ഇംഗ്ലണ്ടിന് ഓസിസിന്റെ ബാസ്‌ബോള്‍ മറുപടി; ആഷസ് പരമ്പരയിലെ ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ രണ്ടാം ദിനം ഒന്നാം ഇന്നിംഗ്‌സ് ലീഡ് എടുത്ത് ആതിഥേയര്‍; 73 ഓവറില്‍ 5.18 ശരാശരിയില്‍ അടിച്ചുകൂട്ടിയത് 378 റണ്‍സ്
ബ്രിസ്‌ബേന്‍: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് നിര്‍ണായക ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 334 റണ്‍സിന് മറുപടിയായി ഓസ്‌ട്രേലിയ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 378 റണ്‍സെടുത്തിട്ടുണ്ട്. ജെയ്ക്ക് വെതറാള്‍ഡ്, മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവന്‍ സ്മിത്ത് എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 46 റണ്‍സോടെ അലക്‌സ് ക്യാരിയും 15 റണ്‍സുമായി മൈക്കല്‍ നേസറും ക്രീസില്‍. നാലു വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് 44 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുണ്ട്.
ബാസ്‌ബോള്‍ ശൈലിയില്‍ തിരിച്ചടിച്ച ഓസീസ് 73 ഓവറില്‍ 5.18 ശരാശരിയിലാണ് 378 റണ്‍സടിച്ചത്. 72 റണ്‍സെടുത്ത ഓപ്പണര്‍ ജേക്ക് വെതറാള്‍ഡാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മാര്‍നസ് ലാബുഷെയ്ന്‍ 65 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് 61 റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി ബ്രെയ്ഡന്‍ കാര്‍സ് മൂന്നും ബെന്‍ സ്റ്റോക്‌സ് രണ്ടും വിക്കറ്റെടുത്തു.
ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ഒന്‍പത് റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. 334 റണ്‍സിന് ടീം പുറത്തായി. 138 റണ്‍സെടുത്ത ജോ റൂട്ട് പുറത്താവാതെ നിന്നു. ജൊഫ്ര ആര്‍ച്ചറാണ്(38) രണ്ടാം ദിനം പുറത്തായത്.
പിന്നാലെ ആദ്യ ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഓസീസിന്റേത് മികച്ച തുടക്കമായിരുന്നു. മുന്‍നിര ബാറ്റര്‍മാരെല്ലാം ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും ജെയ്ക്ക് വെതറാള്‍ഡും ഒന്നാം വിക്കറ്റില്‍ 77 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഹെഡ് 33 റണ്‍സെടുത്ത് പുറത്തായി. വെതറാള്‍ഡ്(72), മാര്‍നസ് ലബുഷെയ്ന്‍(65), സ്റ്റീവന്‍ സ്മിത്ത്(61) എന്നിവര്‍ അര്‍ധസെഞ്ചുറി തികച്ചതോടെ ഓസീസ് 250- കടന്നു. കാമറൂണ്‍ ഗ്രീന്‍ 45 റണ്‍സും ജോഷ് ഇംഗ്ലിസ് 23 റണ്‍സുമെടുത്ത് പുറത്തായി.
ഓസീസിനായി ഓപ്പണര്‍മാരായ ജേക്ക് വെതറാള്‍ഡും ട്രാവിസ് ഹെഡും ചേര്‍ന്ന് മിന്നുന്ന തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 79 പന്തില്‍ 77 റണ്‍സടിച്ചു. ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ ട്രാവിസ് ഹെഡിനെ ജാമി സ്മിത്ത് തുടക്കത്തിലെ കൈവിട്ടത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ഹെഡ് മടങ്ങിയശേഷം ക്രീസിലെത്തിയ ലാബുഷെയ്‌നും വെതറാള്‍ഡിനൊപ്പം നിലയുറപ്പിച്ചതോടെ അതിവേഗം സ്‌കോര്‍ ചെയ്ത ഓസീസ് ഓവറില്‍ 6 റണ്‍സിന് മുകളില്‍ അടിച്ച് 100 കടന്നു. 45 പന്തിലാണ് വെതറാള്‍ഡ് കന്നി ടെസ്റ്റ് അര്‍ധസെഞ്ചുറി തികച്ചത്.
കാര്‍സിനെ(72) ആര്‍ച്ചര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയെങ്കിലും ലാബുഷെയ്‌നും സ്മിത്തും ചേര്‍ന്ന് ഓസീസിനെ മികച്ച നിലയിലെത്തിച്ചു. 65 റണ്‍സെടുത്ത ലാബുഷെയ്‌നിനെ സ്റ്റോക്‌സ് മടക്കിയശേഷം ക്രീസിലെത്തിയ കാമറൂണ്‍ ഗ്രീനും സ്മിത്തും ചേര്‍ന്ന് 95റണ്‍സ് കൂട്ടുകെട്ടിലൂടെ ഓസീസിനെ ശക്തമായ നിലയിലെത്തിച്ചു. നാലു റണ്‍സിന്റെ ഇടവേളയില്‍ ഗ്രീനിനെയും(45), സ്മിത്തിനെയും(61) കാര്‍സ് മടക്കിയെങ്കിലും അലക്‌സ് ക്യാരിയും ജോഷ ഇംഗ്ലിസും ചേര്‍ന്ന് ഓസീസിന് ലീഡ് സമ്മാനിച്ചു. റണ്‍സെടുക്കും മുമ്പെ ക്യാരി നല്‍കിയ അനായാസ ക്യാച്ച് സ്ലിപ്പില്‍ ബെന്‍ ഡക്കറ്റ് കൈവിട്ടത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ജോഷ് ഇംഗ്ലിസിനെ സ്റ്റോക്‌സ് മടക്കിയെങ്കിലും നേസര്‍ക്കൊപ്പം ക്യാരി ഓസീസിനെ 378 റണ്‍സിലെത്തിച്ചു. നേസര്‍ നല്‍കിയ ക്യാച്ച് കാര്‍സും കൈവിട്ടിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും 17 ഓവറില്‍ 113 റണ്‍സ് വഴങ്ങിയ കാര്‍സാണ് ഇംഗ്ലണ്ട് നിരയില്‍ ഏറ്റവും കൂടുതല്‍ പ്രഹരമേറ്റുവാങ്ങിയത്.
നേരത്തെ 9 വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് 334 റണ്‍സിന് ഓള്‍ ഔട്ടായി. തകര്‍ത്തടിച്ച ജോഫ്ര ആര്‍ച്ചറെ മാര്‍നസ് ലാബുഷെയ്‌നിന്റെ പന്തില്‍ ബ്രണ്ടന്‍ ഡോഗെറ്റ് തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കിയാണ് ഇംഗ്ലണ്ട് ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്. ജോ റൂട്ട് 138 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന വിക്കറ്റില്‍ ജോഫ്ര ആര്‍ച്ചര്‍-ജോ റൂട്ട് സഖ്യം 58 പന്തില്‍ 70 റണ്‍സാണ് അടിച്ചെടുത്തത്. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് ആറ് വിക്കറ്റെടുത്തു.
