പഞ്ചാബി നൃത്തചുവടുകളോടെ ലോകകപ്പ് കിരീടം സ്വീകരിക്കാനെത്തി; ജയ്ഷായുടെ കാലില്‍ തൊടാന്‍ ശ്രമിച്ച് ഹര്‍മന്‍പ്രീത് കൗര്‍; ഇന്ത്യന്‍ ക്യാപ്റ്റനെ സ്‌നേഹപൂര്‍വം തടഞ്ഞ് ജയ് ഷാ
മുംബൈ: ഇന്ത്യയുടെ ആദ്യ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേട്ടം ആഘോഷമാക്കുകയാണ് ആരാധകര്‍. ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഹര്‍മന്‍പ്രീത് കൗറിന്റെ പെണ്‍പട വിശ്വകിരീടത്തില്‍ മുത്തമിട്ടത്. നവിമുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ വിജയത്തിന് ശേഷം ഇന്ത്യന്‍ വനിതാ താരങ്ങള്‍ നടത്തിയ അതിവൈകാരികവും ആവേശകരവുമായ ആഘോഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ഇപ്പോഴിതാ ലോകകപ്പ് ട്രോഫി സ്വീകരിക്കാന്‍ ഐസിസി ചെയര്‍മാന്‍ ജയ് ഷായ്ക്ക് അരികിലെത്തുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്റെ വീഡിയോയാണ് വൈറലാവുന്നത്. പോഡിയത്തില്‍ നൃത്തം ചെയ്ത് ജയ് ഷായുടെ അടുത്തെത്തിയതും ഹര്‍മന്‍ അദ്ദേഹത്തിന്റെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങാന്‍ ശ്രമിക്കുകയായിരുന്നു. വിജയത്തില്‍ അഭിനന്ദിച്ച് ജയ് ഷാ ഹസ്തദാനം ചെയ്തപ്പോഴായിരുന്നു താരം കാലില്‍ തൊടാനായി ശ്രമിച്ചത്. എന്നാല്‍ ജയ്ഷാ ഇത് സ്‌നേഹപൂര്‍വം നിരസിക്കുകയായിരുന്നു.
പോഡിയത്തിലേക്ക് പഞ്ചാബി നൃത്തചുവടുകളോടെയാണ് ഹര്‍മന്‍പ്രീത് കടന്നുവന്നത്. തുടര്‍ന്ന് ജയ്ഷായ്ക്ക് ഹസ്തദാനം നല്‍കിയ ശേഷമാണ് ട്രോഫി വാങ്ങുന്നതിന് മുന്‍പാണ് ഹര്‍മന്‍പ്രീത് ജയ്ഷായുടെ കാലില്‍ തൊടാന്‍ ശ്രമിച്ചത്.
ഇന്ത്യന്‍ ക്യാപ്റ്റനോടുള്ള ബഹുമാനാര്‍ഥം ഇതില്‍ നിന്നും പിന്തിരിപ്പിച്ച് ജയ്ഷാ താരത്തിന് ട്രോഫി സമ്മാനിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ബിസിസിഐ സെക്രട്ടറിയായിരുന്ന സമയത്ത് ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന് അനുകൂലമായ പല തീരുമാനങ്ങളും ജയ്ഷാ കൈകൊണ്ടിരുന്നു. പുരുഷ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യമായ മാച്ച് ഫീസ് വനിതാ താരങ്ങള്‍ക്കും നല്‍കി ഇന്ത്യന്‍ ക്രിക്കറ്റില്‍ ശമ്പള തുല്യത കൊണ്ടുവന്നത് ജയ്ഷായുടെ കാലത്താണ്.
ഡിവൈ പാട്ടില്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിനു തോല്‍പിച്ചാണ് ഇന്ത്യ വനിതാ ഏകദിന ലോകകപ്പ് ട്രോഫിയില്‍ മുത്തമിട്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചയിച്ച വിജയലക്ഷ്യമായ 299 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറില്‍ 246 റണ്‍സേ എടുത്തുള്ളൂ. വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യ ട്രോഫിയാണിത്. നേരത്തേ, 2005, 2017 ലോകകപ്പുകളില്‍ ഇന്ത്യ ഫൈനലില്‍ പരാജയപ്പെട്ടിരുന്നു.
