ഏകദിന കരിയറിലെ കന്നി സെഞ്ചുറിയുമായി ജയ്‌സ്വാള്‍; മിന്നുന്ന അര്‍ധസെഞ്ചുറികളുമായി രോഹിത്തും കോലിയും; ഇരുവര്‍ക്കുമൊപ്പം സെഞ്ചുറി കൂട്ടുകെട്ടും; മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ ഒന്‍പത് വിക്കറ്റിന് കീഴടക്കി; ഇന്ത്യക്ക് ആധികാരിക ജയം, പരമ്പര
വിശാഖപട്ടണം: ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ കന്നി ഏകദിന സെഞ്ചുറിയുടെയും മുന്‍ നായകന്‍മാരായ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും അര്‍ധസെഞ്ചുറികളുടെയും കരുത്തില്‍ ഇന്ത്യക്ക് അവിസ്മരണീയ ജയം. മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ ഒന്‍പത് വിക്കറ്റിന് തകര്‍ത്ത ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 271 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 39.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. 61 പന്തുകള്‍ ശേഷിക്കെ ഒന്‍പത് വിക്കറ്റിന്റെ ആധികാരിക ജയമാണ് കെ എല്‍ രാഹുലും സംഘവും സ്വന്തമാക്കിയത്. 116 റണ്‍സുമായി ജയ്‌സ്വളും 65 റണ്‍സുമായി കോലിയും പുറത്താകാതെ നിന്നപ്പോള്‍ 75 റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ജയത്തോടെ മൂന്ന് മത്സര പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. സ്‌കോര്‍ ദക്ഷിണാഫ്രിക്ക 47.5 ഓവറില്‍ 270ന് ഓള്‍ ഔട്ട്, ഇന്ത്യ 39.5 ഓവറില്‍ 271-1.
മത്സരത്തില്‍ രോഹിത് ശര്‍മ്മ 20,000 അന്താരാഷ്ട്ര റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡും സ്വന്തമാക്കി. നേരത്തെ, 270 റണ്‍സിന് ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കിയതില്‍ നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തിയത് പ്രസിദ്ധ് കൃഷ്ണയും കുല്‍ദീപ് യാദവുമാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം പതിവിന് വിപരീതമായി ഇത്തവണ ടോസും ഇന്ത്യയെ തുണച്ചിരുന്നു. തുടര്‍ച്ചയായ 20 ഏകദിന മത്സരങ്ങളിലെ ടോസ് നഷ്ടത്തിന് ശേഷമാണ് ഇന്ത്യന്‍ ക്യാപ്റ്റന് അനുകൂലമായി ടോസ് വീഴുന്നത്. ടോസ് നേടിയ കെ.എല്‍.രാഹുല്‍ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ സെഞ്ചുറിയുടെ (106) ബലത്തിലാണ് പ്രോട്ടീസ് പൊരുതാവുന്ന സ്‌കോറിലേക്കെത്തിയത്. 46 എടുത്ത ക്യാപ്റ്റന്‍ ബാവുമയും ചെറുത്ത്‌നില്‍പ്പ് നടത്തി. 47.5 ഓവറിലാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് അവസാനിപ്പിച്ചത്.
ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 271 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്കായി രോഹിത് ശര്‍മയും യശസ്വി ജയ്‌സ്വാളും കരുതലോടെയാണ് തുടങ്ങിയത്. തുടക്കിത്തില്‍ ജയ്‌സ്വാള്‍ താളം കണ്ടെത്താന്‍ പാടുപെട്ടപ്പോള്‍ രോഹിത്തിനായിരുന്നു സ്‌കോറിംഗിന്റെ ചുമതല. ആദ്യ മൂൂന്നോവറില്‍ 10 റണ്‍സ് മാത്രമെടുത്ത ഇന്ത്യ നാലാം ഓവറിലാണ് ആദ്യ ബൗണ്ടറി നേടുന്നത്. എന്‍ഗിഡിയുടെ പന്തില്‍ രോഹിത്തിന്റെ വകയായിരുന്നു ആദ്യ ബൗണ്ടറി.
