മികച്ച തുടക്കമിട്ട ഓസിസിനെ എറിഞ്ഞിട്ട് ഇന്ത്യ; ഹര്‍ഷിത് റാണയ്ക്ക് നാലുവിക്കറ്റ്; അര്‍ധ സെഞ്ചുറിയുമായി റെന്‍ഷാ; മൂന്നാം ഏകദിനത്തില്‍ 237 റണ്‍സ് വിജയലക്ഷ്യം
സിഡ്നി: ഓസ്‌ട്രേലിയയ്ക്ക് എതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യക്ക് 237 റണ്‍സ് വിജയലക്ഷ്യം. 46.4 ഓവറില്‍ 236 റണ്‍സിന് ആതിഥേയര്‍ പുറത്തായി. അര്‍ധ സെഞ്ചുറി നേടിയ മാറ്റ് റെന്‍ഷായുടെയും (58 പന്തില്‍ 56) ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിന്റെയും (41) ഇന്നിങ്‌സുകളാണ് ഓസീസിനെ തുണച്ചത്. ഇന്ത്യക്കായി ഹര്‍ഷിത് റാണ നാലുവിക്കറ്റ് നേടി. നേരത്തേ ഓപ്പണിങ്ങില്‍ ട്രാവിസ് ഹെഡും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് 61 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി മികച്ച തുടക്കം നല്‍കിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസിസ് നിരയെ എറിഞ്ഞിടുകയായിരുന്നു. വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റെടുത്തു. കുല്‍ദീപ് യാദവും പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതമെടുത്തു.
ടോസ് നേടി ക്രീസിലിറങ്ങിയ ഓസീസിനായി ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 9.2 ഓവറില്‍ 61 റണ്‍സടിച്ചശേഷമാണ് ഇന്ത്യക്ക് കൂട്ടുകെട്ട് തകര്‍ക്കാനായത്. ട്രാവിസ് ഹെഡിനെ(29) പ്രസിദ്ധ് കൃഷ്ണയുടെ കൈകളിലെത്തിച്ച മുഹമ്മദ് സിറാജാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. നിലയുറപ്പിച്ചെന്ന് കരുതിയ മിച്ചല്‍ മാര്‍ഷിനെ(41) മടക്കി അക്‌സര്‍ പട്ടേല്‍ ഓസീസിന് രണ്ടാം പ്രഹരമേല്‍പ്പിച്ചു. മാത്യു ഷോര്‍ട്ടും മാറ്റ് റെന്‍ഷായും ക്രീസില്‍ ഒരുമിച്ചതോടെ ഓസീസ് വീണ്ടും ട്രാക്കിലായി. ഇരുവരും ചേര്‍ന്ന് ഓസീസിനെ മുന്നോട്ട് നയിക്കുന്നതിനിടെ മാത്യു ഷോര്‍ട്ടിനെ(30) വീഴ്ത്തിയ വാഷിംഗ്ടണ്‍ സുന്ദര്‍ ഓസീസിന് കടഞ്ഞാണിട്ടു. അലക്‌സ് ക്യാരിയെ കൂട്ടുപിടിച്ച് പോരാട്ടം തുടര്‍ന്ന റെന്‍ഷാ 33-ാം ഓവറില്‍ ഓസീസിനെ 183 റണ്‍സിലെത്തിച്ചെങ്കിലും ഹര്‍ഷിത് റാണയുടെ പന്തില്‍ ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍ ക്യാച്ചില്‍ അലക്‌സ് ക്യാരി(24) വീണതോടെ ഓസീസ് തകര്‍ച്ച തുടങ്ങി.
തുടര്‍ന്ന് ആറു റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടതോടെ റണ്ണൊഴുക്ക് കുറഞ്ഞു. അര്‍ധ സെഞ്ചുറി നേടിയ മാറ്റ് റെന്‍ഷായെ വാഷിങ്ടണ്‍ സുന്ദര്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. പിന്നാലെ മിച്ചല്‍ ഓവന്‍ (1), മിച്ചല്‍ സ്റ്റാര്‍ക്ക് (2), നാഥന്‍ എലിസ് (22), ജോഷ് ഹേസല്‍വുഡ് (0), കൂപ്പര്‍ കനോലി (23) എന്നിവരെല്ലാം മടങ്ങി. ഇന്ത്യക്കുവേണ്ടി ഹര്‍ഷിത് റാണ നാലും വാഷിങ്ടണ്‍ സുന്ദര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ഇടംകൈയന്‍ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെയും പേസര്‍ പ്രസിദ്ധ് കൃഷ്ണയെയും ടീമില്‍ ഉള്‍പ്പെടുത്തി. നിതീഷ് റെഡ്ഢിയെയും അര്‍ഷ്ദീപ് സിങ്ങിനെയുമാണ് ഒഴിവാക്കിയത്. ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ വിരാട് കോലിക്ക് വീണ്ടും അവസരംനല്‍കി.
ആദ്യരണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ആതിഥേയരുടെ ലക്ഷ്യം പരമ്പര തൂത്തുവാരുക എന്നതാണ്. എന്നാല്‍ ആശ്വാസ ജയം തേടി മുഖം രക്ഷിക്കാനാണ് ഇന്ത്യയുടെ ശ്രമം. ആദ്യ രണ്ട് മത്സരങ്ങളിലും നിറംമങ്ങിയ വിരാട് കോലിക്കും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും മികച്ച ഇന്നിങ്സ് കാഴ്ചവെയ്ക്കേണ്ടതിന്റെ സമ്മര്‍ദവുമുണ്ട്. ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തതിനുശേഷമുള്ള ആദ്യ പരമ്പര തന്നെ കൈവിട്ടതിന്റെ നിരാശയ്ക്കൊപ്പം ബാറ്റിങ്ങിലെ മോശം ഫോമും ഗില്ലിന് തിരിച്ചടിയാകും.
ഇന്ത്യ പ്ലെയിങ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
ഓസ്ട്രേലിയ സ്‌ക്വാഡ്: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, മാത്യൂ ഷോര്‍ട്ട്, മാറ്റ് റെന്‍ഷ, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), കൂപ്പര്‍ കൊനോലി, മിച്ചല്‍ ഓവന്‍, നാഥന്‍ എലിസ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംബ, ജോഷ് ഹേസല്‍വുഡ്.
