എല്ലാവരും പറഞ്ഞിരുന്നത് ഇത് പരിചയസമ്പത്തു കുറഞ്ഞ യുവനിരയാണ് എന്നാണ്. അതുകൊണ്ട് ഗില്‍ ഇംഗ്ലണ്ടിലേക്കു പോകും മുന്‍പ് രഹാനെയെ ഫോണില്‍ വിളിച്ച് സംസാരിക്കുന്നത് ഉപകാരപ്രദമായിരിക്കുമെന്ന് കരുതുന്നു. കാരണം യുവനിരയുമായി ഓസ്‌ട്രേലിയയില്‍ പോയി അദ്ഭുതം കാട്ടിയ നായകനാണ് രഹാനെ. സമാനമായ രീതിയില്‍ വിസ്മയം സൃഷ്ടിക്കാന്‍ ഗില്ലിനും കഴിയും' കൈഫ് പറഞ്ഞു.

അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സിലക്ഷന്‍ കമ്മിറ്റി ഇന്നലെയാണ് ഇംഗ്ലണ്ട് പര്യടനത്തിനായി ഗില്ലിന്റെ നേതൃത്വത്തിലുള്ള 18 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ഈ നൂറ്റാണ്ടിലെ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ടെസ്റ്റ് നായകനായ ഗില്‍ എക്കാലത്തെയും പ്രായം കുറഞ്ഞ ടെസ്റ്റ് ക്യാപ്റ്റന്‍മാരില്‍ അഞ്ചാംസ്ഥാനത്തുമുണ്ട്.

മുപ്പത്തിനാലുകാരന്‍ മുഹമ്മദ് ഷമിയെ തഴഞ്ഞും ഇരുപത്തിമൂന്നുകാരന്‍ സായ് സുദര്‍ശനെ ഉള്‍പ്പെടുത്തിയും ബിസിസിഐ ടീമിലെ തലമുറമാറ്റത്തിന്റെ സൂചനകളും നല്‍കിക്കഴിഞ്ഞു. ജൂണ്‍ 20ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ 5 ടെസ്റ്റ് പരമ്പരയിലൂടെ ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ 37ാം ക്യാപ്റ്റനായി ഗില്‍ അരങ്ങേറ്റം കുറിക്കും.

Tags:    

Similar News