പ്രിയാൻഷ് ആര്യയ്ക്കും തേജസ്വിയ്ക്കും അർധ സെഞ്ചുറി; നിരാശപ്പെടുത്തി പന്ത്; വിരാട് കോലി ഇല്ലാതെ ഇറങ്ങിയിട്ടും ഡൽഹിക്ക് മിന്നും ജയം; വിശ്വരാജ് ജഡേജയുടെ സെഞ്ചുറി പാഴായി

Update: 2025-12-29 12:26 GMT

ബെംഗളൂരു: വിരാട് കോലിയുടെ അഭാവത്തിലും വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ ഡൽഹിക്ക് ജയം. സൗരാഷ്ട്രയെ മൂന്ന് വിക്കറ്റിനാണ് ഡൽഹി പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ റിഷഭ് പന്ത് നിരാശപ്പെടുത്തിയ മത്സരത്തിൽ, പ്രിയാൻഷ് ആര്യ, തേജസ്വി എന്നിവരുടെ പ്രകടനമാണ് ഡൽഹിക്ക് തുണയായത്. സൗരാഷ്ട്ര ഉയർത്തിയ 321 റൺസ് വിജയലക്ഷ്യം ഡൽഹി 48.5 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്ര നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 320 റൺസാണ് നേടിയത്. വിശ്വരാജ് ജഡേജ 115 റൺസ് നേടി സെഞ്ചുറി പൂർത്തിയാക്കിയപ്പോൾ, രുചിത് അഹിർ 95 റൺസുമായി പുറത്താകാതെ നിന്നു. മറുപടി ബാറ്റിംഗിൽ ഡൽഹിക്കായി പ്രിയാൻഷ് ആര്യ 78 റൺസും തേജസ്വി 53 റൺസും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.

ഹർഷ് ത്യാഗി (49), നവ്ദീപ് സൈനി (29 പന്തിൽ 34*), നിതീഷ് റാണ (37) എന്നിവരും ഡൽഹിയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിക്കാനിരിക്കെ, ക്യാപ്റ്റൻ റിഷഭ് പന്ത് 22 റൺസ് മാത്രം നേടി നിരാശപ്പെടുത്തി. സൗരാഷ്ട്രയ്ക്കായി ചിരാഗ് ജനിയും ഹിതൻ കൻബിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറ്റൊരു മത്സരത്തിൽ ബറോഡയ്‌ക്കെതിരെ ഉത്തർപ്രദേശ് തകർപ്പൻ ജയം സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ഉത്തർപ്രദേശ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 369 റൺസ് അടിച്ചുകൂട്ടി. 101 പന്തിൽ 160 റൺസുമായി പുറത്താകാതെ നിന്ന ധ്രുവ് ജുറലാണ് ഉത്തർപ്രദേശിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. റിങ്കു സിംഗ് 67 പന്തിൽ 63 റൺസും അഭിഷേക് ഗോസ്വാമി 51 റൺസും നേടി. മറുപടി ബാറ്റിംഗിൽ ബറോഡ 315 റൺസിന് എല്ലാവരും പുറത്തായി. 77 പന്തിൽ 82 റൺസ് നേടിയ ക്രുനാൽ പാണ്ഡ്യയായിരുന്നു ബറോഡയുടെ ടോപ് സ്കോറർ. ശാശ്വത് റാവത്ത് (60), വിഷ്ണു സോളങ്കി (43), ഷേത് (46) എന്നിവർക്കും തിളങ്ങാനായി. ഉത്തർപ്രദേശിനായി സീഷൻ അൻസാരി മൂന്ന് വിക്കറ്റ് വീഴ്ത്തി.

Tags:    

Similar News