'ചെന്നൈ ജേഴ്‌സി ധരിക്കുന്നത് തന്നെ പ്രത്യേക ഉര്‍ജ്ജമാണ്; ഇപ്പോഴൊരു ചാമ്പ്യനെപ്പോലെ തോന്നുന്നു, വൗ...'; ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന് സഞ്ജു സാംസണ്‍

Update: 2025-11-19 16:34 GMT

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മഞ്ഞ ജേഴ്‌സി ധരിച്ചു നില്‍ക്കുന്ന മലയാളി താരം സഞ്ജു സാംസണിന്റെ പുതിയ വീഡിയ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന് സഞ്ജു വീഡിയോയില്‍ പറയുന്നു. ഇന്നലെ സഞ്ജുവിനെ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത അത്രയും മാസ് രീതിയില്‍ അവതരിപ്പിക്കുന്ന വീഡിയോ ചെന്നൈ പുറത്തുവിട്ടതിന്റെ ഓളം അടങ്ങും മുമ്പാണ് പുതിയ വീഡിയോയയുമായി സൂപ്പര്‍ കിംഗ്‌സ് രംഗത്തെത്തിയത്.

മഞ്ഞ ജേഴ്‌സി ധരിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. കടും നിറങ്ങളായ കറുപ്പ്, നീല, ബ്രൗണ്‍ നിറങ്ങളുള്ള ജേഴ്‌സികളൊക്കെ ധരിച്ചിട്ടുണ്ടങ്കിലും മഞ്ഞ ജേഴ്‌സി ധരിക്കുന്നത് പ്രത്യേക വികാരമാണ്. സത്യസന്ധമായി പറഞ്ഞാല്‍, ചെന്നൈ ജേഴ്‌സി ധരിച്ചാല്‍ എങ്ങനെ ഉണ്ടാവുമെന്ന് ഞാനൊരിക്കലും ചിന്തിച്ചിട്ടില്ല. ചെന്നൈ ജേഴ്‌സി ധരിച്ചതോടെ ശുഭചിന്തയാണ് മനസില്‍ തോന്നുന്നത്, ഒപ്പം സന്തോഷവും ഒരു വ്യത്യസ്തയുമൊക്കെ തോന്നുന്നുണ്ട്. ചെന്നൈ ജേഴ്‌സി ധരിക്കുന്നത് തന്നെ പ്രത്യേക ഉര്‍ജ്ജമാണ്. ഇപ്പോഴൊരു ചാമ്പ്യനെപ്പോലെ തോന്നുന്നു, വൗ... എന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

സംവിധാകനും സഞ്ജുവിന്റെ അടുത്ത സുഹൃത്തുമായ ബേസില്‍ ജോസഫിനെ അണിനിരത്തിയായിരുന്നു സഞ്ജുവിന്റെ ലോഞ്ചിംഗ് വീഡിയോ സിഎസ്‌കെ ഇന്നലെ പുറത്ത് വിട്ടിട്ടുള്ളത്. അപ്പോള്‍ ഇനി നമ്മുടെ പയ്യന്‍ യെല്ലോ, കൂടെ നമ്മളും എന്നുള്ള ബേസിലിന്റെ ഡയലോഗോടെയാണ് വീഡിയോ അവസാനിക്കുന്നത്.

ഇതിനിടെ സഞ്ജുവും സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും ഒരുമിച്ചുള്ള ചിത്രവും കാണിക്കുന്നുണ്ട്. സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ എത്തിയതായി കഴിഞ്ഞ ദിവസം ഔദ്യോഗിക പ്രഖ്യാപനം വന്നിരുന്നു. താരലേലത്തിന് മുമ്പ് രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുകൊടുത്ത് 18 കോടി രൂപക്കാണ് രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് സഞ്ജുവിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയത്.

രാജസ്ഥാന് നന്ദി പറഞ്ഞ് തുടങ്ങിയ പോസ്റ്റില്‍ സമയമാകുമ്പോള്‍ മുന്നോട്ട് പോകണമെന്നും സഞ്ജു നേരത്തെ കുറിച്ചിരുന്നു. നമ്മള്‍ ഇവിടെ കുറച്ചു കാലമേ ഉള്ളൂ, ഈ ഫ്രാഞ്ചൈസിക്ക് വേണ്ടി എന്റെ എല്ലാം നല്‍കി, മികച്ച ക്രിക്കറ്റ് ആസ്വദിച്ചു. ജീവിത കാലം മുഴുവന്‍ മുതല്‍ കൂട്ടാവുന്ന നല്ല ബന്ധങ്ങളുണ്ടായി. എല്ലാവരെയും കുടുംബത്തെപ്പോലെയാണ് കണ്ടത്. സമയമാകുമ്പോള്‍ മുന്നോട്ട് പോകും. എല്ലാത്തിനും എപ്പോഴും നന്ദിയുള്ളവനായിരിക്കുമെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

ചെന്നൈ സൂപ്പര്‍ കിങ്‌സ് തന്നെയാണ് സഞ്ജുവിന്റെ കൂടുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നീണ്ട കാലം താരമായും ക്യാപ്റ്റനായും ടീമിനൊപ്പമുണ്ടായിരുന്ന സഞ്ജുവിന് നന്ദി അറിയിച്ച് രാജസ്ഥാന്‍ റോയല്‍സും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുമായി എത്തി. സഞ്ജുവിന് പകരമായി രവീന്ദ്ര ജഡേജ, സാം കരണ്‍ എന്നീ താരങ്ങളെ പകരം രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി.

Similar News