ഏകദിന പരമ്പരയ്ക്കു പിന്നാലെ ലണ്ടനിലേക്കു മടങ്ങി വിരാട് കോലി; വിമാനത്താവളത്തില്‍ വളഞ്ഞ ആരാധകര്‍ക്ക് ഒപ്പം സെല്‍ഫി; വിജയ് ഹസാരേ ട്രോഫിയില്‍ കളിക്കാനായി തിരിച്ചെത്തും

Update: 2025-12-09 12:24 GMT

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര പൂര്‍ത്തിയായതിന് പിന്നാലെ വിരാട് കോലി ലണ്ടനിലേക്ക് മടങ്ങി. മുംബൈ വിമാനത്താവളത്തില്‍ നിന്നായിരുന്നു കോലിയുടെ മടക്കയാത്ര. മക്കളായ വാമികയുടേയും അകായിയുടേയും സ്വകാര്യതയ്ക്കായി കോലിയും ഭാര്യ അനുഷ്‌ക ശര്‍മ്മയും ലണ്ടനിലാണിപ്പോള്‍ താമസിക്കുന്നത്. ഈമാസം പതിനൊന്നിനാണ് കോലിയുടേയും അനുഷ്‌കയുടേയും എട്ടാം വിവാഹവാര്‍ഷികം.

ഈമാസം 24ന് തുടങ്ങുന്ന വിജയ് ഹസാരേ ട്രോഫിയില്‍ കളിക്കാനായി കോലി തിരിച്ചെത്തും. ഡല്‍ഹി ടീമിനായി ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുമെന്ന് കോലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ടെസ്റ്റ് , ടി20 ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച കോലി ഇപ്പോള്‍ ഏകദിനത്തില്‍ മാത്രമാണ് കളിക്കുന്നത്. ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന് ബിസിസിഐ കര്‍ശനമായി ആവശ്യപ്പട്ടതോടെയാണ് കോലിയും രോഹിത്തും വിജയ് ഹസാരേ ട്രോഫിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചത്.

ട്വന്റി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍നിന്നു വിരമിച്ച ശേഷം ലണ്ടനിലെ വീട്ടിലാണ് വിരാട് കുടുംബത്തോടൊപ്പം കഴിയുന്നത്. ലണ്ടനിലേക്കു പോകാന്‍ മുംബൈ വിമാനത്താവളത്തിലെത്തിയ കോലിയെ ആരാധകര്‍ വളഞ്ഞു. ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുത്ത ശേഷമാണ് ഇന്ത്യന്‍ സൂപ്പര്‍ താരം മടങ്ങിയത്. മത്സരങ്ങള്‍ക്കു വേണ്ടി കോലി ഇന്ത്യയിലെത്തിയപ്പോഴും ഭാര്യ അനുഷ്‌ക ശര്‍മയും മക്കളും യുകെയില്‍ തന്നെ തുടരുകയായിരുന്നു.

ഡിസംബര്‍ 11നാണ് കോലിയുടേയും അനുഷ്‌കയുടേയും വിവാഹവാര്‍ഷികം. അതിനു മുന്നോടിയായാണു താരം ലണ്ടനിലേക്കു മടങ്ങിപ്പോകുന്നത്. മാസങ്ങളായി ലണ്ടനിലാണു താമസിക്കുന്നതെങ്കിലും സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ താരത്തിന്റെ വീട് എവിടെയാണെന്ന വിവരം പുറത്തുവന്നിട്ടില്ല. ഇന്ത്യയിലെ തിരക്കില്‍നിന്നും ഒഴിഞ്ഞുമാറി മക്കളെ വളര്‍ത്തുന്നതിനാണ് സൂപ്പര്‍ താരവും ഭാര്യയും വിദേശത്തേക്കു പോയതെന്നു കോലിയുടെ അടുത്ത സുഹൃത്തുക്കള്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു.

ഡല്‍ഹിക്കു വേണ്ടി വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ തയാറാണെന്ന് കോലി നേരത്തേ ബിസിസിഐയെ അറിയിച്ചിരുന്നു. ഡിസംബര്‍ 24നാണ് വിജയ് ഹസാരെ മത്സരങ്ങള്‍ക്കു തുടക്കമാകുന്നത്. ഡല്‍ഹിക്കായി ഏതാനും മത്സരങ്ങളില്‍ മാത്രമാകും താരം കളിക്കാനിറങ്ങുക. ഏകദിന ഫോര്‍മാറ്റില്‍ തകര്‍പ്പന്‍ ഫോം തുടരുന്ന കോലി 2027 ലോകകപ്പ് വരെ ടീമിനൊപ്പം ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ രണ്ടു മത്സരങ്ങളില്‍ സെഞ്ചറികള്‍ (135,102) നേടിയ കോലി, മൂന്നാം ഏകദിനത്തില്‍ അര്‍ധ സെഞ്ചറിയും സ്വന്തമാക്കിയിരുന്നു.

കോലി പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരമായതിനൊപ്പം പരമ്പരയുടെ താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷത്തിനിടെ ആദ്യമായാണ് താന്‍ ഇത്രയും ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുന്നതെന്ന് കോലി പരമ്പര നേട്ടത്തിനുശേഷം പറഞ്ഞിരുന്നു.

Similar News