ആറാം വിക്കറ്റില്‍ 203 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ട്; സെഞ്ചുറി തികയ്ക്കാതെ ജഡേജയും മടങ്ങി; 150 കടന്ന് പോരാട്ടം തുടര്‍ന്ന് നായകന് ഗില്‍; ബര്‍മിങ്ഹാം ടെസ്റ്റില്‍ ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റിന് 419 റണ്‍സ് എന്ന നിലയില്‍
ബര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നായകന് ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെയും യശ്വസി ജയ്സ്വാള്‍ രവീന്ദ്ര ജഡേജ എന്നിവരുടെ അര്‍ധ സെഞ്ചുറിയുടെയും മികവില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റിന് 419 റണ്‍സ് എന്ന നിലയിലാണ്. 168 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും ഒരു റണ്‍സുമായി വാഷിംഗ്ടണ്‍ സുന്ദറുമാണ് ക്രീസില്‍.
310-5 എന്ന സ്കോറില്‍ രണ്ടാം ദിനം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 89 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുടെ വിക്കറ്റാണ് രണ്ടാം ദിനം ആദ്യ സെഷനില്‍ ഇന്ത്യക്ക് നഷ്ടമായത്. ആറാം വിക്കറ്റില്‍ 203 റണ്‍സാണ് ഗില്‍-ജഡേജ സഖ്യം കൂട്ടിച്ചേര്‍ത്തത്.
രണ്ടാം ദിനം ന്യൂബോളില്‍ വിക്കറ്റെടുക്കാമെന്ന ഇംഗ്ലണ്ട് പ്രതീക്ഷകള്‍ അസ്ഥാനത്താക്കിയാണ് ഗില്ലും ജഡേജയും ക്രീസിലുറച്ചത്. ഇന്നലെ 99 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ജഡേജ-ഗില്‍ സഖ്യം ഇന്ന് 100 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഇന്ത്യയെ 400 കടത്തി. പിച്ചില്‍ നിന്ന് ബൗളര്‍മാര്‍ക്ക് കാര്യമായ സഹായമൊന്നും ലഭിക്കാതിരുന്നതോടെ ഇന്ത്യ അനായാസം മുന്നേറി.
80 പന്തില്‍ രവീന്ദ്ര ജഡേജ ടെസ്റ്റിലെ 23-ാം അര്‍ധസെഞ്ചുറി തികച്ചപ്പോള്‍ ഇന്നലെ 114 റണ്‍സുമായി ക്രീസ് വിട്ട ഗില്‍ 263 പന്തില്‍ 150 പിന്നിട്ട് ടെസ്റ്റിലെ തന്റെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ കുറിച്ചു. ഷൊയ്ബ് ബഷീറിന്റെ ഓവറില്‍ രണ്ട് സിക്സുകള്‍ പറത്തിയ ജഡേജയും ഗില്ലും ചേര്‍ന്ന് ഇന്ത്യയെ 400 കടത്തി.
എന്നാല്‍ ആദ്യസെഷന് അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ജോഷ് ടങിന്റെ ബൗണ്‍സറില്‍ ജഡേജ വീണു. 137 പന്തില്‍ 89 റണ്‍സെടുത്ത ജഡേജ പത്ത് ഫോറും ഒരു സിക്സും പറത്തിയാണ് പുറത്തായത്. ജഡേജക്ക് പിന്നാലെ ക്രീസിലെത്തിയ വാഷിംഗ്ടണ്‍ സുന്ദറും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ 419 റണ്‍സിലെത്തിച്ചു.
ഇന്നലെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ 87 റണ്‍സെടുത്തപ്പോള്‍ കരുണ്‍ നായര്‍ 31ഉം റിഷഭ് പന്ത് 25ഉം റണ്‍സെടുത്ത് പുറത്തായിരുന്നു. കെ എല്‍ രാഹുല്‍(2), നിതീഷ് കുമാര്‍ റെഡ്ഡി(1) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് ഇന്നലെ നഷ്ടമായിരുന്നു. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് രണ്ട് വിക്കറ്റെടുത്തു.
ആദ്യദിനം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് കെ.എല്‍. രാഹുലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. താരത്തിന് രണ്ട് റണ്‍സ് മാത്രമാണ് നേടാനായത്. രണ്ടാം വിക്കറ്റില്‍ ജയ്സ്വാളും കരുണ്‍ നായരും ചേര്‍ന്ന് സ്കോറുയര്‍ത്തി. സ്കോര്‍ 95-ല്‍ നില്‍ക്കേ കരുണ്‍ നായര്‍ പുറത്തായി. 31 റണ്‍സാണ് കരുണിന്റെ സമ്പാദ്യം.
പിന്നീട് ശുഭ്മാന്‍ ഗില്ലുമായി ചേര്‍ന്ന് ജയ്സ്വാള്‍ ഭേദപ്പെട്ട കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും ചേര്‍ന്ന് സ്കോര്‍ 150-കടത്തി. 87 റണ്‍സെടുത്ത ജയ്സ്വാളിനെ ബെന്‍ സ്റ്റോക്സ് പുറത്താക്കിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. ടീം 182-3 എന്ന നിലയിലായി. പിന്നീട് പന്തും ?ഗില്ലും ചേര്‍ന്നാണ് സ്കോറുയര്‍ത്തിയത്. സ്കോര്‍ ഇരുന്നൂറ് കടന്നതിന് പിന്നാലെ പന്ത് പുറത്തായി. 25 റണ്‍സാണ് പന്തെടുത്തത്. പിന്നാലെ നിതീഷ് കുമാര്‍ റെഡ്ഡിയും വേഗം കൂടാരം കയറി. ഒരു റണ്‍ മാത്രമെടുത്ത താരത്തെ ക്രിസ് വോക്ക്സ് ബൗള്‍ഡാക്കി. പിന്നീട് ഗില്ലും രവീന്ദ്ര ജഡേജയും ടീമിനെ കരകയറ്റുകയായിരുന്നു