റാഞ്ചിയിലെ സെഞ്ചുറിയുമായി കളിയിലെ താരമായി; ഗ്രൗണ്ടിലിറങ്ങി അധികം പരിശീലനം നടത്താറില്ലെന്ന തുറന്നുപറച്ചിലും; ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കില്ലെന്ന നിലപാടിലുറച്ച് വിരാട് കോലി; വിജയ് ഹസാരെ ട്രോഫി കളിച്ചേക്കില്ല; ഗംഭീറിന്റെ കടുംപിടുത്തത്തിന് പുല്ലുവില; നാളത്തെ ചര്‍ച്ചയില്‍ മഞ്ഞുരുക്കുമോ?

Update: 2025-12-02 17:14 GMT

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരെ മിന്നുന്ന സെഞ്ചുറികള്‍ കുറിച്ച് മുതിര്‍ന്ന താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും രാജ്യാന്തര ക്രിക്കറ്റില്‍ കരിയര്‍ ഇനിയും ബാക്കിയുണ്ടെന്ന സൂചന നല്‍കി കഴിഞ്ഞു. അടുത്ത ഏകദിന ലോകകപ്പ് കളിക്കാന്‍ ഇരുതാരങ്ങളും ഉണ്ടാകുമോ എന്ന ആരാധകരുടെ ചര്‍ച്ചകള്‍ സജീവമാക്കുന്നതായിരുന്നു പ്രകടനങ്ങള്‍. താരങ്ങള്‍ ഫോമും കായികക്ഷമതയും നിലനിര്‍ത്തിയാല്‍ ടീമിലിടം പിടിച്ചേക്കുമെന്നാണ് വിവരം. ദേശീയ ടീമിലേക്ക് പരിഗണിക്കണമെങ്കില്‍ ആഭ്യന്തരക്രിക്കറ്റ് കളിക്കണമെന്ന് അടുത്തിടെ ബിസിസിഐ നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ വിരാട് കോലി സന്നദ്ധനല്ലെന്നാണ് പുറത്തുവരുന്ന വിവരം.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിനപരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കേയാണ് ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ കളിക്കണമെന്ന നിര്‍ദേശം താരങ്ങള്‍ക്ക് നല്‍കിയത്. ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച താരങ്ങള്‍ ഏകദിനത്തില്‍ മാത്രമാണ് കളിക്കുന്നത്. ബിസിസിഐയുടെ നിര്‍ദേശത്തിന് പിന്നാലെ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ സന്നദ്ധനാണെന്ന് രോഹിത് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വിരാട് കോലി തീരുമാനമെടുത്തിരുന്നില്ല. ഇപ്പോഴിതാ ആഭ്യന്തരക്രിക്കറ്റ് കളിക്കാനില്ലെന്നാണ് കോലിയുടെ നിലപാടെന്നാണ് പുറത്തുവരുന്ന വിവരം.

കായികക്ഷമത നിലനിര്‍ത്താനായാണ് താരങ്ങളോട് ആഭ്യന്തരക്രിക്കറ്റ് കളിക്കാന്‍ നിര്‍ദേശിച്ചിരുന്നത്. ഏകദിന ടീമിലേക്ക് പരിഗണിക്കണമെങ്കില്‍ ആഭ്യന്തരക്രിക്കറ്റ് കളിക്കണമെന്ന് താരങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. രോഹിത് വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ തയ്യാറാണെങ്കിലും കോലി മറിച്ചുള്ള നിലപാടാണ് കൈക്കൊള്ളുന്നത്. അമിതമായ തയ്യാറെടുപ്പ് നടത്തേണ്ടതില്ലെന്നാണ് താരത്തിന്റെ പക്ഷം. എന്നാല്‍ കോലി മാത്രം ഇതില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ബിസിസിഐയെ ആശയക്കുഴപ്പത്തിലാക്കുമെന്നുറപ്പാണ്. ഒരാള്‍ക്ക് മാത്രമായി ഇളവ് നല്‍കുക എന്നത് മറ്റുവിവാദങ്ങള്‍ക്കും ഇടംനല്‍കിയേക്കും. കോലി നിലപാടിലുറച്ചുനിന്നാല്‍ ബിസിസിഐയുടെ തുടര്‍പ്രതികരണം എന്തായിരിക്കുമെന്നതും അറിയേണ്ടതുണ്ട്.

