'പണത്തിനായി പാക്കിസ്ഥാന്റെ അഭിമാനം ഇന്ത്യയുടെ കാല്‍ക്കല്‍വച്ചു; രാജ്യാന്തരതലത്തില്‍ തന്നെ നാണക്കേടിലായി; എന്തിനാണ് പിസിബി ഇങ്ങനെ നാണം കെടുന്നത്'; ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കാനുള്ള പാക്ക് ടീമിന്റെ തീരുമാനത്തില്‍ വിമര്‍ശനവുമായി അഫ്രീദി
ലഹോര്‍: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ സമ്മര്‍ദത്തിനു വഴങ്ങി, ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കാന്‍ സമ്മതിച്ചതില്‍ പാക്ക് ക്രിക്കറ്റ് ബോര്‍ഡിനെതിരെ കടുത്ത വിമര്‍ശനവുമായി പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. പാക്കിസ്ഥാന്റെ അഭിമാനം പിസിബി ഇന്ത്യയുടെ കാല്‍ക്കീഴില്‍ വച്ചതായി ഷാഹിദ് അഫ്രീദി ഒരു ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിച്ചു.
''എന്തിനാണ് പിസിബി ഇങ്ങനെ നാണം കെടുന്നത്. നിങ്ങള്‍ക്കു ലോകകപ്പ് കളിക്കണമെങ്കില്‍ കളിക്കു, ഇല്ലെങ്കില്‍ വേണ്ട. ഇപ്പോള്‍ പാക്കിസ്ഥാന്റെ അഭിമാനം ഇന്ത്യയുടെ കാലില്‍കൊണ്ടു വച്ചിരിക്കുകയാണ്. പണത്തിനായി പാക്കിസ്ഥാന്റെ അഭിമാനമാണു വിറ്റത്. രാജ്യാന്തരതലത്തില്‍ തന്നെ നാണക്കേടിലായി.''ഷാഹിദ് അഫ്രീദി ആഞ്ഞടിച്ചു. നാലു ഗുജറാത്തികള്‍ ചേര്‍ന്നാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും അഫ്രീദി ആരോപിച്ചു.
ഐസിസിയും ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡും മണിക്കൂറുകളോളം ചര്‍ച്ച നടത്തിയശേഷമാണ് ഇന്ത്യക്കെതിരായ മത്സരത്തില്‍ കളിക്കാമെന്ന് പാക്കിസ്ഥാന്‍ സമ്മതിച്ചത്. ഫെബ്രുവരി 15ന് കൊളംബോയിലാണ് ഇന്ത്യ പാക്ക് പോരാട്ടം നടക്കേണ്ടത്.
ബഹിഷ്‌കരണ തീരുമാനത്തില്‍നിന്നു പിന്മാറുന്നതായി പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലാണ് അറിയിച്ചത്. ''ബഹുകക്ഷി ചര്‍ച്ചകളിലെ തീരുമാനങ്ങളും സൗഹൃദ രാജ്യങ്ങളുടെ അഭ്യര്‍ഥനയും കണക്കിലെടുത്ത്, ട്വന്റി20 ലോകകപ്പില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന മത്സരത്തിനായി 2026 ഫെബ്രുവരി 15 ന് പാക്കിസ്ഥാന്‍ ദേശീയ ക്രിക്കറ്റ് ടീമിനോട് കളത്തിലിറങ്ങാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഇതിനാല്‍ നിര്‍ദേശിക്കുന്നു.'' വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ബഹിഷ്‌കരണ തീരുമാനത്തില്‍നിന്നു പിന്മാറണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് മേധാവി അമിനുല്‍ ഇസ്ലാം പിസിബക്കു കത്ത് നല്‍കിയിരുന്നു. ലോകകപ്പിന്റെ സഹആതിഥേയരായ ശ്രീലങ്കയുടെ പ്രസിഡന്റ് അനുര കുമാര ദിസനായകെയും ഇതേ ആവശ്യം ഉന്നയിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ ഫോണില്‍ വിളിച്ചു. നിലവിലെ പ്രതിസന്ധി രമ്യമായി പരിഹരിക്കണമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ്, പാക്ക് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.
