സഞ്ജു ഇന്ന് ഇറങ്ങുമോ? ബാറ്റിങ് 'വെടിക്കെട്ടി'നായി പ്രതീക്ഷയോടെ ആരാധകര്‍; ലോകകപ്പിന്റെ മുന്നൊരുക്കം; ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി 20 മത്സരം ഇന്ന്

Update: 2025-12-09 04:50 GMT

കട്ടക്ക്: ഇന്ത്യ - ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ ട്വന്റി 20 മത്സരം ഇന്ന്. കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍. ലോകകപ്പിന് മുമ്പ് ആകെ പത്ത് മത്സരങ്ങളാണ് ഇന്ത്യക്കുള്ളത്. ശേഷിച്ച അഞ്ച് കളി ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെയാണ്. ഈ ടീം തന്നെയായിരിക്കും ലോകകപ്പിലും കളിക്കുകയെന്ന് സെലക്ഷന്‍ സമിതി വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ്.

2024ലെ ടി20 ലോകകപ്പ് ഫൈനലിന് ശേഷം രണ്ട് ദിശയിലേക്ക് സഞ്ചരിച്ച ടീമുകളാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും. ദക്ഷിണാഫ്രിക്കയെ ഏഴ് റണ്ണിന് നാടകീയമായി തോല്‍പിച്ച് ലോകകിരീടം നേടിയ ഇന്ത്യ, ചാമ്പ്യന്‍മാര്‍ക്കൊത്ത പ്രകടനവുമായി മുന്നോട്ട്. ലോകകപ്പിന് ശേഷം കളിച്ച മുപ്പത് കളിയില്‍ ഇരുപത്തിയാറിലും ഇന്ത്യക്ക് ജയം. ദക്ഷിണാഫ്രിക്കയാവട്ടേ 25 കളിയില്‍ പതിനാറിലും തോറ്റു.

ജയിക്കാനായത് ഒന്‍പതില്‍ മാത്രം. അടുത്ത വര്‍ഷത്തെ ലോകപ്പിന് രണ്ടുമാസം മാത്രംബാക്കി നില്‍ക്കേ പഴുതുകളെല്ലാം അടയ്ക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ദക്ഷിണാഫ്രിക്കയ്ക്ക് ആവട്ടേ പരിഹരിക്കാന്‍ കാര്യങ്ങള്‍ ഏറെയുണ്ട്. പരിക്കില്‍നിന്ന് മുക്തരായ ഹാര്‍ദിക് പണ്ഡ്യയും ശുഭ്മന്‍ ഗില്ലും ഇന്ത്യന്‍ നിരയില്‍ തിരിച്ചെത്തും. വിക്കറ്റ് കീപ്പറായി സഞ്ജു സാംസണോ അതോ ജിതേഷ് ശര്‍മ്മയോ എന്നതിലാണ് ആകാംക്ഷ. ഓസ്ട്രേലിയന്‍ പര്യടനത്തിലെ അവസാന രണ്ട് കളിയില്‍ സഞ്ജുവിന് പകരം ടീമിലെത്തിയത് ജിതേഷ് ശര്‍മ്മ.

ജസ്പ്രീത് ബുംറയുടെ വേഗ പന്തുകള്‍ക്കൊപ്പം കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍ സ്പിന്‍ത്രയമാവും കളിയുടെ ഗതി നിശ്ചയിക്കുക. ഡെവാള്‍ഡ് ബ്രേവിസിന്റെ ബാറ്റിലേക്കാണ് ദക്ഷിണാഫ്രിക്ക ഉറ്റു നോക്കുന്നത്. ക്യാപ്റ്റന്‍ മാര്‍ക്രം, ക്വിന്റണ്‍ ഡി കോക്ക്, മില്ലര്‍, സ്റ്റബ്സ് എന്നിവരുടെ പ്രകടനവും നിര്‍ണായകമാവും. മഞ്ഞു വീഴ്ചയുള്ളതിനാല്‍ ടോസ് നേടുന്നവര്‍ ബൗളിംഗ് തെരഞ്ഞെടുക്കാന്‍ സാധ്യത.

ഓപ്പണിങ് നിരയില്‍ മാറ്റമുണ്ടാകില്ലെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കിയിരുന്നു. മികച്ച ഫോമിലുള്ള അഭിഷേക് ശര്‍മയ്ക്കൊപ്പം ഗില്‍ ഇറങ്ങും. അഭിഷേകിന്റെ ബാറ്റിലാണ് ഇന്ത്യയുടെ പ്രതീക്ഷ. അതേസമയം, ക്യാപ്റ്റന്‍ സൂര്യകുമാറിന് താളം കണ്ടെത്താനാകാത്തത് ആശങ്കയാണ്. ഹാര്‍ദിക് തിരിച്ചെത്തുന്നതോടെ പേസ് നിര സമ്പൂര്‍ണമാകും. പ്രധാനപേസര്‍ ജസ്പ്രീത് ബുമ്രയുമുണ്ട്.

ഇന്ത്യ സാധ്യതാ ടീം:

അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്.

Similar News