'ശ്രീശാന്തിനെ അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന് പിന്നില്‍ സ്വാര്‍ഥ താല്‍പര്യം; ആളുകള്‍ അതു മറന്നു; ഇപ്പോള്‍ അവര്‍ വീണ്ടും ഓര്‍മിപ്പിക്കുകയാണ്'; ലളിത് മോദിക്കെതിരെ തുറന്നടിച്ച് ഹര്‍ഭജന്‍ സിംഗ്
ലളിത് മോദിക്കെതിരെ തുറന്നടിച്ച് ഹര്‍ഭജന്‍ സിംഗ്
ചണ്ഡീഗഡ്: 2008ലെ ഐപിഎല്‍ മത്സരത്തിനിടെ പഞ്ചാബ് കിംഗ്‌സിലെ മലയാളി താരം എസ് ശ്രീശാന്തിനെ താന്‍ തല്ലുന്ന വീഡിയോ മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദി ഇപ്പോള്‍ പുറത്തുവിട്ടതിന് പിന്നില്‍ സ്വാര്‍ത്ഥ താല്‍പര്യമെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്.വീഡിയോ പുറത്തുവിട്ട രീതി തെറ്റാണെന്നും അതൊരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. 18 വര്‍ഷം മുമ്പ് നടന്നൊരം സംഭവം ആളുളെല്ലാം മറന്നിരിക്കെ വീണ്ടും ആ വീഡിയോ പുറത്തുവിട്ട് ഓര്‍മിപ്പിച്ചതിന് പിന്നില്‍ സ്വാര്‍ത്ഥ താല്‍പര്യമല്ലാതെ മറ്റൊന്നുമില്ലെന്നും ഹര്‍ഭജന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
2008 ഐപിഎല്‍ സീസണിനിടെ പഞ്ചാബ് കിങ്‌സ് മുംബൈ ഇന്ത്യന്‍സ് മത്സരം അവസാനിച്ചതിനു പിന്നാലെയാണ് ഹര്‍ഭജന്‍ സിങ് ശ്രീശാന്തിനെ തല്ലുന്നത്. കയ്യുടെ മുകള്‍ ഭാഗം ഉപയോഗിച്ച് ശ്രീശാന്തിന്റെ മുഖത്ത് അടിക്കുന്ന ദൃശ്യങ്ങളാണ് ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
അന്ന് സംഭവിച്ച കാര്യങ്ങളില്‍ എനിക്ക് അതിയായ ദു:ഖമുണ്ട്.അതോര്‍ത്ത് ഇപ്പോഴും ഞാന്‍ ലജ്ജിക്കുന്നുമുണ്ട്. അന്ന് സഭവിച്ചത് എന്റെ ഭാഗത്തു നിന്ന് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത തെറ്റായിരുന്നു.അത് ഞാന്‍ പല അവസരങ്ങളിലും തുറന്നുപറയുകയും ശ്രീശാന്തിനോട് മാപ്പു പറയുകയും ചെയ്തിട്ടുണ്ട്. മനുഷ്യന്‍മാരായാല്‍ തെറ്റു പറ്റും.ഞാനുമതുപോലൊരു തെറ്റ് ചെയ്തു. ഇനിയും തെറ്റ് പറ്റിയാല്‍ ഗണപതി ഭഗവാനോട് മാപ്പു തരണമെന്ന് ഞാന്‍ അപേക്ഷിച്ചിട്ടുണ്ട്. മനുഷ്യന്‍മാരായാല്‍ തെറ്റ് പറ്റുക സ്വാഭാവികമാണെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.
