ശശാങ്ക് സിങ്ങിന്റെ ജന്മദിനാഘോഷ പാര്‍ട്ടിയില്‍ പ്രീതി സിന്റയ്‌ക്കൊപ്പം; സെല്‍ഫിക്കായി ആരാധകര്‍ വളഞ്ഞതോടെ പ്രകോപിതനായി; സുരക്ഷാ ജീവനക്കാരനോട് കയര്‍ത്ത് ശ്രേയസ് അയ്യര്‍

Update: 2025-11-23 10:08 GMT

മുംബൈ: ഓസ്‌ട്രേലിയയില്‍ നടന്ന ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ നിലവില്‍ വിശ്രമത്തിലാണ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടക്കുന്ന ഏകദിന പരമ്പരയില്‍ താരം കളിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ ശ്രേയസ് അയ്യര്‍ വീണ്ടും പൊതുയിടത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു ഹോട്ടലില്‍ എത്തിയപ്പോഴാണ് ശ്രേയസ് അയ്യരെ ക്യാമറക്കണ്ണുകള്‍ വളഞ്ഞത്. ഐപിഎലില്‍ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനായ ശ്രേയസ് അയ്യര്‍, സഹതാരമായ ശശാങ്ക് സിങ്ങിന്റെ ജന്മദിനാഘോഷ പാര്‍ട്ടിക്കാണ് എത്തിയത്. പഞ്ചാബ് കിങ്‌സ് ഉടമയും ബോളിവുഡ് നടിയുമായ പ്രീതി സിന്റയും ഒപ്പമുണ്ടായിരുന്നു. ശ്രേയസും പ്രീതിയും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ആഘോഷപാര്‍ട്ടിക്കു ശേഷം കൂടിക്കാഴ്ചയെക്കുറിച്ച് പ്രീതി സിന്റ എക്‌സില്‍ കുറിക്കുകയും ചെയ്തു. ''ചിലപ്പോള്‍ ഒട്ടും പ്ലാന്‍ ചെയ്യാത്തതും അപ്രതീക്ഷിതവുമായ വൈകുന്നേരങ്ങളാണ് ഏറ്റവും മികച്ചത്. ശശാങ്ക്, ഒരിക്കല്‍ കൂടി ജന്മദിനാശംസകള്‍. നിന്നെ കണ്ടതില്‍ വളരെ സന്തോഷമുണ്ട്. ശ്രേയസ് സുഖം പ്രാപിച്ച് പുറത്തുവന്നതില്‍ (ഒരിക്കലെങ്കിലും) വളരെ സന്തോഷമുണ്ട്.'' പ്രീതി സിന്റെ എക്‌സില്‍ കുറിച്ചു.

അതേസമയം, ഹോട്ടലിലെത്തിയ ശ്രേയസ് അയ്യരെ സെല്‍ഫിക്കായി ആരാധകര്‍ വളഞ്ഞപ്പോള്‍ താരം സുരക്ഷാ ജീവനക്കാരനോട് കയര്‍ക്കുന്നതിന്റെ വിഡിയോയും പുറത്തവന്നു. ആളുകള്‍ ഫോട്ടോയെടുക്കാന്‍ ചുറ്റും കൂടുന്നതിനിടെ ഒരു സുരക്ഷാ ജീവനക്കാരന്‍ തന്നെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ശ്രേയസ് പ്രകോപിതനായത്. ''സഹോദരാ, ആള്‍ക്കൂട്ടത്തെ ഒഴിവാക്കുക എന്നതാണ് നിങ്ങളുടെ ജോലി'' എന്ന് ശ്രേയസ് രോഷത്തോടെ പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം. ഈ സമയം ശശാങ്ക് സിങ്ങും ശ്രേയസിനൊപ്പമുണ്ട്.

ശ്രേയസ്സ് അയ്യര്‍ക്ക് ചുറ്റും ആരാധകര്‍ കൂടിനില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. പിന്നാലെ സുരക്ഷ ഒരുക്കേണ്ട ഉദ്യോഗസ്ഥന്‍ താരവുമൊത്തുള്ള സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. അതോടെ സെക്യൂരിറ്റി ജീവനക്കാരനോട് ശ്രേയസ്സ് അയ്യര്‍ കയര്‍ക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരന്‍ അദ്ദേഹത്തിന്റെ ജോലി കൃത്യമായി ചെയ്യാത്തതുകൊണ്ടാണ് അയ്യര്‍ ഇത്തരത്തില്‍ പ്രതികരിച്ചതെന്ന് ഒരുവിഭാഗം ആരാധകര്‍ അഭിപ്രായപ്പെടുന്നു.

കഴിഞ്ഞയാഴ്ചയാണ് താരം ഇന്ത്യയില്‍ തിരിച്ചെത്തിയതെന്നാണ് വിവരം. ബിസിസിഐ താരത്തെ നിരീക്ഷിച്ചുവരുകയാണ്. ജനുവരിയില്‍ മാത്രമേ അയ്യര്‍ക്ക് കളിക്കളത്തിലേക്ക് മടങ്ങിയെത്താന്‍ സാധിക്കുകയുള്ളൂവെന്നും മെഡിക്കല്‍ സംഘത്തിന്റെ വിദഗ്ധോപദേശത്തിനനുസരിച്ചായിരിക്കും തുടര്‍നടപടികളെന്നുമാണ് ബിസിസിഐ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

ഒക്ടോബര്‍ 25നു നടന്ന ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ഏകദിന മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ശ്രേയസ് അയ്യര്‍ക്കു പരുക്കേറ്റത്. ഹര്‍ഷിത് റാണയുടെ പന്തില്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ അലക്‌സ് ക്യാരിയുടെ ക്യാച്ച് എടുക്കുന്നതിനിടെ ശ്രേയസ് ഗ്രൗണ്ടില്‍ വീഴുകയായിരുന്നു. പിന്നാലെ ഡ്രസിങ് റൂമിലേക്കു മടങ്ങിയ ശ്രേയസിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്‌കാനിങ്ങില്‍ ശ്രേയസിന്റെ പ്ലീഹയില്‍ (സ്പ്ലീന്‍) മുറിവുള്ളതായി കണ്ടെത്തി. ആന്തരിക രക്തസ്രാവമുണ്ടായതോടെ താരത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ നടത്താതെ തന്നെയാണ് രക്തസ്രാവം നിയന്ത്രിച്ചതെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. പരുക്ക് ഭേദമായെങ്കിലും ശ്രേയസ് ഉടന്‍ തന്നെ ടീമിലേക്ക് മടങ്ങിയെത്തില്ലെന്നാണ് വിവരം. ദക്ഷിണാഫ്രിക്കയ്ക്കും ന്യൂസീലന്‍ഡിനുമെതിരായ പരമ്പരകള്‍ താരത്തിനു നഷ്ടമാകും. മാര്‍ച്ചില്‍ ആരംഭിക്കുന്ന ഐപിഎലിലൂടെയാണ് ശ്രേയസിന്റെ തിരിച്ചുവരവ്.

Similar News