'ഒരു ബാറ്ററായും ഫീല്‍ഡറായും ഹര്‍മന്‍ മികച്ചതാണ്; ക്യാപ്റ്റന്‍സിയുടെ ഭാരം ഇല്ലാതെ കൂടുതല്‍ സംഭാവന നല്‍കാന്‍ കഴിയും; ഇന്ത്യന്‍ ടീമിന്റെ ഭാവിയെ കരുതി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയണം; എല്ലാ ഫോര്‍മാറ്റിലും സ്മൃതി നയിക്കണം': ലോകകപ്പ് ജയത്തിന് തൊട്ടുപിന്നാലെ മുന്‍ ക്യാപ്റ്റന്‍

ലോകകപ്പ് ജയത്തിന് തൊട്ടുപിന്നാലെ മുന്‍ ക്യാപ്റ്റന്‍

Update: 2025-11-04 06:30 GMT

നവി മുംബൈ: ഏകദിന ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ ഹര്‍മന്‍പ്രീത് കൗര്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയണമെന്ന നിര്‍ദേശവുമായി മുന്‍ ക്യാപ്റ്റന്‍ ശാന്താ രംഗസ്വാമി. ഞായറാഴ്ച നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് കീഴടക്കി കിരീടം നേടിയതിനു പിന്നാലെയാണ് ശാന്താ രംഗസ്വാമിയുടെ ഈ ഞെട്ടിക്കുന്ന നിര്‍ദേശം. ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഭാവിയെ കരുതി 36-കാരിയായ ഹര്‍മന്‍പ്രീത് സ്ഥാനമൊഴിഞ്ഞ് വൈസ് ക്യാപ്റ്റനായ 29-കാരി സ്മൃതി മന്ദാനയെ ക്യാപ്റ്റനാക്കണമെന്നാണ് ശാന്താ രംഗസ്വാമി പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് ഒരു ദിവസത്തിനു ശേഷം ഇത് പറയുന്നത് അല്‍പം കഠിനമായി തോന്നിയേക്കാം. പക്ഷേ വലിയ നന്മയ്ക്കായി ഹര്‍മന്‍പ്രീത് കൗര്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെയ്ക്കണമെന്നാണ് ശാന്താ രംഗസ്വാമി അഭിപ്രായപ്പെട്ടത്. ഈ വര്‍ഷം ആദ്യം ഇന്ത്യയെ ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിലേക്ക് നയിച്ചതിന് ശേഷം ടീമിന്റെ നന്മയ്ക്കായി രോഹിത് ശര്‍മയെ സെലക്ടര്‍മാര്‍ ഒഴിവാക്കിയ കാര്യവും അവര്‍ ചൂണ്ടിക്കാട്ടി.

''ബാറ്ററെന്ന നിലയിലും ഫീല്‍ഡറെന്ന നിലയിലും ഹര്‍മന്‍ മികച്ച താരമാണ്. ക്യാപ്റ്റന്‍സിയുടെ ഭാരം ഇല്ലാതായാല്‍ അവര്‍ക്ക് ടീമിനായി കൂടുതല്‍ സംഭാവന ചെയ്യാന്‍ സാധിക്കും. ഹര്‍മന്‍പ്രീതിന് ഇനിയും മൂന്നോ നാലോ വര്‍ഷത്തെ ക്രിക്കറ്റ് കരിയര്‍ അവശേഷിക്കുന്നുണ്ട്. ക്യാപ്റ്റന്‍സിയുടെ ഭാരമില്ലാത്തത് അവര്‍ക്ക് കൂടുതല്‍ ഗുണം ചെയ്യും. സ്മൃതിയെ എല്ലാ ഫോര്‍മാറ്റുകളിലും ക്യാപ്റ്റനാക്കണം. ഭാവിയിലെ ലോകകപ്പുകള്‍ക്കായി നിങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഇതുപോലുള്ള ഒരു വിജയത്തിന് ശേഷം ഇങ്ങനെ പറയുന്നത് ഇഷ്ടപ്പെടണമെന്നില്ല. പക്ഷേ ഇന്ത്യന്‍ ക്രിക്കറ്റിന്റെയും ഹര്‍മന്റെയും ഭാവി കണക്കിലെടുത്ത്, ക്യാപ്റ്റന്‍സിയുടെ ഭാരം കൂടാതെ ഒരു ബാറ്റര്‍ എന്ന നിലയില്‍ അവര്‍ക്ക് കൂടുതല്‍ സംഭാവന നല്‍കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു, - ശാന്താ രംഗസ്വാമി പറഞ്ഞു.

ഞായറാഴ്ച ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ ലോക ചാംപ്യന്മാരായതിനു പിന്നാലെ ആരംഭിച്ച ആഘോഷങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളിലും അഭിനന്ദനങ്ങളും ചര്‍ച്ചകളും കൊഴുക്കുകയാണ്. ഇതിനിടെ ഫൈനല്‍ പോരാട്ടത്തെക്കുറിച്ചും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ഭാവിയെക്കുറിച്ചും പല അഭിപ്രായങ്ങളും ഉയര്‍ന്നുവന്നിരുന്നു. ഇതിനിടെയാണ് വനിതാ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ശാന്ത രംഗസ്വാമി പറഞ്ഞതു ചര്‍ച്ചയാകുന്നത്. ലോകകപ്പ് വിജയത്തിന് 24 മണിക്കൂര്‍ പോലും തികയും മുന്‍പ് ഇങ്ങനെയൊരു അഭിപ്രായം അല്‍പം കടന്നുപോയെന്നു തോന്നുമെങ്കിലും ഇന്ത്യന്‍ ടീമിന്റെ നല്ലതിനു വേണ്ടിയാണ് താന്‍ ഇതു പറയുന്നതെന്ന് ശാന്ത രംഗസ്വാമി വ്യക്തമാക്കി.

36 വയസ്സുകാരിയായ ഹര്‍മന്‍പ്രീത് കൗര്‍ ക്യാപ്റ്റന്‍സിയുടെ ഭാരം ഒഴിയണമെന്നും ബാറ്ററായും മികച്ച ഫീല്‍ഡറായും ടീമില്‍ തുടരണമെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പിടിഐയോടു പറഞ്ഞു. 2029ലാണ് അടുത്ത ഏകദിന ലോകകപ്പ്. ട്വന്റി20 ലോകകപ്പ് അടുത്തവര്‍ഷമുണ്ട്. ഇതിനായി ടീമിനെ ഒരുക്കേണ്ടതുണ്ട്. 29 വയസ്സുകാരിയായ സ്മൃതി മന്ഥനയാണ് അടുത്ത ക്യാപ്റ്റനാകാന്‍ സ്വാഭാവികമായും സാധ്യതയെന്നും ശാന്ത രംഗസ്വാമി പറഞ്ഞു.


Tags:    

Similar News