പിന്നാലെ യാന്‍സനെ ബൗണ്ടറി കടത്തി ജയ്‌സ്വാളും ഫോമിലായി. അഞ്ചാം ഓവറില്‍ എന്‍ഗിഡിയെ സിക്‌സിന് പറത്തിയ ജയ്‌സ്വാള്‍ കരുത്തുകാട്ടിയപ്പോള്‍ എന്‍ഗിഡിക്കെതിരെ തന്നെ സിക്‌സ് അടിച്ച് രോഹിത്തും ടോപ് ഗിയറിലായി. ആദ്യ പവര്‍ പ്ലേ പൂര്‍ത്തിയായപ്പോള്‍ 48 റണ്‍സായിരുന്നു ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡില്‍. വ്യക്തിഗത സ്‌കോര്‍ 27 പിന്നിട്ടതോടെ രോഹിത് രാജ്യാന്തര ക്രിക്കറ്റില്‍ 20000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടു.
54 പന്തില്‍ രോഹിത് അര്‍ധസെഞ്ചുറി തികച്ചപ്പോള്‍ 20-ാം ഓവറില്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 100 കടന്നു. പിന്നാലെ കോര്‍ബിന്‍ ബോഷിന്റെ തുടര്‍ച്ചയായ ഓവറുകളില്‍ രോഹിത് സിക്‌സ് പറത്തി. പിന്നാലെ ജയ്‌സ്വാള്‍ 75 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി.26ാം ഓവറില്‍ ഇന്ത്യ 150 കടന്നതിന് പിന്നാലെ മഹാരാജിനെ സിക്‌സിന് പറത്താനുള്ള ശ്രമത്തില്‍ രോഹിത് മടങ്ങി. പിന്നീടെത്തിയ വിരാട് കോലിയും ആക്രമിച്ചു കളിക്കാനാണ് ശ്രമിച്ചത്. കോര്‍ബിന്‍ ബോഷെറിഞ്ഞ 34-ാം ഓവറില്‍ ഫോറും സിക്‌സും പറത്തി കോലി തകര്‍ത്തടിച്ചപ്പോള്‍ അര്‍ധസെഞ്ചുറിക്ക് ശേഷം ജയ്‌സ്വാളും ഗിയര്‍ മാറ്റി. 111 പന്തില്‍ ജയ്‌സ്വാള്‍ കന്നി ഏകദിന സെഞ്ചുറി തികച്ചു. അര്‍ധസെഞ്ചുറിയില്‍ നിന്ന് സെഞ്ചുറിയിലേക്ക് 36 പന്തുകള്‍ മാത്രമാണ് ജയ്‌സ്വാള്‍ എടുത്തത്. ഏകദിനത്തിലും സെഞ്ചുറി നേടിയതോടെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടുന്ന ആറാമത്തെ മാത്രം ഇന്ത്യന്‍ താരമായി ജയ്‌സ്വാള്‍.
സെഞ്ചുറിക്ക് ശേഷം തകര്‍ത്തടിച്ച ജയ്‌സ്വാളും 40 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച കോലിയും ചേര്‍ന്ന് പിന്നീട് അതിവേഗം ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കി. ജയ്‌സ്വാള്‍ 121 പന്തില്‍ 116 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ കോലി 45 പന്തില്‍ 65 റണ്‍സുമായി പുറത്താകാതെ നിന്നു. 12 ഫോറും രണ്ട് സിക്‌സും അടങ്ങുന്നതാണ് ജയ്‌സ്വാളിന്റെ ഇന്നിംഗ്‌സ്. കോലി ആറ് ഫോറും മൂന്ന് സിക്‌സും പറത്തിയപ്പോള്‍ 75 റണ്‍സടിച്ച് പുറത്തായ രോഹിത് ഏഴ് ഫോറും മൂന്ന് സിക്‌സും പറത്തി.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നല്ല തുടക്കത്തിനുശേഷം തകര്‍ന്നടിഞ്ഞ് 47.5 ഓവറില്‍ 267 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 89 പന്തില്‍ 106 റണ്‍സടിച്ച ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ടെംബാ ബാവുമ 48 റണ്‍സടിച്ചപ്പോള്‍ ഡെവാള്‍ഡ് ബ്രെവിസ് 29ഉം മാത്യു ബ്രെറ്റ്‌സ്‌കി 24ഉം റണ്‍സെടുത്തു. ഇന്ത്യക്കായി കുല്‍ദീപ് യാദവും പ്രസിദ്ധ് കൃഷ്ണയും നാല് വിക്കറ്റ് വീതമെടുത്തു.
