കര്‍ണാടകയുടെ റണ്‍മലയ്ക്ക് മുന്നില്‍ പതറിവീണ് കേരളം; ഒന്നാം ഇന്നിംഗ്‌സില്‍ 238 റണ്‍സിന് പുറത്ത്; ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാനായി പോരാട്ടം
തിരുവനന്തപുരം: രഞ്ജി ട്രോഫില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും കേരളത്തിന് കനത്ത തിരിച്ചടി. കര്‍ണാടകയ്ക്കെതിരെ ഫോളോ ഓണ്‍ വഴങ്ങിയ കേരളം ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ പൊരുതുന്നു. മംഗലപുരം, കെസിഎ ഗ്രൗണ്ടില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ കര്‍ണാടകയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 586 റണ്‍സിന് മറുപടിയായി മൂന്നാം ദിനം ഒന്നാം ഇന്നിംഗ്‌സില്‍ 238 റണ്‍സിന് കേരളം ഓള്‍ ഔട്ടായിരുന്നു. ഫോളോ ഓണ്‍ വഴങ്ങിയ കേരളം രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം ക്രീസ് വിട്ടത്.
രണ്ട് റണ്‍സോടെ കൃഷ്ണപ്രസാദും നാലു റണ്‍സുമായി നൈറ്റ് വാച്ച്മാന്‍ എം ഡി നിധീഷും ക്രീസില്‍. ഒരു ദിവസവും 10 വിക്കറ്റും ശേഷിക്കെ ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ കേരളത്തിന് ഇനിയും 338 റണ്‍സ് കൂടി വേണം. 21/3 എന്ന സ്‌കോറിലാണ് കേരളം മൂന്നാം ദിനം ബാറ്റിംഗിനിറങ്ങിയത്. കൃഷ്ണ പ്രസാദ് (4), നിധീഷ് എം ഡി (0), വൈശാഖ് ചന്ദ്രന്‍ (0) എന്നിവരുടെ വിക്കറ്റുകള്‍ കേരളത്തിന് ഇന്നലെ നഷ്ടമായിരുന്നു. മൂന്നാം ദിനം തുടക്കത്തില്‍ തന്നെ അക്ഷയ് ചന്ദ്രനെ (11) കൂടി പുറത്താക്കി കവേരപ്പ കേരളത്തെ കൂട്ടത്തകര്‍ച്ചയിലാക്കി. ഇതോടെ 28/4 എന്ന നിലയിലേക്ക് വീണ കേരളത്തെ സച്ചിന്‍ ബേബി (31) ബാബാ അപരാജിത് (88) സഖ്യം 86 റണ്‍സ് കൂട്ടുകെട്ടിലൂടെ കേരളത്തെ 100 കടത്തിയെങ്കിലും സച്ചിനെ മടക്കി കവേരപ്പെ വീണ്ടും കര്‍ണാടകയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
അഹമ്മദ് ഇമ്രാനൊപ്പം അപരാജിത് 68 റണ്‍സ് കൂട്ടിചേര്‍ത്തെങ്കിലും 88 റണ്‍സെടുത്ത അപരാജിതിനെ ശിഖര്‍ ഷെട്ടി പുറത്താക്കി. നാല് സിക്സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു അപരാജിന്റെ ഇന്നിംഗ്സ്. പിന്നാലെ അഹമ്മദ് ഇമ്രാനെ, ശ്രേയസ് ഗോപാലും പുറത്താക്കി. ക്യാപ്റ്റന്‍ മുഹമ്മദ്അസറുദ്ദീന്‍(6) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയപ്പോള്‍ ഷോണ്‍ റോജറും(29) ഏദന്‍ ആപ്പിള്‍ ടോമും വാലറ്റത്ത് പൊരുതിയെങ്കിലും ഫോളോ ഓണ്‍ ഒഴിവാക്കാനായില്ല.
കര്‍ണാടകയ്ക്ക് വേണ്ടി വിദ്യുത് കവേരപ്പ നാലും വിജയകമാര്‍ വൈശാഖ് മൂന്നും വിക്കറ്റെടുത്തപ്പോള്‍ ശിഖര്‍ ഷെട്ടി രണ്ട് വിക്കറ്റെടുത്തു. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ മഹാരാഷ്ട്രയോടും പഞ്ചാബിനോടും ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി സമനില വഴങ്ങിയ കേരളത്തിന് ഈ മത്സരത്തില്‍ ഇനി തോല്‍വി ഒഴിവാക്കുക എന്നത് മാത്രമെ ലക്ഷ്യമിടാനുള്ളു. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ഒന്നു പോലും ജയിക്കാനോ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടാനോ കഴിയാതിരുന്നത് നിലവിലെ റണ്ണറപ്പുകളായ കേരളത്തിന്റെ മുന്നേറ്റത്തില്‍ തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.