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തില്‍ സെഞ്ചുറി നേടിയതോടെ കോലിയും ഗംഭീറുമായുള്ള ഭിന്നത പരസ്യമായെന്നും റിപ്പോര്‍ട്ടുണ്ട്. സെഞ്ചുറി നേടിയ ശേഷമുള്ള കോലിയുടെ ആഘോഷവും രോഹിത്തിന്റെ പ്രതികരണവും ഇരു താരങ്ങള്‍ക്കും ഗംഭീറീന്റെ ശൈലിയോടുള്ള വ്യക്തമായ വിയോജിപ്പ് കൂടിയാണ് പ്രകടമാക്കിയതെന്നാണ് സൂചന.അതുകൊണ്ട് തന്നെ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന ടീം മാനേജ്‌മെന്റിന്റെ നിര്‍ദേശത്തെ എതിര്‍ക്കാന്‍ തന്നെയാണ് കോലി തീരുമാനിച്ചിരിക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

റാഞ്ചിയില്‍ ആദ്യ ഏകദിനത്തില്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടശേഷം താന്‍ ഗ്രൗണ്ടിലിറങ്ങി അധികം പരിശീലനം നടത്താറില്ലെന്നും തന്റെ തയാറെടുപ്പുകള്‍ കൂടുതലും മാനസികമാണെന്നും കോലി പറഞ്ഞിരുന്നു. ഫിറ്റ്‌നെസ് ഉയര്‍ത്താനായി ശാരീരികമായി കഠിനാധ്വാനം ചെയ്യാറുണ്ടെങ്കിലും മത്സരത്തിനായി ഗ്രൗണ്ടിലിറങ്ങി ഒരുപാട് തയാറെടുപ്പുകള്‍ നടത്താറില്ലെന്നും കോലി പറഞ്ഞിരുന്നു.

ഇന്ന് റാഞ്ചിയില്‍ നിന്ന് റായ്പൂരിലേക്ക് പോകാനായി എത്തിയ വിരാട് കോലിയുമായി സെലക്ഷന്‍ കമ്മിറ്റി അംഗമായ പ്രഗ്യാന്‍ ഓജ കൂടിക്കാഴ്ച നടത്തിയതും അഭ്യൂഹങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. രോഹിത് ശര്‍മയും ഇടക്ക് ചര്‍ച്ചയില്‍ ഭാഗമായിരുന്നു. എന്നാല്‍ ഗൗതം ഗംഭീര്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ല. നാളെ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ വിരാട് കോലിയുമായും രോഹിത് ശര്‍മയുമായും ഇരുവരുടെയും ഭാവി സംബന്ധിച്ച് ചര്‍ച്ച നത്തുമെന്നും ഇതിന് മുന്നോടിയായി മഞ്ഞുരുക്കാനാണ് പ്രഗ്യാന്‍ ഓജ എത്തിയതെന്നും സൂചനയുണ്ട്.

ഇതിന് മുന്‍പും കോലിയോടും രോഹിത്തിനോടും ബിസിസിഐ സമാനമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓസീസിനെതിരേ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പരയില്‍ തോറ്റതിന് പിന്നാലെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് നിലപാട് കടുപ്പിച്ചത്. പിന്നാലെ ഇരുവരും ഓരോ മത്സരങ്ങളില്‍ കളിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ മാസം ഓസീസിനെതിരായ ഏകദിനപരമ്പരയിലാണ് താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരങ്ങള്‍ ഇന്ത്യയ്ക്കായി പാഡണിഞ്ഞത്. പരമ്പര തോറ്റെങ്കിലും അവസാനമത്സരത്തില്‍ ഇരുവരും തിളങ്ങി. രോഹിത് സെഞ്ചുറിയും വിരാട് കോലി അര്‍ധസെഞ്ചുറിയും നേടി. കോലി പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായിരുന്നു. പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലും ഇരുവരും മിന്നിച്ചു. കോലി സെഞ്ചുറി നേടിയപ്പോള്‍ രോഹിത് അര്‍ധസെഞ്ചുറി തികച്ചു.

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു പിന്നാലെയാണ് രോഹിത്തും കോലിയും ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുന്നത്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പായി ഇരുവരും ടെസ്റ്റില്‍ നിന്നും വിരമിച്ചു. 2027-ലെ ഏകദിന ലോകകപ്പ് ലക്ഷ്യംവെച്ചാണ് ഏകദിനത്തില്‍ തുടരാന്‍ ഇരുവരും തീരുമാനിച്ചത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായാണ് ലോകകപ്പ്.

Similar News