പല്ലെകെലെയിൽ ലങ്കൻ വെടിക്കെട്ട്; തകർത്താടി ഷനകയും മെൻഡിസും; രത്നായകെയ്ക്ക് റെക്കോർഡ് ഫിഫ്റ്റി; ഒമാനെ എറിഞ്ഞൊതുക്കി ചമീരയും തീക്ഷണയും; 105 റൺസിന്റെ കൂറ്റൻ ജയം

Update: 2026-02-12 10:36 GMT

പല്ലെകെലെ: ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഒമാനെതിരെ 105 റൺസിന്‍റെ കൂറ്റൻ വിജയം നേടി ശ്രീലങ്ക. ടൂർണമെന്റിലെ ശ്രീലങ്കയുടെ രണ്ടാം ജയമായിരുന്നു ഒമാനെതിരെ. ആദ്യം ബാറ്റ് ചെയ്ത ലങ്ക ഉയർത്തിയ 225 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഒമാന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 120 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. കുശാൽ മെൻഡിസ്, പവൻ രത്‌നായകെ, ക്യാപ്റ്റൻ ദസുൻ ഷനക എന്നിവരുടെ അർധസെഞ്ചുറികളാണ് ശ്രീലങ്കയ്ക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. ശ്രീലങ്കയ്ക്കായി ചമീരയും തീക്ഷണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക പവൻ രത്നായകെ, കുശാൽ മെൻഡിസ്, ദാസുൻ ഷനക എന്നിവരുടെ അർധസെഞ്ചുറികളുടെ മികവിലാണ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 28 പന്തിൽ 60 റൺസ് നേടി രത്നായകെ ലോകകപ്പ് ചരിത്രത്തിലെ ഒരു ലങ്കൻ താരത്തിന്‍റെ രണ്ടാമത്തെ വേഗതയേറിയ അർധസെഞ്ചുറി സ്വന്തമാക്കി. 45 പന്തിൽ 61 റൺസെടുത്ത കുശാൽ മെൻഡിസ് ടോപ് സ്കോററായപ്പോൾ, നായകൻ ദാസുൻ ഷനക 19 പന്തിൽ അർധസെഞ്ചുറി തികച്ച് ടീം സ്കോർ 225-ൽ എത്തിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഒമാൻ ബാറ്റിംഗ് നിരയെ ശ്രീലങ്കൻ ബൗളർമാർ തുടക്കം മുതൽ വരിഞ്ഞുമുറുക്കി. ദുഷ്മന്ത ചമീരയുടെ പേസും മഹേഷ് തീക്ഷണയുടെ സ്പിന്നും ഒമാൻ ബാറ്റർമാർക്ക് വലിയ വെല്ലുവിളിയായി. ഒരു ഘട്ടത്തിൽ പോലും ശ്രീലങ്കയ്ക്ക് വെല്ലുവിളി ഉയർത്താൻ ഒമാന് സാധിച്ചില്ല. പവർപ്ലേയിൽ തന്നെ 36-3 എന്ന നിലയിലേക്ക് തകർന്ന ഒമാൻ പിന്നീട് ഒരിക്കലും കളിയിലേക്ക് തിരിച്ചുവന്നില്ല. 53 റൺസെടുത്ത മൊഹമ്മദ് നദീമും 27 റൺസെടുത്ത വസീം അലിയും മാത്രമാണ് ഒമാൻ നിരയിൽ രണ്ടക്കം കടന്നത്.

ലങ്കക്കായി ദുഷ്മന്ത ചമീര, മഹീഷ് തീക്ഷണ എന്നിവർ 2 വീതം വിക്കറ്റുകൾ വീഴ്ത്തി. തീക്ഷണ നാലോവറിൽ വെറും 11 റൺസ് മാത്രമാണ് വഴങ്ങിയത്. ദുനിത് വെള്ളാലഗെ, ദുഷൻ ഹേമന്ത, കാമിന്ദു മെൻഡിസ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. 

Tags:    

Similar News