എം എസ് കെ പ്രസാദിന്റെ ത്രീ ഡൈമന്‍ഷനല്‍ പ്ലേയര്‍; ഏകദിന ലോകകപ്പ് താരം; ഇന്ത്യക്കായി കളിച്ചത് 12 ഏകദിനങ്ങളും 9 ട്വന്റി 20യും; അണ്‍ ക്യാപ്ഡ് കളിക്കാരനായി ഇനി ഐപിഎല്‍ താരലേലത്തിന്

Update: 2025-12-10 08:20 GMT

മുംബൈ: ഇന്ത്യയ്ക്കായി ഏകദിന ലോകകപ്പില്‍ കളിച്ചിട്ടും അണ്‍ ക്യാപ്ഡ് താരമായി ഐപിഎല്‍ താരലേലത്തിന് ഒരുങ്ങുകയാണ് ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍. ഐപിഎല്‍ മിനി താരലേലത്തിനുള്ള 350 താരങ്ങളുടെ പട്ടിക ഇന്നലെ പുറത്തുവിട്ടപ്പോള്‍ വിജയ് ശങ്കറിന്റെ പേര് അണ്‍ ക്യാപ്ഡ് താരങ്ങളുടെ പട്ടികയില്‍ കണ്ടപ്പോള്‍ ആരാധകര്‍ പോലും ഞെട്ടിപ്പോയി. ഇന്ത്യന്‍ കുപ്പായത്തില്‍ 12 ഏകദിനങ്ങളിലും 9 ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ടെങ്കിലും അണ്‍ ക്യാപ്ഡ് താരങ്ങളുടെ പട്ടികയിലാണ് ഇത്തവണ വിജയ് ശങ്കറിന്റെ പേരുള്ളത്. സാധാരഗതിയില്‍ ദേശീയ ടീമിനായി ഒരു മത്സരം പോലും കളിക്കാത്ത താരങ്ങളെ മാത്രമാണ് അണ്‍ ക്യാപ്ഡ് താരങ്ങളുടെ ലിസ്റ്റില്‍ ഇടം നല്‍കാറുള്ളത്. എന്തുകൊണ്ട് വിജയ് ശങ്കര്‍ അണ്‍ ക്യാപ്ഡ് പ്ലയര്‍ ആയെന്ന കാര്യം ഏറെ കൗതുകകരമാണ്.

2019ലെ ഏകദിന ലോകകപ്പില്‍ അംബാട്ടി റായഡുവിന് പകരം ഇന്ത്യക്കായി കളിച്ച താരം കൂടിയാണ് തമിഴ്‌നാട് താരമായ വിജയ് ശങ്കര്‍. ചീഫ് സെലക്ടറായിരുന്ന എം എസ് കെ പ്രസാദ് ശങ്കറെ ത്രീ ഡൈമന്‍ഷനല്‍ പ്ലേയര്‍ എന്നായിരുന്നു വിശേഷിപ്പിച്ചത്. എന്നിട്ടും ഇന്ത്യക്കായി ഇത്രയും മത്സരങ്ങള്‍ കളിച്ചിട്ടും വിജയ് ശങ്കര്‍ എങ്ങനെ അണ്‍ ക്യാപ്ഡ് താരങ്ങളുടെ പട്ടികയില്‍ എത്തി എന്നതായിരുന്നു ആരാധകരുടെ സംശയം. എന്നാല്‍ ഇതിന് കാരണം ഐപിഎല്ലിലെ പുതിയ നിയമ മാറ്റമാണെന്നാണ് വസ്തുത. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ മെഗാ താരലേലലം മുതലാണ് പുതിയ നിയമം ഐപിഎല്ലില്‍ നടപ്പാക്കിയത്.

ഇത് അനുസരിച്ച് അവസാന അഞ്ച് വര്‍ഷങ്ങളില്‍ ദേശീയ ടീമിനായി കളിക്കാത്ത താരങ്ങളെ അണ്‍ ക്യാപ്ഡ് താരങ്ങളായി ലേലത്തില്‍ പരിഗണിക്കും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ടെസ്റ്റ്, ഏകദിന, ടി20 ടീമുകളില്‍ ദേശീയ ടീമിന്ററെ പ്ലേയിംഗ് ഇലവനില്‍ എത്താത്ത താരങ്ങളെയാണ് ഇത്തരത്തില്‍ പരിഗണിക്കുക. ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രമായിരിക്കും ഈ പരിഗണന ലഭിക്കുകയെന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു. ദീര്‍ഘകാലമായി ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തു നില്‍ക്കുന്ന വിജയ് ശങ്കര്‍ 2019ലെ ലോകകപ്പിലാണ് അവസാനമായി ഇന്ത്യക്കായി കളിച്ചത്.

കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായിരുന്ന ശങ്കറിന് കാര്യമായി തിളങ്ങാനായിരുന്നില്ല. 1.2 കോടി രൂപക്കായിരുന്നു ചെന്നൈ കഴിഞ്ഞ സീസണില്‍ ശങ്കറെ ടീമിലെത്തിച്ചത്. കരിയറില്‍ ചെന്നൈക്ക് പുറമെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകള്‍ക്കായും ശങ്കര്‍ കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ഏഴ് അര്‍ധസെഞ്ചുറികളടക്കം 129.78 സ്‌ട്രൈക്ക് റേറ്റില്‍ 1233 റണ്‍സും 9 വിക്കറ്റുമാണ് മീഡിയം പേസ് ഓള്‍ റൗണ്ടറായ ശങ്കറുടെ സമ്പാദ്യം.

Similar News