സ്വിംഗോ സ്പിന്നോ ലഭിക്കാത്ത പിച്ച്; ബാറ്റിങ്ങിന് മാത്രം അനുകൂലം; ഇത് ന്യായമല്ലെന്ന് മൈക്കല്‍ വോണ്‍; ലോകകപ്പ് ഫൈനലില്‍ അഹമ്മദബാദിലെ പിച്ചിനെതിരെ വിമര്‍ശനം

Update: 2026-03-09 13:06 GMT

അഹ്‌മദാബാദ്: ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിന് കീഴടക്കിയാണ് ഇന്ത്യ കിരീടം നിലനിര്‍ത്തിയത്. ഇന്ത്യ നടത്തിയ ബാറ്റിങ് പ്രകടനം ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ്. നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യ ഉയര്‍ത്തിയത്. ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ക്ക് ഒരു ഘട്ടത്തിലും ഇന്ത്യന്‍ ബാറ്റര്‍മാരുടെ ആക്രമണത്തെ ചെറുക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഇതിനിടെ അഹമ്മദബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ കലാശപ്പോരിനായി ഒരുക്കിയ പിച്ചിനെച്ചൊല്ലി വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ബാറ്റിങ്ങിന് മാത്രം അനുകൂലമായ പിച്ചിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ രംഗത്തെത്തി. തന്റെ സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് വോണ്‍ വിമര്‍ശിച്ചത്.

'ബാറ്റിങ് അവിശ്വസനീയമായിരുന്നു... പക്ഷേ സത്യം പറയണമല്ലോ, ബാറ്റും പന്തും തമ്മിലുള്ള സന്തുലിതാവസ്ഥ ഇവിടെ കാണാനില്ല, ഇതൊരു ന്യായമായ മത്സരമല്ല,' മൈക്കല്‍ വോണ്‍ എക്‌സില്‍ കുറിച്ചു. ബൗളര്‍മാര്‍ക്ക് ഒട്ടും ആനുകൂല്യം നല്‍കാത്ത, സ്വിംഗോ സ്പിന്നോ ലഭിക്കാത്ത പിച്ചാണ് ഫൈനലിനായി ഒരുക്കിയതെന്നാണ് വോണിന്റെ പരാതി. മിച്ചല്‍ സാന്റ്‌നര്‍ ഒഴികെയുള്ള മിക്ക ബൗളര്‍മാരും ഓവറൊന്നിന് 11.50 റണ്‍സിന് മുകളിലാണ് വിട്ടുകൊടുത്തത്.

ഓപ്പണര്‍മാരായ സഞ്ജു സാംസണും അഭിഷേക് ശര്‍മയും നല്‍കിയ തുടക്കം ഇന്ത്യക്ക് വന്‍ കരുത്തായി. വെറും 43 പന്തില്‍ 98 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. അഭിഷേക് ശര്‍മ 18 പന്തില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി അവിശ്വസനീയമായ ഫോം പുറത്തെടുത്തു. പവര്‍പ്ലേയില്‍ തന്നെ ഇന്ത്യ 92 റണ്‍സ് അടിച്ചുകൂട്ടി, ലോകകപ്പ് മത്സര ചരിത്രത്തിലെ ഏറ്റവും മികച്ച പവര്‍പ്ലേ സ്‌കോറാണിത്.

തുടര്‍ന്ന് സഞ്ജു സാംസണ്‍ ആക്രമണം ഏറ്റെടുത്തു. എട്ട് സിക്‌സറുകളും അഞ്ച് ഫോറുകളും ഉള്‍പ്പെടെ 89 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. സഞ്ജുവിന് മികച്ച പിന്തുണ നല്‍കിയ ഇഷാന്‍ കിഷന്‍ 25 പന്തില്‍ 54 റണ്‍സ് നേടി. അവസാന ഓവറുകളില്‍ ശിവം ദുബെ (8 പന്തില്‍ 26*) കൂടി തകര്‍ത്തടിച്ചതോടെയാണ് ഇന്ത്യ 255 റണ്‍സ് നേടിയത്. 16-ാം ഓവറില്‍ ജിമ്മി നീഷാം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി കിവീസിന് നേരിയ ആശ്വാസം നല്‍കിയെങ്കിലും, ഇന്ത്യയുടെ വമ്പന്‍ സ്‌കോര്‍ തടയാന്‍ അവര്‍ക്കായില്ല.

Similar News