ശ്രീശാന്ത്-ഹര്‍ഭജന്‍ സിംഗ് അടിയുടെ വീഡിയോ പുറത്തുവിട്ട ലളിത് മോദിക്കും ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിയും രംഗത്തെത്തിയിരുന്നു. മനുഷ്യത്വമില്ലാത്ത കാര്യമാണ് ലളിത് മോദി ചെയ്തതെന്ന് ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി പ്രതികരിച്ചു. എന്നാല്‍ ശ്രീശാന്ത് ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
അതേസമയം വിഡിയോ പുറത്തുവിട്ടത്തില്‍ തെറ്റില്ലെന്നാണ് ലളിത് മോദിയുടെ വാദം. ശ്രീശാന്ത് ഇരയാക്കപ്പെട്ട കാര്യമാണ് ഇതെന്നും ഭുവനേശ്വരി എന്തിനാണ് ദേഷ്യപ്പെടുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ലളിത് മോദി പ്രതികരിച്ചിരുന്നു. സത്യം മാത്രമാണു പറഞ്ഞതെന്നും അതില്‍ ഒരു തെറ്റുമില്ലെന്നാണ് ലളിത് മോദിയുടെ ന്യായീകരണം.
2008ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഹര്‍ഭജന്‍ സിംഗ് പഞ്ചാബ് കിംഗ്‌സ് താരമായിരുന്ന ശ്രീശാന്തിനെ അടിക്കുന്ന ദൃശ്യങ്ങളാണ് ഓസ്‌ട്രേലിയയുടെ മുന്‍നായകന്‍ മൈക്കല്‍ ക്ലാര്‍ക്കുമായുള്ള പോഡ്കാസ്റ്റിനിടെ ലളിത് മോദി പുറത്തുവിട്ടത്. ഇതുവരെ ആരും കാണാത്ത ദൃശ്യങ്ങള്‍ ആണിതെന്നും അന്ന് ബ്രോഡ്കാസ്റ്റര്‍മാര്‍ ഇത് ചിത്രീകരിച്ചിരുന്നില്ലെങ്കിലും തന്റെ സ്വകാര്യ സുരക്ഷാ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ആണിതെന്നും ലളിത് മോദി പറഞ്ഞിരുന്നു. ഇതുവരെ ആരും കാണാത്ത ദൃശ്യങ്ങള്‍ ആദ്യമായാണ് പരസ്യമാക്കുന്നതെന്നും ലളിത് മോദി അവകാശപ്പെട്ടിരുന്നു.
സംഭവത്തില്‍ അച്ചടക്ക നടപടിയുടെ ഭാഗമായി ഹര്‍ഭജനെ എട്ട് മത്സരങ്ങളില്‍ നിന്ന് വിലക്കാന്‍ തീരുമാനിച്ചത് താനാണെന്നും ഒരിക്കലു സംഭവിക്കാന്‍ പാടാത്തതായിരുന്നു നടന്നതെന്നും ലളിത് മോദി പറഞ്ഞു. കളിക്കുശേഷം കളിക്കാര്‍ തമ്മില്‍ പരസ്പരം കൈ കൊടുക്കുന്നതിനിടെ ശ്രീശാന്തിന് കൈ കൊടുക്കാനെത്തിയപ്പോഴാണ് ഹര്‍ഭജന്‍ കവിളത്ത് അടിച്ചതെന്നും ലളിത് മോദി വ്യക്തമാക്കി. സംഭവത്തിനുശേഷം ശ്രീശാന്ത് കരയുന്നതിന്റെയും സഹതാരങ്ങള്‍ ആശ്വസിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ആരാധകര്‍ കണ്ടിരുന്നെങ്കിലും ഹര്‍ഭജന്‍ കരണത്തടിക്കുന്ന വീഡിയോയുടെ ദൃശ്യങ്ങള്‍ ഇതുവരെ പുറത്തുവന്നിരുന്നില്ല. ഐപിഎല്ലില്‍ ക്രമക്കേട് നടത്തിയതിനെത്തുടര്‍ന്ന് ഇന്ത്യ വിട്ട ലളിത് മോദി ഇപ്പോള്‍ അമേരിക്കയിലാണുള്ളത്.