പരിക്കേറ്റ ഗില്ലും ശ്രേയസുമില്ല; ഇന്ത്യന്‍ ഏകദിന ടീമിനെ നയിക്കാന്‍ കെ എല്‍ രാഹുല്‍; രോഹിതും കോലിയും തുടരും; സഞ്ജുവിന് ഇടമില്ല, ഋഷഭും ജുറലും ടീമില്‍; ജയ്‌സ്വാളും തിലക് വര്‍മയും ഋതുരാജും തിരിച്ചെത്തി; ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെയും ഉപനായകന്‍ ശ്രേയസ്സ് അയ്യരുടെയും അഭാവത്തില്‍ കെ എല്‍ രാഹുല്‍ ടീമിനെ നയിക്കും. പരിക്കേറ്റു വിശ്രമത്തില്‍ തുടരുന്ന ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് പകരമാണ് രാഹുലിന് ക്യാപ്റ്റനാക്കിയത്. രോഹിതിന് ഒപ്പം യശ്വസി ജയ്‌സ്വാള്‍ ഓപ്പണറാകും. ദക്ഷിണാഫ്രിക്കന്‍ എ ടീമിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ഋുതുരാജ് ഗെയ്കവാദിനെ ടീമില്‍ ഉള്‍പ്പെടുത്തി. പരിക്കേറ്റ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് പകരം തിലക് വര്‍മയും ടീമിലെത്തി. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും ടീമില്‍ തിരിച്ചെത്തി. വൈസ് ക്യാപ്റ്റനും ഋഷഭ് പന്താണ്.
സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചില്ല. അതേസമയം, ധ്രുവ് ജുറിലിന് മധ്യനിര ബാറ്ററായി ടീമിലിടം ലഭിച്ചു. പേസര്‍മാരായ ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവര്‍ക്കും വിശ്രമം നല്‍കി. അതേസമയം, ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പര കളിക്കാതിരുന്ന രവീന്ദ്ര ജഡേജ ടീമിലെത്തി. ഹാര്‍ദിക് പാണ്ഡ്യയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പേസ്ബൗളിംഗ് ഓള്‍റൗണ്ടറായി നിതീഷ് കുമാര്‍ റെഡ്ഡി ഇടംപിടിച്ചു.
2022-നും 2023-നും ഇടയില്‍ 12 ഏകദിനങ്ങളില്‍ രാഹുല്‍ ഇന്ത്യന്‍ ടീമിനെ നയിച്ചിട്ടുണ്ട്. ഗില്ലിന്റെ അഭാവത്തില്‍ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അജിത് അഗാര്‍ക്കര്‍ അധ്യക്ഷനായ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി രാഹുലിനെ ചുമതല ഏല്‍പ്പിക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ഏകദിനം നവംബര്‍ 30-ന് റാഞ്ചിയില്‍ നടക്കും. രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങള്‍ യഥാക്രമം ഡിസംബര്‍ മൂന്നിനും ആറിനും റായ്പുരിലും വിശാഖപട്ടണത്തുമാണ്. അക്ഷര്‍ പട്ടേലിന് വിശ്രമം അനുവദിച്ചതോടെയാണ് ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തിയത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്ന് ഏകദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, തിലക് വര്‍മ, കെ എല്‍ രാഹുല്‍, ഋഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, ഋതുരാജ് ഗെയ്കവാദ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിംഗ്, ധ്രുവ് ജുറല്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ കളിക്കുക. ഈ മാസം 30ന് റാഞ്ചിയിലാണ് ആദ്യ ഏകദിനം. ഡിസംബര്‍ മൂന്നിന് റായ്പൂരില്‍ രണ്ടാം ഏകദിനം നടക്കും. ആറിന് വിശാകപട്ടണത്താണ് മൂന്നാം ഏകദിനം. അതിന് ശേഷം അഞ്ച് ടി20 മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയിലും ഇരു ടീമുകളും കളിക്കും.
