വനിതാ ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിന് രാജ്യത്തിന്റെ ആദരം; ഹര്‍മന്‍പ്രീത് കൗറിനും സംഘത്തിനും പ്രധാനമന്ത്രി വിരുന്നൊരുക്കും; കൂടിക്കാഴ്ച ബുധനാഴ്ച; ക്ഷണം ലഭിച്ചതായി ബി.സി.സി.ഐ

Update: 2025-11-03 12:46 GMT

മുംബൈ: ചരിത്രത്തിലാദ്യമായി വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയ ഹര്‍മന്‍പ്രീത് കൗറിനും സംഘത്തിനും രാജ്യത്തിന്റെ ആദരം. ഇന്ത്യന്‍ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചു. ബുധനാഴ്ചയാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഇന്ത്യന്‍ ടീമിന് സ്വീകരണമൊരുക്കുക. ഇന്ത്യന്‍ ടീമിനെ ഔദ്യോഗികമായി ക്ഷണിച്ചുകൊണ്ടുള്ള സന്ദേശം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ചതായി ബിസിസിഐ വ്യക്തമാക്കി. മുംബൈയിലുള്ള ഇന്ത്യന്‍ ടീം അംഗങ്ങള്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കായി നാളെ വൈകിട്ടോടെ ഡല്‍ഹിക്ക് തിരിക്കും. ഇതിനുശേഷമായിരിക്കും ടീം അംഗങ്ങളെല്ലാം അവരവരുടെ വീടുകളിലേക്ക് പോകുക.

ഇന്ന് രാവിലെ ബിഹാറിലെ സര്‍ഹസയില്‍ പൊതു പരിപാടിയില്‍ പങ്കെടുക്കവെ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു. ഇന്നലെ ഇന്ത്യയുടെ പെണ്‍കുട്ടികള്‍ മുംബൈയില്‍ ചരിത്രം രചിച്ചിരിക്കുന്നു. ഇന്ത്യ ലോകകപ്പില്‍ കിരീടം നേടിയിരിക്കുന്നു. 25 വര്‍ഷത്തിനുശേഷം വനിതാ ലോകകപ്പില്‍ പുതിയ ചാമ്പ്യനുണ്ടായിരിക്കുന്നു. ഇത് കായികരംഗത്തെ മാത്രം നേട്ടമല്ല, ഇന്ത്യന്‍ പെണ്‍കുട്ടികളുടെ ആത്മവിശ്വാസത്തിന്റെ തെളിവാണിതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ഈ പെണ്‍കുട്ടികളെല്ലാം ഇന്ത്യയുടെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നും വരുന്നവരാണ്. അവരില്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും മധ്യവര്‍ത്തി കുടുംബങ്ങളിലുള്ളവരുടെയും കുട്ടികളുണ്ട്. അവരെ ഓര്‍ത്ത് ഞാനും രാജ്യവും അഭിമാനിക്കുന്നു. ലോകകപ്പില്‍ ചാമ്പ്യന്‍മാരായ എല്ലാ പെണ്‍കുട്ടികളുടെയും രക്ഷിതാക്കളെയും ഞാന്‍ അഭിനന്ദിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.

ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ആഘോഷം എങ്ങനെയായിരിക്കുമെന്ന കാര്യത്തില്‍ ബിസിസിഐ ഇതുവരെ മനസു തുറന്നിട്ടില്ല. ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് ബിസിസിഐ 51 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പുരുഷ ടീം ടി20 ലോകകപ്പ് നേടിയപ്പോള്‍ മുംബൈയില്‍ ഓപ്പണ്‍ ബസില്‍ വിക്ടറി മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ ഐപിഎല്‍ കിരീടം നേടിയ ആര്‍സിബിയുടെ വിക്ടറി മാര്‍ച്ചിനിടെ ഉണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിക്ടറി മാര്‍ച്ച് നടത്തണോ എന്ന കാര്യത്തില്‍ ബിസിസിഐ നിലപാടെടുത്തിട്ടില്ല.

Similar News