'അവള്‍ ഉടന്‍തന്നെ ഇന്‍ഡോറിന്റെ മരുമകളാകും; അത്രയേ എനിക്ക് പറയാനുള്ളൂ'; സ്മൃതി മന്ഥനയുമായുള്ള പ്രണയബന്ധം തുറന്ന് പറഞ്ഞ് പലാഷ് മുഛല്‍; 'ഞാന്‍ നിങ്ങള്‍ക്ക് ഒരു തലക്കെട്ട് തന്നു കഴിഞ്ഞു' എന്നും പ്രതികരണം

Update: 2025-10-19 13:22 GMT

ഇന്‍ഡോര്‍: ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനായ സ്മൃതി മന്ഥനയുമായുള്ള പ്രണയബന്ധം തുറന്നുസമ്മതിച്ച് സംഗീത സംവിധായകനും ചലച്ചിത്ര നിര്‍മാതാവുമായ പലാഷ് മുച്ചല്‍. സ്മൃതി, ഉടന്‍ ഇന്‍ഡോറിന്റെ മരുമകളാകുമെന്ന് പലാഷ് പറഞ്ഞതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് സ്ഥിരീകരണമായത്. വെള്ളിയാഴ്ച സ്റ്റേറ്റ് പ്രസ് ക്ലബ്ബില്‍ നടന്ന ഒരു പരിപാടിയില്‍, സ്മൃതിയെക്കുറിച്ചുള്ള ചോദ്യത്തിനാണ് പലാഷ്, ഇങ്ങനെ മറുപടി പറഞ്ഞത്. 'അവള്‍ ഉടന്‍ തന്നെ ഇന്‍ഡോറിന്റെ മരുമകളാകും... അത്രയേ എനിക്ക് പറയാനുള്ളൂ' എന്നാണ് പുഞ്ചിരിച്ചുകൊണ്ട് പലാഷ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്‍ഡോര്‍ സ്വദേശിയാണ് പലാഷ് മുച്ചല്‍.

''ഞാന്‍ നിങ്ങള്‍ക്ക് ഒരു തലക്കെട്ട് തന്നു കഴിഞ്ഞു'' എന്നു പിന്നീട് പലാഷ് പറഞ്ഞു. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനും ഓപ്പണിങ് ബാറ്ററുമായ സ്മൃതി മന്ഥന, ഞായറാഴ്ച ഇംഗ്ലണ്ടിനെതിരായ ഐസിസി വനിതാ ലോകകപ്പ് ഏകദിന മത്സരത്തിനായി ഇന്‍ഡോറിലുണ്ട്. ''ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനും സ്മൃതിക്കും എന്റെ ആശംസകള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം എല്ലാ മത്സരങ്ങളും ജയിച്ച് രാജ്യത്തിന് അഭിമാനമാകണമെന്ന് ഞങ്ങള്‍ എപ്പോഴും ആഗ്രഹിക്കുന്നു.'' പലാഷ് കൂട്ടിച്ചേര്‍ത്തു.

സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന പല ചിത്രങ്ങളിലും സ്മൃതിയും പലാഷും ഒരുമിച്ചു വന്നതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ പരന്നത്. ഇതു സംബന്ധിച്ച് ഇരുവരും ഔദ്യോഗികമായി ഒന്നും പറഞ്ഞില്ലെങ്കിലും ഇക്കാര്യം നിഷേധിക്കുകയും ചെയ്തിരുന്നില്ല. ആറു വര്‍ഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണെന്നാണ് വിവരം.

ഇരുവും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്. പലാഷിന് പിറന്നാള്‍ ആശംസ നേര്‍ന്ന് സ്മൃതി നേരത്തെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഇരുവരും തങ്ങളുടെ പ്രണയത്തിന്റെ അഞ്ചാം വാര്‍ഷികവും ആഘോഷിച്ചിരുന്നു. ഇന്ത്യന്‍ വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കിരീടം നേടിയപ്പോള്‍ സ്മൃതിയെ അഭിനന്ദിക്കാന്‍ പലാഷും സ്റ്റേഡിയത്തിലെത്തിയിരുന്നു, സ്മൃതിക്കൊപ്പം കിരീടം പിടിച്ചുനില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

ബോളിവുഡ് ഗായിക പലക് മുഛലിന്റെ സഹോദരന്‍ കൂടിയാണ് പലാഷ്. മൂന്ന് വര്‍ഷം മുമ്പ് നടന്ന പലകിന്റെ വിവാഹത്തില്‍ സ്മൃതി പങ്കെടുത്തതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. 'സ്മൃതിപലാഷ്' എന്ന പേരില്‍ ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടും നിലവിലുണ്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ഒരുമിച്ചുപോയ യാത്രയില്‍ നിന്നെടുത്ത ചിത്രങ്ങളുമെല്ലാം ഇതില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്മൃതിയുടെ ആരാധകരാണ് ഈ അക്കൗണ്ടിന് പിന്നില്‍.

പ്രണയബന്ധത്തിന്റെ അഞ്ചാം വാര്‍ഷികം കേക്ക് മുറിച്ച് ആഘോഷിക്കുന്നതെന്ന പേരില്‍ കഴിഞ്ഞവര്‍ഷം ജൂലൈയില്‍ വിവിധ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. വനിതാ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞവര്‍ഷം ആര്‍സിബി കിരീടം നേടിയപ്പോള്‍ ടീം ക്യാപ്റ്റനായ സ്മൃതിയും പലാഷും ഒരമിച്ചുള്ള ചിത്രവും വൈറലായിരുന്നു. ബോളിവുഡിലെ ശ്രദ്ധേയനായ സംഗീത സംവിധായകനും പ്രശസ്ത ഗായിക പലാക് മുച്ചലിന്റെ സഹോദരനുമാണ് പലാഷ് മുച്ചല്‍.

Similar News