പവര്‍പ്ലേ പവറാക്കി അഭിഷേക് ശര്‍മ; അര്‍ഹിച്ച സെഞ്ചുറി നേടാതെ റണ്ണൗട്ടായി മടങ്ങി; പിന്നാലെ വിക്കറ്റ് തുലച്ച് മധ്യനിര; സഞ്ജുവിനെ കരയ്ക്കിരുത്തി ബാറ്റിങ് 'പരീക്ഷണം'; പിടിച്ചുകെട്ടി ബംഗ്ലാദേശ്; വിജയലക്ഷ്യം 169 റണ്‍സ്

പിടിച്ചുകെട്ടി ബംഗ്ലാദേശ്; വിജയലക്ഷ്യം 169 റണ്‍സ്

Update: 2025-09-24 16:34 GMT

ദുബായ്: ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 169 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. പവര്‍പ്ലേയില്‍ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും നല്‍കിയ മികച്ച തുടക്കം മുതലാക്കാനാവാതെ വന്നത് ഇന്ത്യക്ക് തിരിച്ചടിയായി. അഭിഷേക് ശര്‍മ അര്‍ധസെഞ്ചുറിയോടെ തിളങ്ങി. ബംഗ്ലാദേശിനെ കീഴടക്കിയാല്‍ ഇന്ത്യക്ക് ഫൈനലിലേക്ക് മുന്നേറാം. അതേസമയം ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച ബംഗ്ലാദേശിന് ഇന്ന് ജയിച്ചാല്‍ ഫൈനല്‍ സാധ്യത നിലനിര്‍ത്താം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കമാണ് അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും സമ്മാനിച്ചത്. ആദ്യ മൂന്നോവറില്‍ കാര്യമായ റണ്‍സ് കണ്ടെത്താന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നില്ല. മൂന്നോവറില്‍ 17 റണ്‍സാണ് ടീം നേടിയത്. എന്നാല്‍ പിന്നീട് അഭിഷേകും ഗില്ലും സ്‌കോറിങ്ങിന് വേഗത കൂട്ടി. നാലാം ഓവറില്‍ 21 റണ്‍സ് നേടിയപ്പോള്‍ പിന്നീടുള്ള രണ്ടോവറിലും 17 റണ്‍സ് വീതം അടിച്ചെടുത്തു. അതോടെ ഇന്ത്യ ആറോവറില്‍ 72 റണ്‍സെടുത്തു.

എന്നാല്‍ ഏഴാം ഓവറില്‍ ഗില്ലിനെ റിഷാദ് ഹൊസൈന്‍ പുറത്താക്കി. 19 പന്തില്‍ നിന്ന് 29 റണ്‍സെടുത്താണ് ഗില്‍ പുറത്തായത്. പിന്നാലെ സ്ഥാനക്കയറ്റം കിട്ടി വണ്‍ഡൗണായെത്തിയ ശിവം ദുബെയും (1) കൂടാരം കയറി. എന്നാല്‍ ഒരു വശത്ത് അഭിഷേക് അര്‍ധസെഞ്ചുറിയുമായി നിലയുറപ്പിച്ച് നിന്നു. 25 പന്തില്‍ അഭിഷേക് അര്‍ധസെഞ്ചറി നേടുകയും ചെയ്തു. ഇതു അഞ്ചാം തവണയാണ് അഭിഷേക്, 25ഓ അതില്‍ കുറവോ പന്തില്‍ അര്‍ധസെഞ്ചറി നേടുന്നത്. പത്ത് ഓവര്‍ തികഞ്ഞപ്പോള്‍ 96ന് 2 എന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച നായകന്‍ സൂര്യകുമാര്‍ യാദവും അഭിഷേകും ചേര്‍ന്ന് ടീമിനെ നൂറുകടത്തി.

പിന്നീട് വിക്കറ്റുകള്‍ വീഴ്ത്തി ബംഗ്ലാദേശ് മത്സരത്തിലേക്ക് തിരിച്ചുവരുന്നതാണ് ദുബായ് സ്റ്റേഡിയത്തില്‍ കണ്ടത്. 12-ാം ഓവറില്‍ അഭിഷേക് റണ്ണൗട്ടായി മടങ്ങിയത് ഇന്ത്യയെ പ്രതിരോധത്തിലാക്കി. 37 പന്തില്‍ നിന്ന് ആറ് ഫോറിന്റെയും അഞ്ച് സികസ്റിന്റെയും അകമ്പടിയോടെ അഭിഷേക് 75 റണ്‍സെടുത്തു.

നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍നിന്ന് സിംഗളിനായി ഓടിയ അഭിഷേക്, പാതി ദൂരം പിന്നിട്ടശേഷം തിരിച്ചോടിയെങ്കിലും റിഷാദ് ഹൊസൈന്റെ ത്രോയില്‍ മുസ്തഫിസുര്‍ റഹ്‌മാന്‍ റണ്ണൗട്ടാക്കുകയായിരുന്നു. അഞ്ചു സിക്‌സും ആറു ഫോറും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിങ്‌സ്. അതേ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ സൂര്യകുമാറിനെയും (11 പന്തില്‍ 5) ഇന്ത്യയ്ക്ക് നഷ്ടമായി. ഇതോടെ ഇന്ത്യയുടെ റണ്‍റേറ്റ് കുറഞ്ഞു. തിലക് വര്‍മയും(5)നിരാശപ്പെടുത്തി. ഇന്ത്യ 14.3 ഓവറില്‍ 129-5 എന്ന നിലയിലേക്ക് വീണു.

പിന്നീട് ഹാര്‍ദിക് പാണ്ഡ്യയും അക്ഷര്‍ പട്ടേലുമാണ് ഇന്ത്യയെ മുന്നോട്ടുനയിച്ചത്. ഇരുവരും ചേര്‍ന്ന് ടീമിനെ 150-കടത്തി. ഹാര്‍ദിക് പാണ്ഡ്യ 38 റണ്‍സെടുത്ത് പുറത്തായി. അക്ഷര്‍ പട്ടേല്‍ 10 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഒടുക്കം 20 ഓവറില്‍ 168-6 ന് ഇന്ത്യന്‍ ഇന്നിങ്സ് അവസാനിച്ചു. അനാവശ്യ ബാറ്റിങ് ലൈനപ്പ് പരീക്ഷണമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. സഞ്ജു സാംസണിന് ബാറ്റിങിന് ഇറങ്ങാന്‍ അവസരം നല്‍കിയതുമില്ല.

Similar News