'ഇഷാന്‍ കിഷന്റെ ഡബിള്‍ സെഞ്ചുറി കണ്ടപ്പോള്‍ എനിക്കൊരു ഉള്‍വിളിയുണ്ടായി; എന്റെ കരിയര്‍ ഇവിടെ തീര്‍ന്നുവെന്ന്'; വിരമിക്കല്‍ തീരുമാനത്തെക്കുറിച്ച് ശിഖര്‍ ധവാന്‍

Update: 2025-07-02 14:48 GMT

ന്യൂഡല്‍ഹി: ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കായി എക്കാലത്തും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ഓപ്പണിംഗ് ബാറ്ററാണ് ശിഖര്‍ ധവാന്‍. ഒരു കാലത്ത് ഇന്ത്യന്‍ ബാറ്റിങ് ത്രിമൂര്‍ത്തികളില്‍ ഒരാളായിരുന്നു ധവാന്‍. വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ ടോപ് ഓര്‍ഡറിന്റെ കുന്തമുനയാകാന്‍ ധവാന് സാധിച്ചിരുന്നു.

എന്നാല്‍ 2023 ഏകദിന ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ ധവാന് സാധിച്ചില്ല. ലോകകപ്പിന് മുന്‍പുള്ള വര്‍ഷത്തില്‍ 34 ശരാശരിയിലായിരുന്നു ധവാന്‍ ബാറ്റ് വീശിയത്. ഇഷാന്‍ കിഷന്‍ ഡബിളടിച്ച പരമ്പരക്ക് ശേഷം ഇന്ത്യക്കായി ഒരു മത്സരത്തിലും ധവാന്‍ കളിച്ചില്ല. ഈ പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നായി 18 റണ്‍സ് മാത്രമാണ് ഇടംകയ്യന്‍ ഓപ്പണറിന് നേടാന്‍ സാധിച്ചത്. കിഷാനും യുവ ഓപ്പണറായ ശുഭ്മാന്‍ ഗില്ലും അന്ന് ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടുകയും ചെയ്തു.

എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാമെടുക്കാന്‍ കാരണമായത് ഇഷാന്‍ കിഷന്‍ നേടിയ ഡബിള്‍ സെഞ്ചുറിയായിരുന്നുവെന്ന് തുറന്നു പറയുകയാണ് ധവാന്‍ ഇപ്പോള്‍. ബംഗ്ലാദേശിനെതിരായ ഏകദിനത്തിലായിരുന്നു കിഷന്‍ 131 പന്തില്‍ 210 റണ്‍സടിച്ച് ഏകദിന ഡബിള്‍ നേടുന്ന നാലാമത്തെ മാത്രം ഇന്ത്യക്കാരനായത്. 24 ഫോറും 10 സിക്‌സും അടങ്ങുന്നതായിരുന്നു കിഷന്റെ ഇന്നിംഗ്‌സ്. ആ മത്സരത്തില്‍ ധവാന്‍ മൂന്ന് റണ്‍സെടുത്ത് പുറത്തായിരുന്നു.

കരിയറില്‍ നിരവധി അര്‍ധസെഞ്ചുറികളും 70+ സ്‌കോറുകളും നേടിയിട്ടുണ്ടെങ്കിലും അവയൊന്നും സെഞ്ചുറികളായി മാറ്റാന്‍ തനിക്കായിരുന്നില്ലെന്ന് ധവാന്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഞാനും ഇഷാന്‍ കിഷനും ഓപ്പണറായി ഇറങ്ങിയ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് കിഷന്‍ 200 റണ്‍സടിച്ചത്. ആ മത്സരത്തില്‍ മൂന്ന് റണ്‍സെടുത്ത് ഞാന്‍ പുറത്തായിരുന്നു.

ഇഷാന്‍ കിഷന്റെ ഡബിള്‍ സെഞ്ചുറി കണ്ടപ്പോള്‍ തന്നെ എനിക്കൊരു ഉള്‍വിളിയുണ്ടായി. കളിച്ചത് മതി, എന്റെ കരിയര്‍ ഇവിടെ തീര്‍ന്നുവെന്ന്. അങ്ങനെയാണ് ഞാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനമെടുത്തത്. എന്റെ സുഹൃത്തുക്കളൊക്കെ കരുതിയത് ഞാന്‍ അകെ തകര്‍ന്ന് ഇരിക്കുകയാണെന്നായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില ഞാന്‍ അടിച്ചുപൊളിച്ച് സന്തോഷിച്ചിരിക്കുമ്പോഴാണ് വിരമിക്കാന്‍ തീരുമാനിച്ചത്.

Tags:    

Similar News